വിമര്‍ശനങ്ങള്‍ കളക്ഷനെ തൊട്ടില്ല; ഷാഹിദ് കപൂറിന്റെ കരിയറിലെ ബിഗ്ഗസ്റ്റ് ഓപ്പണറായി ഹിന്ദി അര്‍ജുന്‍ റെഡ്ഡി ‘കബീര്‍സിങ്’

തെന്നിന്ത്യയില്‍ തരംഗം സൃഷ്ടിച്ച വിജയ് ദേവരക്കൊണ്ട ചിത്രം അര്‍ജ്ജുന്‍ റെഡ്ഡി ഹിന്ദിയിലെത്തിയപ്പോള്‍പ്രശംസയേക്കാള്‍ നേരിട്ടത് വിമര്‍ശനമായിരുന്നു. ബോളിവുഡില്‍ എത്തിയപ്പോള്‍ അര്‍ജുന്‍ റെഡ്ഡി തികച്ചും സ്ത്രീവിരുദ്ധനായ കഥാപാത്രം ആണെന്നാണ് വിമര്‍ശനം. മിക്ക സിനിമാ നിരൂപകരും ചിത്രത്തിന് അഞ്ചില്‍ 1.5 റേറ്റിങ് മാത്രമാണ് നല്‍കിയത്. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളൊന്നും തന്നെ ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചില്ലെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

അതിശയത്തോടെയാണ് മിക്ക ട്രേഡ് അനലിസ്റ്റുകളും ഈ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. ഷാഹിദ് കപൂറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണറായി ചിത്രം മാറിയെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 20.21 കോടി രൂപയാണ് ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍. രണ്ടാം ദിവസം 22.71 കോടി രൂപ ലഭിച്ചു. ഇന്ത്യയൊട്ടാകെ ആകെ 3123 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

അര്‍ജുന്‍ റെഡ്ഡി സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വങ്ക തന്നെയാണ് ചിത്രത്തിന്റെ ഹിന്ദി റീമേയ്ക്കും ഒരുക്കിയിരിക്കുന്നത്. കിയാര അദ്വാനിയാണ് നായിക. ടി-സീരിസാണ് നിര്‍മ്മാണം.