പലരും സമ്മാനങ്ങള്‍ അയച്ച് എന്നെ സന്തോഷിപ്പിക്കുന്നു, ആറു വിരലുള്ളവരുടെ തൊണ്ട വരണ്ടിരിക്കുകയാണ്; ഹൃത്വിക്കിന് എതിരെ വീണ്ടും കങ്കണ, വിമര്‍ശനം

ഹൃത്വിക് റോഷനെതിരെ വീണ്ടും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ നടി കങ്കണ റണാവത്തിനെതിരെ സോഷ്യല്‍ മീഡിയ. കങ്കണ അവതാരകയായി എത്തുന്ന ലോക്കപ്പ് എന്ന ഷോയിലാണ് ഹൃത്വിക്കിനെ താരം പരോക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. തന്റെ വെളിപ്പെടുത്തലുകളെ പലരും ഭയക്കുന്നുണ്ടെന്ന് കങ്കണ പറയുന്നു.

”എന്നോട് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായ സംസാരിക്കാത്തവര്‍ വരെ എന്നെ വിളിക്കുന്നു, സമ്മാനങ്ങള്‍ അയക്കുന്നു, അവരെ ഞാന്‍ വെളിച്ചത്ത് കൊണ്ടു വരുമെന്ന് അവര്‍ ഭയക്കുന്നു. ആളുകള്‍ അവരുടെ അഞ്ച് വിരലുകളും കൂപ്പി മാപ്പ് ചോദിക്കുന്നു. ആറു വിരലുള്ളവരുടെ തൊണ്ട വരണ്ടിരിക്കുകയാണ്” എന്നാണ് കങ്കണ പറഞ്ഞത്.

ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ കങ്കണയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ ആരംഭിച്ചത്. ആറു വിരലുള്ളവര്‍ എന്ന് കങ്കണ പറഞ്ഞത് ഹൃതിക് റോഷനെ ഉദ്ദേശിച്ചാണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. ഹൃതിക്കിന്റെ വലത് കൈയില്‍ ആറു വിരലുകളുണ്ട്.

വര്‍ഷങ്ങളായി ഹൃത്വിക്കിനെ വിടാതെ വേട്ടയാടുന്ന കങ്കണ എന്താണ് ഇതിലൂടെ നേടുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ലോകത്തേറ്റവും അപകടം പിടിച്ച ടോക്‌സിക് എക്‌സാണ് കങ്കണയെന്നും പലരും ട്വീറ്റ് ചെയ്തു. കങ്കണയുടെ ആരോപണങ്ങള്‍ക്കെതിരെ ഹൃത്വിക് പരസ്യമായി ഇതുവരെ രംഗത്ത് വന്നിട്ടില്ല.

2016 മുതലാണ് ഹൃത്വികും കങ്കണയും തമ്മിലുള്ള വിവാദം തുടങ്ങുന്നത്. കൃഷ് 3-യുടെ സെറ്റില്‍ വെച്ച് തങ്ങള്‍ പ്രണയത്തിലായിരുന്നെന്ന് കങ്കണ പറഞ്ഞിരുന്നു. എന്നാല്‍ ഹൃത്വിക് ഇത് നിഷേധിച്ചു. തനിക്ക് കങ്കണയെ അറിയുക പോലുമില്ലെന്നാണ് ഹൃത്വിക് പറഞ്ഞത്. ഇരുവരും തമ്മിലുള്ള നിയമ പോരാട്ടം ഇപ്പോഴും തുടരുകയാണ്.