കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുന്നു; സന്തോഷം പങ്കുവെച്ച് കരീനയും സെയ്ഫ് അലിഖാനും

രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി കരീന കപൂറും സെയ്ഫ് അലിഖാനും. “ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുന്ന കാര്യം അറിയിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി”” എന്ന് ഇവര്‍ പങ്കുവെച്ച സ്റ്റേറ്റ്‌മെന്റില്‍ വ്യക്തമാക്കി.

കരീന വീണ്ടും ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ച് കരീനയും സെയ്ഫും രംഗത്തെത്തിയിരിക്കുന്നത്. “തഷന്‍” എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് കരീനയും സെയ്ഫും പ്രണയത്തിലാകുന്നത്. 2012-ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2016 ഡിസംബര്‍ 20-നാണ് ഇവര്‍ക്ക് മകന്‍ തൈമൂര്‍ ജനിച്ചത്.

കരീന വീണ്ടും അമ്മയാകുന്ന എന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെ അത് സത്യമാകട്ടെ എന്ന് ആഗ്രഹിക്കുന്നു. പരസ്പരം കമ്പനി നല്‍കാന്‍ രണ്ട് കുട്ടികള്‍ വേണം എന്ന് കരീനയുടെ അച്ഛനും നടനും നിര്‍മ്മാതാവുമായ രണ്‍ധീര്‍ കപൂര്‍ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കിയിരുന്നു.

രണ്ടാമത്തെ കുഞ്ഞിനെ കുറിച്ച് ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇനിയും രണ്ട് വര്‍ഷങ്ങള്‍ കഴിയണം എന്നാണ് കരീന ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. പിന്നീട് താനും സെയ്ഫും തൈമൂറും സന്തോഷമായിരിക്കുന്നു, രണ്ടാമതൊരു കുഞ്ഞിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും കരീന പറഞ്ഞിരുന്നു.