എല്ലാ മാഫിയ പപ്പുകളും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ട്, തെറ്റിനെ മഹത്വവത്കരിക്കരുത്: കങ്കണ റണാവത്ത്

ലഹരിമരുന്ന് കേസില്‍ കസ്റ്റഡിയിലായ ആര്യന്‍ ഖാന് പിന്തുണയുമായി എത്തിയ ബോളിവുഡ് സിനിമാ താരങ്ങള്‍ക്കെതിരെ നടി കങ്കണ റണാവത്ത്. ആര്യന് ഒരു തുറന്ന കത്തെഴുതി നടന്‍ ഹൃത്വിക് റോഷന്‍ രംഗത്ത് വന്നതിന്റെ തൊട്ടു പിന്നാലെയാണ് കങ്കണയുടെ പ്രതികരണം. തെറ്റിനെ മഹത്വവത്കരിക്കരുത് എന്ന് കങ്കണ പറയുന്നു.

”എല്ലാ മാഫിയ പപ്പുകളും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ട്. എല്ലാവരും തെറ്റും ചെയ്യാറുണ്ട്. പക്ഷേ തെറ്റിനെ മഹത്വവത്കരിക്കരുത്. നമ്മുടെ കര്‍മ്മങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യഘാതം എന്താണെന്ന് തിരിച്ചറിയാന്‍ ഈ നടപടി ആര്യനെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. കുറച്ച് കൂടി നല്ല വ്യക്തിയായി പരിണമിക്കാന്‍ ആര്യന് സാധിക്കട്ടെ.”

”ദുര്‍ബലനായി ഇരിക്കുന്ന ഒരാളെ കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കരുത്. എന്നാല്‍ ഇവിടെ ഈ കുറ്റവാളികള്‍ അയാള്‍ ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പിന്തുണയ്ക്കുന്നു” എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്.

ഇപ്പോഴത്തെ പ്രതിസന്ധികള്‍ നല്ല ഭാവിയിലേക്കുള്ള വഴികാട്ടികളാണെന്നും മോശം അനുഭവങ്ങളെ തള്ളിക്കളയാതെ സ്വീകരിക്കാന്‍ ശ്രമിക്കാനും ഹൃത്വിക് പറയുന്നു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഹൃത്വിക് ആര്യനുള്ള തന്റെ കത്ത് എഴുതിയത്.

ഹൃത്വിക് റോഷനെ കൂടാതെ സല്‍മാന്‍ ഖാന്‍, ആമീര്‍ ഖാന്‍, സുനില്‍ ഷെട്ടി എന്നിവരും ആര്യന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. സല്‍മാന്‍ഖാന്‍ നേരിട്ട് വീട്ടിലെത്തിയാണ് പിന്തുണ അറിയിച്ചത്.