'തെന്നിന്ത്യന്‍ സിനിമകളെ മലിനമാക്കാന്‍ ബോളിവുഡിനെ അനുവദിക്കില്ല'; വിവാദ പോസ്റ്റുമായി കങ്കണ, വിമര്‍ശനം

വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് കങ്കണ റണാവത്ത്. തെന്നിന്ത്യന്‍ സിനിമകളുടെ വിജയത്തെ കുറിച്ച് കങ്കണ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തെന്നിന്ത്യന്‍ സിനിമകളെ മലിനമാക്കാന്‍ ബോളിവുഡിനെ അനുവദിക്കില്ല എന്ന് കങ്കണ പറയുന്നു

”അവര്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ വേരൂന്നി നില്‍ക്കുന്നു, അവര്‍ അവരുടെ കുടുംബത്തെ സ്നേഹിക്കുന്നു, അവരുടെ ബന്ധങ്ങള്‍ സാമ്പ്രദായികമാണ്, പശ്ചാത്യവല്‍ക്കരിക്കാറില്ല. അവരുടെ തൊഴില്‍പരമായ കഴിവും അഭിനിവേശവും നിസ്തുലമാണ്, അവരെ മലിനമാക്കാന്‍ ബോളിവുഡിനെ അനുവദിക്കില്ല”എന്ന് കങ്കണ പറയുന്നു.

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ, യഷ് ചിത്രം കെ.ജി.എഫ് തുടങ്ങിയവയെ കുറിച്ചുള്ള ഒരു വാര്‍ത്ത ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചാണ് കങ്കണയുടെ വിശദീകരണം. ‘ഊ അണ്ടവാ’ എന്ന ഗാനവും സ്റ്റോറിയുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയി താരം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

നടിയുടെ അഭിപ്രായത്തെ പിന്തുണച്ചും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ രംഗത്തെത്തുന്നുണ്ട്. തെന്നിന്ത്യ, ബോളിവുഡ് എന്നിങ്ങനെ വിഭജിക്കുന്നത് ശരിയല്ലെന്നും പാശ്ചാത്യ സംസ്‌കാരത്തെ വിമര്‍ശിക്കുമ്പോള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് മനോഹരമായ ചലച്ചിത്ര സൃഷ്ടികള്‍ ഉണ്ടാകാറുണ്ടെന്നും വിമര്‍ശകര്‍ പറയുന്നു.