ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടി ഇസ്രായേല്‍; പുലിവാല് പിടിച്ച് ബോളിവുഡ് സംഗീത സംവിധായകന്‍ അനു മലിക്

ടോക്യോ ഒളിമ്പിക്‌സില്‍ ഇസ്രായേല്‍ താരം ആര്‍തേം ടോള്‍ഗോപ്യാട്ട് സ്വര്‍ണം നേടിയതിന് ട്വിറ്ററില്‍ ട്രെന്‍ഡിഗ് ആയി ബോളിവുഡ് സംഗീത സംവിധായകന്‍ അനു മലിക്. ആര്‍തേം ടോള്‍ഗോപ്യാട്ട് സ്വര്‍ണ മെഡല്‍ ഏറ്റുവാങ്ങുമ്പോള്‍ ഇസ്രായേലിന്റെ ദേശീയ ഗാനം മുഴങ്ങിയതാണ് അനു മാലിക്കിന് വിനയായിരിക്കുന്നത്.

ഇസ്രായേലിന്റെ ദേശീയ ഗാനം കേട്ടതോടെ ഇത് പഴയൊരു ഹിന്ദി പാട്ടല്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 1996ല്‍ പുറത്തിറങ്ങിയ ദില്‍ജലേ എന്ന ചിത്രത്തിലെ “മേരാ മുല്‍ക് മേരാ ദേശ്” എന്ന ഗാനത്തിന് ഇസ്രായേലിന്റെ ദേശീയ ഗാനവുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഇതോടെ അനു മാലിക് ഒരു ദേശീയ ഗാനം വരെ അടിച്ചു മാറ്റി എന്നാണ് ട്രോളുകളില്‍ നിറയുന്നത്. കോപ്പിയടിക്ക് അനു മാലിക്കിന് സ്വര്‍ണം നല്‍കണമെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. 19ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഹാത്വിക 1948ലാണ് ഇസ്രയേലിന്റെ ദേശീയ ഗാനമായി അംഗീകരിച്ചത്.

ഇസ്രായേലിന്റെ ദേശീയ ഗാനത്തെ വരെ വെറുതെ വിട്ടില്ല, ബോളിവുഡ് എങ്ങനെയാണ് പ്രേക്ഷകരെ കബളിപ്പിക്കുന്നത് എന്നതിനുള്ള ഒരു ഉദാഹരണമാണിത്, മേരാ മുള്‍ക് എന്ന ഗാനം ഇസ്രായേല്‍ കോപ്പിയടിച്ചു എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍. എന്നാല്‍, ഇതില്‍ അനു മലിക് പ്രതികരിച്ചിട്ടില്ല.