അമിഷിന്‍റെ ഇമ്മോര്‍ട്ടല്‍സ് ഓഫ് മെലൂഹ സിനിമയാകുന്നു; സംവിധാനം സഞ്ജയ് ലീല ബന്‍സാലി

പദ്മാവതിന് ശേഷം സഞ്ജയ് ലീല ബന്‍സാലി ഇമ്മോര്‍ട്ടല്‍സ് ഓഫ് മെലൂഹ സിനിമയാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സിനിമ ചെയ്യാനുള്ള അവകാശത്തിനായി ബന്‍സാലി നോവലിന്റെ രചയിതാവായ അമീഷ് ത്രിപാഠിയുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.

നേരത്തെ ഒരു സെമിനാറില്‍ സംസാരിച്ചപ്പോള്‍ ചരിത്ര കഥാപാത്രങ്ങളോട് നീതി പുലര്‍ത്താന്‍ പറ്റുന്ന ഇന്ത്യയിലെ സംവിധായകരില്‍ ഒരാള്‍ സഞ്ജയ് ലീല ബന്‍സാലിയാണെന്ന് അമിഷ് തന്നെ പറഞ്ഞിരുന്നു.

അമിഷ് ത്രിപാഠിയുടെ പുസ്തകത്തിന്റെ റൈറ്റ്‌സ് നേരത്തെ കരണ്‍ ജോഹര്‍ സ്വന്തമാക്കിയിരുന്നു. ഋത്വിക് റോഷന്‍, ദീപിക പദുക്കോണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഈ സിനിമ ചെയ്യാനായിരുന്നു കരണ്‍ ജോഹറുടെ പ്ലാന്‍. പക്ഷെ, പലവിധ കാരണങ്ങള്‍ കൊണ്ട് പ്രോജക്ട് നടക്കാതെ പോയി. ഈ സാഹചര്യത്തില്‍ ബുക്കിന്റെ റൈറ്റ്‌സ് കരണ്‍ ജോഹര്‍ അമിഷിന് തിരികെ നല്‍കി.

ബന്‍സാലിയും അമിഷും തമ്മില്‍ സിനിമയുടെ കാര്യത്തില്‍ ധാരണ എത്തുകയാണെങ്കില്‍ ഹിന്ദു ദൈവമായ ശിവനെ മറ്റൊരു വീക്ഷണകോണില്‍ നോക്കിയ കാണുന്ന കഥാപാത്രത്തെ തിരയില്‍ കാണാന്‍ കഴിയും.