'സാനിറ്റൈസറിന്റെ പ്രാധാന്യം സിമ്രാന് പോലും അറിയാം'; ട്രോള്‍ പങ്കുവെച്ച് കാജോള്‍

കോവിഡ് 19 വൈറസ് ലോകം മുഴുവന്‍ പടരുന്ന സാഹചര്യത്തില്‍ സാനിറ്റൈസര്‍ ഉപയോഗിക്കേണ്ട പ്രാധാന്യത്തെ കുറിച്ചുള്ള ട്രോളുമായി ബോളിവുഡ് താരം കാജോള്‍. “ദില്‍വാലെ ദുല്‍ഹനിയ ലേ ജായേന്‍ഗെ” ചിത്രത്തിലെ ട്രെയ്ന്‍ രംഗം ഫോട്ടോഷോപ്പ് ചെയ്ത ട്രോളാണ് കാജോള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്.

“”സിമ്രാന് പോലും സാനിറ്റൈസറിന്റെ പ്രാധാന്യം അറിയാം”” എന്ന ക്യാപ്ഷനും താരം നല്‍കിയിട്ടുണ്ട്. ചിത്രത്തിലെ നായകനായ ഷാരൂഖ് ഖാനെയും സ്‌റ്റോറിയില്‍ കാജോല്‍ ടാഗ് ചെയ്തിട്ടുണ്ട്. അമിതാഭ് ബച്ചന്‍, പ്രിയങ്ക ചേപ്ര, കാര്‍ത്തിക് ആര്യന്‍, പരിനീതി ചോപ്ര തുടങ്ങിയ താരങ്ങളും ജാഗ്രതാ സന്ദേശങ്ങള്‍ പങ്കുവെച്ചിരുന്നു.

82 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. രോഗംബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ഡല്‍ഹിയില്‍ ചികിത്സയിലുണ്ടായിരുന്ന 69-കാരിയും കര്‍ണാടകയില്‍ ചികിത്സയിലുണ്ടായിരുന്ന എഴുപത്തിയാറുകാരനുമാണ് മരിച്ചത്.