'ഹിന്ദുഫോബിയാക്ക് അനുരാഗ് ബസു', സംവിധായകന്‍ ഹൈന്ദവരെ ലക്ഷ്യമിട്ട് ആക്രമിക്കുന്നു; ആരോപണവുമായി സംഘപരിവാര്‍

നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ചിത്രം “ലുഡോ”യ്ക്കും സംവിധായകന്‍ അനുരാഗ് ബസുവിനെതിരെയും പ്രതിഷേധാഹ്വാനവുമായി സംഘപരിവാര്‍ സംഘടനകള്‍. ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുന്നു, മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നു എന്നിങ്ങനെയാണ് സംഘപരിവാര്‍ സംഘടനകളുടെ ആരോപണം.

“ഹിന്ദുഫോബിയാക്ക് അനുരാഗ് ബസു” എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ നടന്‍ രാജ്കുമാര്‍ റാവോ രാവണന്റെ സഹോദരി ശൂര്‍പ്പണഖയായി വേഷം കെട്ടുന്നുണ്ട്. രാമനായി വേഷം കെട്ടിയ നടനെ രാജ്കുമാര്‍ അസഭ്യം പറയുകയും തല്ലുകയും ചെയ്യുന്നുണ്ട്.

കൂടാതെ ചിത്രത്തില്‍ ഒരു രംഗത്തില്‍ ശിവന്റെയും മഹാകാളിയുടെയും വേഷം കെട്ടിയ രണ്ടു പേര്‍ കാര്‍ തള്ളുന്നുണ്ട്. ഈ രംഗങ്ങളാണ് സംഘപരിവാര്‍ സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്. ഹിന്ദു മതത്തെ പരിഹസിക്കുകയാണ് സംവിധായകന്‍ എന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്.

നവംബര്‍ 12-ന് ആണ് ലുഡോ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, സാനിയ മല്‍ഹോത്ര, പേളി മാണി, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തിലെത്തിയത്.