രാജ് ആകാന്‍ സാധിക്കില്ലെന്ന് ഷാരൂഖ്, മൂന്നാഴ്ചകളോളം സംസാരിച്ച് ബോദ്ധ്യപ്പെടുത്തി ആദിത്യ; റൊമാന്റിക് ഹിറ്റിന് പിന്നിലെ അറിയാക്കഥകള്‍

“ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ” എന്ന പ്രണയകാവ്യം റിലീസ് ചെയ്തിട്ട് 25 വര്‍ഷം. മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറവും രാജിന്റെയും സിമ്രന്റെയും പ്രണയം പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഷാരൂഖ് ഖാന് “റൊമാന്റിക് കിംഗ്” എന്ന വിശേഷണം നേടിക്കൊടുത്ത സിനിമയാണിത്. എന്നാല്‍ സെയ്ഫ് അലിഖാനെ ആയിരുന്നു ആദ്യം ചിത്രത്തിലെ നായകനായി തിരഞ്ഞെടുത്തത്.

ഡര്‍, ബാസിഗര്‍ തുടങ്ങിയ ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങി നില്‍ക്കുകയായിരുന്നു ഷാരൂഖ് ആ സമയത്ത്. ബോളിവുഡ് ചിത്രങ്ങളുടെ സ്വഭാവം അനുസരിച്ച് മനോഹരമായ ലൊക്കേഷനുകളില്‍ നിന്നും പാട്ടു പാടാനോ കാമുകിക്ക് ഒപ്പം ഒളിച്ചോടാനോ ഷാരൂഖിന് താത്പര്യമുണ്ടായിരുന്നില്ല. ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരില്‍ നിന്നും വ്യത്യസ്തമായ റോളുകള്‍ ചെയ്യുന്നതായിരുന്നു ഷാരൂഖിന്റെ സന്തോഷം.

സംവിധായകന്‍ ആദിത്യ ചോപ്ര മൂന്ന് ആഴ്ചകളോളം ഷാരൂഖിനെ കണ്ട് ബോദ്ധ്യപ്പെടുത്തിയാണ് ചിത്രത്തിനായി സമ്മതിപ്പിച്ചത്. കരണ്‍ അര്‍ജുന്‍ എന്ന ചിത്രം ചെയ്യുമ്പോഴാണ് ഡിഡിഎല്‍ജെയ്ക്കായി ആദിത്യയോട് ഷാരൂഖ് സമ്മതം അറിയിച്ചത്. ഇതോടെ ഷാരുഖ് ഖാനില്‍ നിന്നും ബോളിവുഡിന്റെ കിംഗ് ഖാന്‍ എന്ന പദവിയിലേക്കാണ് താരം ചുവടുവെച്ചത്.

ഡിഡിഎല്‍ജെ ചരിത്രമാണ് സൃഷ്ടിച്ചത്. മുംബൈ മറാഠ മന്ദിറില്‍ 1009 ആഴ്ചകളോളം ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രം 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ നായകന്‍ ഷാരൂഖിനും നായിക കാജോളിനും ഇവിടുത്തെ ലൈസസ്റ്ററില്‍ വെങ്കല പ്രതിമയുയരുകയാണ്. 2021-ലാവും ലൈസസ്റ്റെര്‍ സ്‌ക്വയറില്‍ വെങ്കല പ്രതിമ ഉയരുക. ലണ്ടന്‍ തലസ്ഥാനത്തെ “സീന്‍സ് ഇന്‍ ദി സ്‌ക്വയര്‍” കാഴ്ചയ്ക്കൊപ്പമാണ് പ്രതിമയുടെ സ്ഥാനം.