ജനങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തയ്യാറാണ്: കങ്കണ റണാവത്ത്

ജനങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തയ്യാറാണെന്ന് നടി കങ്കണ റണാവത്ത്. ദേശീയ രാഷ്ട്രീയത്തിലെ പല വിഷയങ്ങളിലും നിലപാടുകള്‍ വ്യക്തമാക്കുന്നതിലൂടെ കങ്കണ നിരവധി തവണ വിവാദങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. തത്കാലം നടി എന്ന രീതിയില്‍ സന്തുഷ്ടയാണെന്നും കങ്കണ പറയുന്നു.

കങ്കണ നായികയാകുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി ഇന്ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. ഇതിനിടെയാണ് താരത്തിന്റെ പ്രതികരണം. ”ഞാന്‍ ഒരിക്കലും ഒരു ദേശീയവാദിയല്ല. എന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നത് രാഷ്ട്രീയക്കാരിയുമായല്ല. രാഷ്ട്രീയത്തിലേക്ക് ചുവടെടുത്തു വെയ്ക്കാന്‍ വലിയ ജനപിന്തുണ ആവശ്യമാണ്.”

”തത്കാലം നടി എന്ന രീതിയില്‍ ഞാന്‍ സന്തുഷ്ടയാണ്. പക്ഷെ നാളെ ജനങ്ങള്‍ക്ക് എന്നെ വേണമെങ്കില്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ സന്തോഷമേയുള്ളൂ” എന്ന് കങ്കണ പറഞ്ഞു. ജയലളിതയുടെ ജീവിതത്തിന്റെ കഥയാണ് തലൈവി പറയുന്നതെന്നും പുരുഷമേധാവിത്വ സമൂഹത്തിന്റെ മനോഭാവം മാറ്റാനുള്ള ശ്രമങ്ങളൊന്നും ഇതിലൂടെ നടത്തിയിട്ടില്ലെന്നും കങ്കണ വ്യക്തമാക്കി.

സിനിമ വിവാദങ്ങളിലൂടെ കടന്നു പോകാതിരുന്നതിന് സംവിധായകന്‍ കൈയടി അര്‍ഹിക്കുന്നുവെന്നും തമിഴ്‌നാട്ടിലെ ഭരണകക്ഷിക്കു പോലും ഈ സിനിമയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും കങ്കണ പറയുന്നു. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എംജിആറായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്.