'കങ്കണാ ജീ, ഇത് നിങ്ങളുടെ സ്വന്തം വീട്, വരൂ അഭിമാനത്തോടെ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാം'; നടിയോട് 'കൂ' ആപ്പ്

വിവാദ ട്വീറ്റുകള്‍ പങ്കുവെച്ചതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്. തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ബംഗാളില്‍ നടന്ന അക്രമങ്ങളെ കുറിച്ചും മമത ബാനര്‍ജിയുടെ വിജയത്തെ കുറിച്ചും കങ്കണ പങ്കുവെച്ച വിദ്വേഷ ട്വീറ്റുകളാണ് ട്വിറ്ററിന്റെ നടപടിക്ക് കാരണം.

ഇപ്പോഴിതാ, കങ്കണയെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുകയാണ് ട്വിറ്ററിന് സമാനമായ കൂ ആപ്പ്. “”കങ്കണാ ജീ, ഇത് നിങ്ങളുടെ വീടാണ്, നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ അഭിമാനത്തോടെ എല്ലാവരുമായി പങ്കുവെയ്ക്കാം”” എന്നാണ് കൂ ആപ്പിന്റെ സിഇഒമാരില്‍ ഒരാളായ മായങ്ക് ബിദ്വാഡ്ക പത്രക്കുറിപ്പില്‍ പറയുന്നത്.

അതേസമയം, കങ്കണ ആദ്യമായി കൂ ആപ്പില്‍ പങ്കുവെച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് കൂവിന്റെ സഹസ്ഥാപകനായ അപ്രമേയ രാധാകൃഷ്ണന്‍ പങ്കുവെച്ചിട്ടിട്ടുണ്ട്. ധാക്കഡ് സിനിമയുടെ ലൊക്കേഷനില്‍ നിന്നും എന്ന വാക്കുകളോടെയാണ് കങ്കണ പോസ്റ്റ് പങ്കുവെച്ചത്.

എനിക്ക് ഈ സ്ഥലം പുതിയതാണ്, ശീലമായി വരണം. പക്ഷെ, വാടക വീട് എപ്പോഴും വാടക വീട് തന്നെയാണ്, സ്വന്തം വീട് എന്ത് തന്നെയായാലും സ്വന്തം വീട് തന്നെയും എന്നാണ് കങ്കണ കുറിച്ചത്. കൂ തന്റെ വീട് പോലെയാണെന്ന് അന്ന് പറഞ്ഞത് ശരിയാണെന്ന് പറഞ്ഞാണ് അപ്രേയയുടെ പോസ്റ്റ്.