കാമാത്തിപുരയിലെ അധോലോക റാണിയായി ആലിയ ഭട്ട്; 'ഗംഗുഭായ് കത്ത്യവാടി' ടീസറിനെ പുകഴ്ത്തി ആരാധകര്‍

ആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന “ഗംഗുഭായ് കത്ത്യവാടി” ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ആലിയയുടെ സിനിമാ ജീവിതത്തില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത കണ്ടിട്ടില്ലാത്ത ഒരു ശക്തമായ കഥാപാത്രമാണ് ഗംഗുഭായ്. മുംബൈ റെഡ് സ്ട്രീറ്റായ കാമാത്തിപുരയിലെ ഒരു വേശ്യാലയത്തിലെ മാഫിയ ക്വീന്റെ യഥാര്‍ത്ഥ കഥയാണ് ചിത്രം പറയുന്നത്.

ജൂലൈ 30ന് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിനും സംവിധായകനും ആലിയക്കുമെതിരെ ഗംഗുഭായിയുടെ വളര്‍ത്തുമകന്‍ കേസ് നല്‍കിയിരുന്നു. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്നതും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റുമാണെന്നും ആയിരുന്നു ആരോപണം.

ഹുസൈന്‍ സൈദിയുടെ “ദി മാഫിയ ക്യൂന്‍സ് ഓഫ് മുംബൈ” എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബന്‍സാലി സിനിമ ഒരുക്കുന്നത്. തിരക്കഥ ഒരുക്കിയ ഹുസൈന്‍ സൈദി, ജാനെ ബോര്‍ജ്‌സ് എന്നിവര്‍ക്കെതിയും പരാതി നല്‍കിയിരുന്നു. ചതിയിലകപ്പെട്ട് കാമാത്തിപുരയില്‍ എത്തുകയും ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് 1960കളില്‍ കാമാത്തിപുരയെ അടക്കി ഭരിക്കുകയും ചെയ്ത സ്ത്രീയാണ് ഗംഗുഭായ്.

ചതിയില്‍പ്പെട്ട് കാമത്തിപുരയില്‍ എത്തിപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഗംഗുഭായ് സംരക്ഷണം നല്‍കിയിരുന്നു. ലൈംഗികത്തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനായും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഹുസൈനിന്റെ പുസ്തകത്തില്‍ ഇവരെ തെറ്റായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പുസ്തകത്തില്‍ പറയുന്നത് പോലെ അവര്‍ ഒരു മാഫിയ ക്വീനോ, വേശ്യാലയം നോക്കി നടത്തുന്ന സ്ത്രീയോ ആയിരുന്നില്ല എന്നാണ് മകന്റെ വാദം.