'ദീപികയുടെ ബോംബ് പടം'; ചപാകിന് ഐ.എം.ഡി.ബിയില്‍ റേറ്റിംഗ് കുറച്ച് പകവീട്ടല്‍

ദീപിക പദുക്കോണിന്റെ പുതിയ ചിത്രം “ചപാകി”ന് നേരെ സൈബര്‍ ആക്രമണം ശക്തമാകുന്നു. ജെഎന്‍യു സര്‍വ്വകലാശയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി എത്തിയ താരത്തിന്റെ ചിത്രം ബഹിഷ്‌കരിക്കാന്‍ ബിജെപി നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു. ഇപ്പോഴിതാ, ഐഎംഡിബി സൈറ്റില്‍ സിനിമയുടെ റേറ്റിംഗ് കുറച്ചും വ്യാജ റിവ്യു എഴുതിയുമാണ് നടിക്കു നേരെ ആക്രമണം അഴിച്ചു വിട്ടിരിക്കുന്നത്.

“ദീപികയുടെ ബോംബ് പടം” എന്ന ടൈറ്റിലില്‍ പല അക്കൗണ്ടുകളില്‍ നിന്നായി വ്യാജ റിവ്യു ആണ് എഴുതുന്നത്. ചിത്രത്തിന്റെ റേറ്റിംഗിനായി വോട്ട് ചെയ്ത 11,144 ആളുകളില്‍ 6,328 പേരും നല്‍കിയത് റേറ്റിംഗ് ഒന്നാണ്. 3,496 പേര്‍ റേറ്റിംഗ് പത്തു നല്‍കി. ഇതൊക്കെ കൂടി സൈറ്റ് നല്‍കിയ റേറ്റിംഗ് 4.6 ആണ്. കളക്ഷനിലും ചപാക് പിന്നിലാണ്. 35 കോടി മുടക്കിയെടുത്ത ചിത്രം ഇതുവരെ 32 കോടി നേടിക്കഴിഞ്ഞു.

സൂപ്പര്‍ താരങ്ങളൊന്നുമില്ലാതെ ഇങ്ങനെയൊരു പ്രമേയം ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ച ദീപികയ്ക്കും സംവിധായിക മേഘ്‌നയ്ക്കും ആശംസകളമായി സിനിമാപ്രേമികളും രംഗത്തുണ്ട്. അതേ സമയം, അജയ് ദേവ്ഗണ്‍ ചിത്രം “തനാജി: ദ അണ്‍സംഗ് വാരിയരു”ടെ റേറ്റിംഗ് 8.8 ആണ്.