മൃഗങ്ങളിലൂടെ കൊറോണ പകരുമെന്ന പ്രചാരണം; ജോണ്‍ അബ്രഹാമിനോട് മാപ്പ് പറഞ്ഞ് മുംബൈ നഗരസഭ

മൃഗങ്ങളിലൂടെ കൊറോണ വൈറസ് പകരുമെന്ന പ്രചാരണം ചോദ്യം ചെയ്തതിനു പിന്നാലെ നടന്‍ ജോണ്‍ അബ്രഹാമിനോട് മാപ്പ് പറഞ്ഞ് ബൃഹന്‍ മുംബൈ നഗരസഭ. മൃഗങ്ങളിലൂടെ കൊറോണ വൈറസ് പകരുമെന്ന നഗരസഭയുടെ പ്രചാരണത്തിനെതിരെ ട്വിറ്ററിലൂടെ ജോണ്‍ പ്രതികരിച്ചിരുന്നു.

ഈ പ്രചാരണം തെറ്റാണെന്നും മൃഗങ്ങള്‍ കൊറോണ വാഹകരല്ലെന്നുമാണ് ജോണ്‍ ട്വിറ്ററില്‍ കുറിച്ചത്. പ്രചാരണം വിശ്വസിച്ച് ആളുകള്‍ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുകയാണെന്ന പത്രവാര്‍ത്തയും ജോണ്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് നഗരസഭ ജോണ്‍ എബ്രഹാമിനോട് ട്വിറ്ററിലൂടെ മാപ്പ് പറഞ്ഞത്.

പ്രചാരണം തെറ്റാണെന്നും സംഭവത്തില്‍ മാപ്പുചോദിക്കുന്നതായും നഗരസഭ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കി. ഹോര്‍ഡിങ്ങുകളും പോസ്റ്ററുകളും നീക്കംചെയ്യുന്നതായും മുംബൈ നിവാസികളുടെ സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും നഗരസഭ ട്വിറ്ററില്‍ കുറിച്ചു.