നിങ്ങള്‍ ഷാരൂഖ് ഖാന്റെ നാട്ടുകാരിയല്ലേ, അദ്ദേഹത്തിന് വേണ്ടി ഞാനെന്തും ചെയ്യും; ഇന്ത്യാക്കാരിക്ക് ഈജിപ്തുകാരന്റെ സഹായം

ഷാരൂഖ് ഖാന്റെ നാട്ടുകാരിയായത് കൊണ്ട് മാത്രം നിര്‍ണായക ഘട്ടത്തില്‍ ഈജിപ്തുകാരനില്‍ നിന്നും സഹായം ലഭിച്ച വാര്‍ത്ത പങ്കുവെച്ച് സര്‍വകലാശാല പ്രൊഫസര്‍. ഷാരുഖ് ഖാന്റെ കടുത്ത ആരാധകനായ ഒരു ഈജിപ്ഷ്യല്‍ ട്രാവല്‍ ഏജന്റാണ് അശോക സര്‍വകലാശാല പ്രൊഫസറുടെ സഹായത്തിനെത്തിയത്.

സംഭവം പ്രൊഫസര്‍ അശ്വിനി ട്വിറ്ററില്‍ പങ്കുവെക്കുന്നതിങ്ങനെ: ”ഈജിപ്തിലെ ഒരു ട്രാവല്‍ ഏജന്റിന് പണം കൈമാറേണ്ടതുണ്ട്. കൈമാറുന്നതിന് നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടു. ആ സമയത്ത് അവന്‍ പറഞ്ഞു: നിങ്ങള്‍ ഷാരുഖ് ഖാന്റെ നാട്ടില്‍ നിന്നുള്ളവരാണ്. നിങ്ങളെ ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ബുക്കിംഗ് നടത്താം, നിങ്ങള്‍ എനിക്ക് പിന്നീട് പണം നല്‍കിയാല്‍ മതി. മറ്റെവിടെയും, ഞാന്‍ ഇത്തരത്തില്‍ സഹായം ചെയ്യില്ല. എന്നാല്‍ ഷാരൂഖ് ഖാനു വേണ്ടി ഞാനെന്തും ചെയ്യും.

അശ്വിനി ദേശ്പാണ്ഡെയുടെ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് ഷാരൂഖ് ആരാധകര്‍ . 2012ല്‍ ബെര്‍ലിനില്‍ വെച്ച് നേരിട്ട സ്‌നേഹാനുഭവം സിനിമാ വിമര്‍ശക മീന കര്‍ണികും ട്വീറ്റിന് താഴെ പങ്കുവെക്കുന്നുണ്ട്.

ഷാരൂഖ് ഖാന്റെ നാട്ടുകാരിയായതിനാല്‍ നിരവധി ജര്‍മന്‍ വനിതകള്‍ക്ക് തങ്ങളുമായി സംസാരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും ജര്‍മന്‍ വനിതകള്‍ ഷാരൂഖിനെ ദൈവത്തെ പോലെയായിരുന്നു കണ്ടിരുന്നതെന്നും മീന കര്‍ണിക്ക് ട്വീറ്റ് ചെയ്തു.