കത്രീന കൈഫ്- വിക്കി കൗശല്‍ വിവാഹം; ചെലവുകളില്‍ 75 ശതമാനം വഹിക്കുക കത്രീന

കത്രീന കൈഫ്- വിക്കി കൗശല്‍ വിവാഹത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചിരിക്കുകയാണ്. ബോളിവുഡ് ഇന്നോളം സാക്ഷ്യം വഹിക്കാത്ത ആര്‍ഭാട വിവാഹമാണ് രാജസ്ഥാനിലെ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയില്‍ നടക്കുന്നത്. ഈ വിവാഹത്തിന്റെ ചെലവുകള്‍ സംബന്ധിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഈ ആര്‍ഭാട വിവാഹത്തിന്റെ 75 ശതമാനത്തോളം ചെലവും കത്രീന കൈഫ് ആണ് വഹിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 25 ശതമാനം ചെലവ് ആകും വിക്കി കൗശല്‍ വഹിക്കുക. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നേഹ ധൂപിയ, അംഗദ് ബേദി, കബിര്‍ ഖാന്‍, മിനി മാതൂര്‍ തുടങ്ങി ബോളിവുഡിലെ പ്രമുഖര്‍ വളരെ നേരത്തെ തന്നെ വിവാഹ വേദിയിലേക്ക് എത്തിയിട്ടുണ്ട്. നേഹ ധൂപിയ പങ്കുവെച്ച ഫോട്ടോ കത്രീനയുടെ വിവാഹ ആഘോഷങ്ങളില്‍ നിന്നാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വര്‍ഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കല്യാണ ആഘോഷങ്ങള്‍ക്ക് ചൊവ്വാഴ്ചയാണ് തുടക്കമായത്. ഡിസംബര്‍ 9ന് ആണ് വിവാഹം.