അമിതാഭ് ബച്ചന് അസുഖം ഭേദമായി, നാനാവതി ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് താരം; വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യം ഇങ്ങനെ..

അമിതാഭ് ബച്ചന്‍ കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നിരവധി വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ബച്ചന് എവിടെ നിന്നാണ് കോവിഡ് ബാധിച്ചത് എന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ബച്ചന്റെ അസുഖം ഭേദമായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നു എന്ന തരത്തിലുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

കോവിഡ് കാലത്ത് സുരക്ഷിതരായി തുടരാനും നാനാവതി ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ അറിയിച്ചും കൊണ്ടുള്ള വീഡിയോയാണ് നിലവില്‍ വൈറലാകുന്നത്. എന്നാല്‍ ഈ വീഡിയോ ലോക്ഡൗണ്‍ കാലത്ത് പങ്കുവച്ചതാണ്. കഴിഞ്ഞ ഏപ്രിലില്‍ ബച്ചന്റെ വസതിയില്‍ വച്ചെടുത്ത വീഡിയോയാണിത്.

ഞായറാഴ്ചയാണ് അമിതാഭ് ബച്ചനും മകന്‍ അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചത്. നടിയും അഭിഷേകിന്റെ ഭാര്യയുമായ ഐശ്വര്യയ്ക്കും മകള്‍ ആരാധ്യയ്ക്കും ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ബച്ചന്റെ ഭാര്യയും അഭിഷേകിന്റെ അമ്മയുമായ ജയക്ക് കോവിഡ് നെഗറ്റീവാണ്.

ലോക്ഡൗണില്‍ ജുഹുവിലെ വീട്ടില്‍ തന്നെയായിരുന്നു അമിതാഭ് ബച്ചന്‍. കോന്‍ ബനേഗാ കരോട്പതി അടക്കം തന്റെ ചില ടെലിവിഷന്‍ ഷോയുടെ പ്രചാരണ വീഡിയോകളുടെ ചിത്രീകരണത്തിനായി ചാനല്‍ സംഘാംഗങ്ങള്‍ ബച്ചന്റെ വീട്ടിലെത്തിയിരുന്നു ഷൂട്ടിംഗ്. ഇവരില്‍ നിന്നാവാം രോഗബാധയുണ്ടായത് എന്നാണ് സൂചന. ബച്ചന്‍ കുടുംബത്തിന്റെ ജല്‍സ, ജനക്, പ്രതീക്ഷ, വാസ്ത എന്നീ വീടുകള്‍ മുംബൈ കോര്‍പ്പറേഷന്‍ അണു വിമുക്തമാക്കിയിട്ടുണ്ട്.