വിരാടുമായുള്ള വിവാഹ അഭ്യൂഹങ്ങള്‍ക്കിടെ അനുഷ്‌ക്കാ കുടുംബം മുംബൈ വിട്ടു

അനുഷ്‌ക്കാ ശര്‍മ്മയും വിരാട് കോഹ്ലിയും ഇറ്റലിയില്‍ വിവാഹിതരാകുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ അനുഷ്‌ക്കയും കുടുംബവും മുംബൈ വിട്ടു. വ്യാഴാഴ്ച്ച വൈകിട്ടാണ് അനുഷ്‌ക്കയും കുടുംബവും മുംബൈ എയര്‍പോര്‍ട്ടിലെത്തിയത്.

അനുഷ്‌ക്കയുടെ അച്ഛന്‍ അജയ് കുമാര്‍ ശര്‍മ്മ, മാതാവ് അഷിമ ശര്‍മ്മ, മൂത്ത സഹോദരന്‍ കര്‍ണേഷ് ശര്‍മ്മ എന്നിവര്‍ മുംബൈ വിമാനത്താവളത്തിനുള്ളിലേക്ക് ലഗേജുമായി പോകുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒന്നിലധികം പെട്ടികളുമായി ഇവര്‍ പോയത് ഇറ്റലിക്കാണെന്നും ഇത് വിവാഹത്തിനുള്ള മുന്നൊരുക്കമാണെന്നുമാണ് ഉയര്‍ന്ന് കേള്‍ക്കുന്ന അഭ്യൂഹങ്ങള്‍.

കഴിഞ്ഞ രണ്ടു വര്‍ഷമായി അനുഷ്‌ക്കയും വിരാടും വിവാഹിതരാകുന്നു എന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട്. വിരാട് അനുഷ്‌ക്കയെക്കുറിച്ച് പല വേദികളിലും സംസാരിച്ചിട്ടുണ്ടെങ്കിലും അനുഷ്‌ക്ക ഇതുവരെ വിരാടിനെക്കുറിച്ച് ഒരക്ഷരം പൊതുവില്‍ പറഞ്ഞിട്ടില്ല.

തന്നെ കൂടുതല്‍ സെന്‍സിബിളും ക്ഷമയുള്ളവനും ആക്കിയത് അനുഷ്‌ക്കയുടെ ഇടപെടലാണെന്ന് കഴിഞ്ഞ ദിവസം കൂടി വിരാട് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ചിത്രങ്ങള്‍ക്ക് കടപ്പാട് ഇന്ത്യന്‍ എക്സ്പ്രസ്