ഏത് കര്‍ഷകരാണ് അവര്‍ക്ക് വേണ്ടി പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസിന് അനുമതി നല്‍കിയത്? ഷൂട്ടിംഗ് തടയാന്‍ എത്തിയവരെ വിമര്‍ശിച്ച് കങ്കണ

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂട്ടിംഗ് തടയാനെത്തിയതിനെ വിമര്‍ശിച്ച് നടി കങ്കണ റണൗട്ട്. മധ്യപ്രദേശില്‍ ഷൂട്ടിംഗ് നടക്കുന്ന ഏറ്റവും പുതിയ ചിത്രം ധാക്കടിന്റെ സെറ്റിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.

“”കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മധ്യപ്രദേശിലെ ഷൂട്ടിംഗ് തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനാല്‍ എനിക്ക് ചുറ്റും പൊലീസ് സംരക്ഷണം വര്‍ദ്ധിപ്പിച്ചു. കര്‍ഷകര്‍ക്ക് വേണ്ടി പ്രതിഷേധിക്കുന്നു എന്നാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പറയുന്നത്. ഏത് കര്‍ഷകരാണ് അവര്‍ക്ക് ആ അധികാരം നല്‍കിയത്. എന്തുകൊണ്ടാണ് അവര്‍ക്ക് സ്വയം പ്രതിഷേധിക്കാന്‍ കഴിയാത്തത്”” എന്നാണ് കങ്കണയുടെ ട്വീറ്റ്.

ലൊക്കേഷനില്‍ നിന്നുമുള്ള ഒരു വീഡിയോ പങ്കുവെച്ച് പൊലീസ് പ്രതിഷേധക്കാരെ പിരിച്ചു വിട്ടതായും മറ്റൊരു ട്വീറ്റില്‍ കങ്കണ കുറിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതിനാല്‍ തനിക്ക് കാര്‍ മാറ്റി കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വന്നുവെന്നും കങ്കണ ട്വീറ്റ് ചെയ്തു.

നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കങ്കണയുടെ ഷൂട്ടിംഗ് സെറ്റില്‍ എത്തിയത്. കര്‍ഷകരെയും സമരത്തെയും വിമര്‍ശിച്ചു കൊണ്ടുള്ള ട്വീറ്റുകളില്‍ കങ്കണ മാപ്പ് പറയണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം.