തന്റെ മെഴുകു പ്രതിമ കണ്ടിട്ട് എന്തു തോന്നുന്നുവെന്ന് ദീപികയുടെ ചോദ്യം; രസികന്‍ മറുപടി നല്‍കി രണ്‍വീര്‍

ബോളിവുഡിലെ താരദമ്പതികളാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. കഴിഞ്ഞ നവംബര്‍ മാസമാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷവും താരദമ്പതികളുടേതായി പുറത്തു വരുന്ന വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നുത്. ഇപ്പോളിതാ ദീപികയുടെ മെഴുക പ്രതിമ അനാച്ഛാദനം ചെയ്തതാണ് പുതിയ വിശേഷം. ലണ്ടനിലെ മാഡം റ്റുസാഡ്സ് വാക്‌സ് മ്യൂസിയത്തിലാണ് ദീപികയുടെ പ്രതിമയും സ്ഥാനം പിടിച്ചത്. ഭര്‍ത്താവ് രണ്‍വീര്‍ സിങ്, മാതാപിതാക്കളായ പ്രകാശ് പദുകോണ്‍, ഉജ്വല പദുകോണ്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് ദീപിക പ്രതിമ അനാച്ഛാദനം ചെയ്തത്.

പ്രതിമയ്‌ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യവേ, ‘ഇതു കണ്ടിട്ട് എന്തു തോന്നുന്നു’ എന്ന് ദീപിക രണ്‍വീറിനോട് ചോദിച്ചു. ”വീട്ടിലേക്ക് കൊണ്ട് പോയാലോ?” എന്നായിരുന്നു ഇതിന് രണ്‍ബീര്‍ നല്‍കിയ രസികന്‍ മറുപടി. രണ്‍വീറിന്റ പുതിയ ചിത്രം ലണ്ടനിലാണ് ഷൂട്ട് ചെയ്യുന്നത്. ആ സമയത്ത് തന്നെ മിസ് ചെയ്യുകയാണെങ്കില്‍ ഇവിടെ വന്നാല്‍ മതിയെന്ന് ദീപികയും പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെ ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങള്‍ ദീപിക ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

കഴിഞ്ഞ ദിവസം വിവാഹത്തിലൂടെ താന്‍ നന്നായെന്ന് ഒരഭിമുഖത്തില്‍ രണ്‍വീര്‍ പറഞ്ഞിരുന്നു. ‘ഇപ്പോള്‍ ഞാന്‍ കൃത്യസമയത്ത് എഴുന്നേല്‍ക്കും. ജോലിക്കു പോകും. തിരിച്ചു വരും. ചുരുക്കിപ്പറഞ്ഞാല്‍ ഇപ്പോള്‍ ഞാനൊരു നല്ല കുട്ടിയാണ്’ എന്നാണ് രണ്‍വീര്‍ പറഞ്ഞത്. ആറു വര്‍ഷത്തെ പ്രണയമാണ് ദീപിക – രണ്‍വീര്‍ വിവാഹത്തിലേക്കെത്തിയത്. ഇരുവരുമൊന്നിച്ച ‘രാം ലീല’ യുടെ ചിത്രീകരത്തിനിടെ ആരംഭിച്ച സൗഹൃദം പ്രണയത്തിലേക്കു വഴി മാറുകയായിരുന്നു.