സഹായത്തിനായി യാചിച്ച തെരുവ്ബാലന് ഭക്ഷണവും പണവും നല്‍കി ജാന്‍വി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ബോളിവുഡിലെ പുത്തന്‍ താരസാന്നിദ്ധ്യമാണ് ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍. ഒറ്റ സിനിമയില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും ബോളിവുഡില്‍ ജാന്‍വിയ്ക്ക് ആരാധകര്‍ ഏറെയാണ്. എത്ര തിരക്കുകളുണ്ടെങ്കിലും ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും മറ്റും സമയം കണ്ടെത്തുന്ന ജാന്‍വിയുടെ സഹായമനസ്‌കത വെളിവാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സഹായത്തിനായി തന്റെ മുന്നില്‍ കൈനീട്ടിയ തെരുവ് ബാലന് ബിസ്‌ക്കറ്റും പണവും നല്‍കുന്ന ജാന്‍വിയാണ് വീഡിയോയില്‍. ബ്യൂട്ടി പാര്‍ലറില്‍ പോകുന്നതിനായി കാറില്‍ നിന്നും ഇറങ്ങുമ്പോഴാണ് നടിയുടെ മുന്നിലേയ്ക്ക് കുട്ടി സഹായം യാചിച്ച് എത്തിയത്. കുട്ടിക്ക് പെട്ടെന്നു തന്നെ തന്റെ വണ്ടിയില്‍ ഉണ്ടായിരുന്ന ബിസ്‌കറ്റ് പായ്ക്കറ്റ് നല്‍കിയ ജാന്‍വി പിന്നീട് കുട്ടിയ്ക്ക് പണവും നല്‍കുന്നത് വീഡിയോയില്‍ കാണാം.

നിരവധി ആളുകളാണ് ജാന്‍വിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്ത് വരുന്നത്. ഇത്തരം സംഭവങ്ങള്‍ കണ്ടിട്ടും കാണാത്ത മട്ടില്‍ കടന്നു പോകുന്ന താരങ്ങള്‍ക്ക് ജാന്‍വി മാതൃകയാണെന്നാണ് ആരാധകര്‍ പറയുന്നത്.