'ഹിന്ദുക്കള്‍ സമാധാനപ്രിയരാണെങ്കില്‍ ആരാണ് ഇവരെയൊക്കെ കൊന്നത്?'; 'ദി കാശ്മീര്‍ ഫയല്‍സിനെക്കുറിച്ച് അശോക് സ്വയ്ന്‍

ചെറിയ കാന്‍വസില്‍ ഒരുക്കിയ വിവേക് അഗ്‌നിഹോത്രി ചിത്രം ‘ദി കാശ്മീര്‍ ഫയല്‍സ്’ ആണ് ബോളിവുഡില്‍ ചര്‍ച്ചയാണ്. തുടക്കത്തില്‍ 630 തിയേറ്ററുകളില്‍ മാത്രം റിലീസ് ചെയ്ത ചിത്രം 2000 തിയേറ്ററുകളിലാണ് ഇപ്പോള്‍ പ്രദര്‍ശനം തുടരുന്നത്. മൂന്ന് ദിവസങ്ങള്‍ക്കുള്ളല്‍ ചിത്രം 31.6 കോടി കളക്ഷന്‍ നേടിയിരുന്നു.

കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന ചിത്രത്തിന് പ്രധാനമന്ത്രി അടക്കമുള്ളവരുടെ പ്രതികരണം എത്തിയതിന് പിന്നാലെ ഇന്ത്യയില്‍ നടന്ന കൊലപാതകങ്ങളും രാജ്യം ഓര്‍ക്കേണ്ടതാണെന്ന് ഓര്‍മ്മപ്പെടുത്തി എഴുത്തുകാരനും പ്രൊഫസറുമായ അശോക് സ്വയ്ന്‍.

ഹിന്ദുക്കള്‍ സമാധാനപ്രിയരാണെങ്കില്‍ ആരാണ് ഇവരെയൊക്കെ കൊന്നതെന്ന ചോദ്യത്തോടെ 1969 മുതല്‍ 2013 വരെയുള്ള വിവിധ കലാപങ്ങളുടേയും അവയില്‍ കൊല്ലപ്പെട്ട് ഹിന്ദു വിഭാഗത്തില്‍ നിന്ന് അല്ലാത്തവരുടേയും എണ്ണവും സൂചിപ്പിച്ചാണ് അശോകിന്റെ വിമര്‍ശനം.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പതാക ഉയര്‍ത്തിയ മുഴുവന്‍ ആളുകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഷാകുലരാണ്. വസ്തുതകളുടെയും കലയുടെയും അടിസ്ഥാനത്തില്‍ സിനിമയെ വിശകലനം ചെയ്യേണ്ടതിനുപകരം, സിനിമയെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചാരണമാണ് നടക്കുന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്.

സത്യം ശരിയായ രീതിയില്‍ പുറത്തുകൊണ്ടുവരുന്നത് രാജ്യത്തിന് പ്രയോജനകരമാണെന്ന് താന്‍ വിശ്വസിക്കുന്നു. അതിന് പല വശങ്ങളും ഉണ്ടാകാം. ചിലര്‍ ഒരു കാര്യം കാണുന്നു, മറ്റുള്ളവര്‍ മറ്റെന്തെങ്കിലും കാണുന്നു. വര്‍ഷങ്ങളായി സത്യം ബോധപൂര്‍വ്വം മറയ്ക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്നാണ് സിനിമകളോട് മോശമായ പ്രതികരണങ്ങള്‍ വരുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുനനു.

വിവേക് അഗ്‌നിഹോത്രിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, അതുല്‍ ശ്രീവാസ്തവ, മൃണാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.