
പിതാവിന് കാന്‍സര്‍ രോഗമാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടന് ഋത്വിക് റോഷന്. രോഗവിവരം ഋത്വിക് തന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് പുറത്തുവിട്ടത്. പിതാവിന്റെ തൊണ്ടയില്‍ കാന്‍സറാണെന്നും പ്രാരംഭ ഘട്ടത്തിലാണെന്നും ഋത്വിക് കുറിപ്പില്‍ പറയുന്നു. പിതാവിനൊപ്പം നില്ക്കുന്ന ചിത്രം പങ്കുവെച്ചാണ് ഋത്വികിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.


‘ഇന്ന് രാവിലെ ഞാന്‍ അച്ഛനോട് ഒരു ചിത്രം വേണമെന്ന് ആവശ്യപ്പെട്ടു. സര്‍ജറി ദിവസവും അദ്ദേഹം ജിം മുടക്കില്ലെന്നെനിക്കറിയാം. എനിക്കറിയാവുന്ന ശക്തരായ മനുഷ്യരില്‍ ഒരാളാണ് അദ്ദേഹം. ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് അദ്ദേഹം തൊണ്ടയിലെ സ്ക്വമോസ് സെല്‍ കാര്‍സിനോമയുടെ ആദ്യ ഘട്ടത്തിലാണെന്ന് കണ്ടെത്തുന്നത്. എന്നാല്‍ വളരെയധികം ഊര്‍ജ്ജസ്വലനായി അദ്ദേഹം അതിനെ പൊരുതി മുന്നേറുന്നു. രോഗത്തിനെതിരെ പൊരുതാനുള്ള ഉറച്ച തീരുമാനത്തിലാണ്. അദ്ദേഹത്തെ പോലൊരാള്‍ നയിക്കാന്‍ മുന്നിലുള്ളത് ഭാഗ്യവും അനുഗ്രഹവുമാണ്. ലവ് യു ഡാഡ്…’ വികാരഭരിതനായി ഋത്വിക് കുറിച്ചു.

ഘര്‍ ഘര്‍ കി കഹാനി എന്ന ചിത്രത്തിലൂടെ 1970 ലാണ് രാകേഷ് റോഷന്റെ ബോളിവുഡ് പ്രവേശം. ബുനിയാദ്, കാംച്ചോര്‍, ഖൂബ്സൂരത് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തിയിലേക്കുയര്‍ന്നു. 1987ലെ ഖുദ്ഗാര്‍സ് എന്ന ചിത്രത്തിലൂടെ സംവിധായകനായി. തീര്‍ത്തും അസാധാരണമായ കാന്‍സറാണ് രാകേഷ് റോഷനെ ബാധിച്ചിരിക്കുന്നത്. പ്രായമേറുന്നവരില്‍ മുഖ്യമായും കാണപ്പെടുന്ന കാന്‍സറാണിത്. വേഗം രോഗത്തില്‍ നിന്ന് സ്വതന്ത്രനാകട്ടെ എന്ന ആശംസയുമായി നിരവധി പേരാണ് രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്.