പരസ്യമായ അധിക്ഷേപം; കങ്കണ മാപ്പുപറഞ്ഞേ മതിയാകൂ ഇല്ലെങ്കില്‍ ബഹിഷ്‌കരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍, ക്ഷമ പറഞ്ഞ് നിര്‍മ്മാണ കമ്പനി

കങ്കണയുടെ പുതിയ ചിത്രം ജഡ്ജ്‌മെന്റല്‍ ഹൈ ക്യായുടെ പ്രമോഷന്‍ പരിപാടിയ്ക്കിടെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന് നേരെ നടി തട്ടിക്കയറിയത് വലിയ വാര്‍ത്തയായിരുന്നു. ഇതോടെ നടിയ്‌ക്കെതിരെ എന്റര്‍ടെയ്ന്‍മെന്റ് ജേര്‍ണലിസ്റ്റുകളുടെ സംഘടന ബഹിഷ്‌കരണ ആഹ്വാനവുമായി രംഗത്തെത്തി. മാപ്പ് പറഞ്ഞില്ലെങ്കില്‍ ബോളിവുഡ് താരം കങ്കണ റണാവത്തിനെ ബഹിഷ്‌കരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍. പ്രമുഖ നിര്‍മ്മാതാവ് ഏക്താ കപൂറിനോടാണ് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
തുടര്‍ന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ബാലാജി ടെലിഫിലിംസ് മാപ്പ് പറഞ്ഞ് കൊണ്ട് രംഗത്ത് വരികയായിരുന്നു.

ഉറി ആക്രമണത്തിന് ശേഷം ശബ്നം ആസ്മി പാകിസ്ഥാനില്‍ പരിപാടി സംഘടിപ്പിച്ചതിനെതിരെ വിമര്‍ശനമുന്നയിച്ച കങ്കണ എന്തുകൊണ്ടാണ് മണികര്‍ണിക പാകിസ്ഥാനില്‍ റിലീസ് ചെയ്തതെന്ന ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകന് നേരെയായിരുന്നു നടിയുടെ അധിക്ഷേപം.

തന്റെ സിനിമയെ മന:പൂര്‍വം അപമാനിക്കുകയാണെന്നും താനുമായി സിനിമയ്ക്ക് വേണ്ടി ഈ മാധ്യമ പ്രവര്‍ത്തകന്‍ മൂന്ന്് മണിക്കൂറോളം വാനില്‍ അഭിമുഖം നടത്തിയെന്നും ഒരുമിച്ച് ഉച്ച ഭക്ഷണം കഴിച്ചുവെന്നും കങ്കണ ആരോപിച്ചു. അന്ന് തങ്ങള്‍ സുഹൃത്തുക്കളായിരുന്നുവെന്നും പിന്നീട് അവസ്ഥ മാറിയെന്നും കങ്കണ പറഞ്ഞു.

എന്നാല്‍ കങ്കണയുമായി പറയപ്പെടുന്ന രീതിയില്‍ ഒരു രീതിയിലുള്ള അഭിമുഖമോ ഡിന്നര്‍ കഴിച്ചില്ലെന്നും മാധ്യമപ്രവര്‍ത്തകന്‍ വ്യക്തമാക്കി. ഫോണിലൂടെ കങ്കണയുമായി ചാറ്റ് ചെയ്തെന്ന വാദവും നിഷേധിച്ച മാധ്യമ പ്രവര്‍ത്തകന്‍ അത് വ്യക്തമാക്കുന്ന സ്‌ക്രീന്‍ ഷോട്ട് പരസ്യമായി കാണിക്കാന്‍ നടിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.