‘ചെസ്സിന്റെ എബിസിഡി പോലും അറിയില്ല’; മല്ലിക ഷെരാവത്തിന്റെ ചിത്രത്തിന് ട്രോള്‍ മഴ

Advertisement

മല്ലിക ഷെരാവത്ത് ചെസ് കളിക്കുന്ന ചിത്രത്തിനെതിരെയുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ശ്രദ്ധയോടെ ചെസ് കളിക്കുകയാണ് എന്ന തരത്തിലുള്ള ചിത്രമാണ് മല്ലിക പങ്കുവച്ചത്. ഒറ്റ നോട്ടത്തില്‍ കുഴപ്പമൊന്നും തോന്നില്ലെങ്കിലും ശ്രദ്ധിച്ചു നോക്കിയാല്‍ കാര്യം മനസിലാകും.

‘ശ്രദ്ധയോടെ ചിന്തിച്ച് അടുത്ത നീക്കത്തിനായി നോക്കി ഇരിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചെസിന്റെ എബിസിഡി പോലും അറിയാതെയാണ് നടി ഇതിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആദ്യം കരുക്കള്‍ ക്രമീകരിക്കാന്‍ പഠിക്കൂ, പിന്നീട് കളിക്കു എന്ന ഉപദേശവും പ്രേക്ഷകര്‍ നല്‍കുന്നുണ്ട്.

നടിയുടെ ചിത്രത്തില്‍ കാണുന്ന ചെസ് ബോര്‍ഡില്‍ രണ്ട് മന്ത്രിമാരെ (ക്വീന്‍) കാണാം. ഇത് മാത്രമല്ല കരുക്കള്‍ ഒരുക്കിയിരിക്കുന്നതും തെറ്റായാണ്. തേരും കുതിരയും ആനയുമൊക്കെ നേരെ തിരിച്ചാണ് നീക്കിവച്ചിരിക്കുന്നത്. ഫോട്ടോ ഷെയര്‍ ചെയ്യുന്നതിന് മുമ്പ് കരുക്കള്‍ വയ്‌ക്കേണ്ട രീതിയെങ്കിലും പഠിക്കാമായിരുന്നു എന്നുള്ള കമന്റുകളാണ് ലഭിക്കുന്നത്.

ഹിന്ദി, തമിഴ്, കന്നഡ, ചൈനീസ്, ഇംഗ്ലീഷ് സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്. ഡേര്‍ട്ടി പൊളിട്ടിക്‌സ്, സീനത്ത് എന്നിവയാണ് ഒടുവില്‍ വേഷമിട്ട ചിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷം ബൂ സബ്കി ഫത്തേഹി എന്ന വെബ് സീരിസിലും മല്ലിക വേഷമിട്ടിരുന്നു.