കന്നഡ ഗാനം പാടിയില്ല; ഗായകന്‍ കൈലാഷ് ഖേറിന് നേരെ കുപ്പിയേറ്, വീഡിയോ

ബോളിവുഡ് ഗായകനും സൂഫി സംഗീതഞ്ജനുമായ കൈലാഷ് ഖേറിന് നേരെ കുപ്പിയേറ്. ചരിത്ര പ്രസിദ്ധമായ ഹംപി ഉത്സവത്തോട് അനുബന്ധിച്ചു നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം. കന്നഡ ഗാനം പാടണമെന്ന് ആവശ്യപ്പെട്ടാണ് രണ്ട് യുവാക്കള്‍ ഗായകന് നേരെ കുപ്പി എറിഞ്ഞത്.

ഉടന്‍ കര്‍ണാടക പൊലീസ് കേസെടുത്ത് യുവാക്കളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കൈലാഷിന്റെ പരിപാടിയുടെ തുടക്കം മുതല്‍ കന്നഡ ഗാനങ്ങള്‍ പാടണമെന്ന് യുവാക്കള്‍ ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രകോപിതരായ രണ്ടു പേര്‍ വേദിയിലേക്ക് കുപ്പികള്‍ എറിയുകയായിരുന്നു.

ജനുവരി 27ന് ആരംഭിച്ച് ഉത്സവത്തോട് അനുബന്ധിച്ചുള്ള പരിപാടിയില്‍ കൈലാഷ് ഖേറിനെ കൂടാതെ അര്‍ജുന്‍ ജന്യ, വിജയ പ്രകാശ്, രഘു ദീക്ഷിത്, അനന്യ ഭട്ട്, അര്‍മാന്‍ മലിക് എന്നീ ഗായകരും പങ്കെടുക്കുന്നുണ്ട്. രണ്ടു പതിറ്റാണ്ടോളമായി ബോളിവുഡ് പിന്നണി രംഗത്ത് സജീവമാണ് കൈലാഷ് ഖേര്‍.

‘ബാഹുബലി’, ‘ഫനാ’, ‘അരുന്ധതി’, ‘സുല്‍ത്താന്‍’, ‘മേഴ്‌സല്‍’, ‘രാജണ്ണ’, ‘അജബ് പ്രേം കി ഗസബ് സിന്ദഗി’, ‘കുരുക്ഷേത്ര’, ‘സര്‍ക്കാര്‍’, ‘അന്ധാസ്’, ‘മൈത്രി’, ‘ബജ്രംഗി 2’, ‘കിളിച്ചുണ്ടന്‍ മാമ്പഴം’ തുടങ്ങി നിരവധി ഹിറ്റ് ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം ചിത്രങ്ങളില്‍ കൈലാഷ് ഖേര്‍ ഗാനം ആലപിച്ചിട്ടുണ്ട്.