ഹലോ സല്‍മാന്‍ ഖാന്‍ അല്ലേ...?; ഇത്തവണ ചമ്മിയത് സാക്ഷാല്‍ ബിഗ് ബി!

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ഉസ്താദ് ഹോട്ടലില്‍ മാമുക്കോയ ആസിഫ് അലിയോട് “കുഞ്ചാക്കോ ബോബന്‍ അല്ലേ?” എന്ന് ചോദിക്കുന്ന രംഗം ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. അടുത്തിടെ ടൊവീനോ തോമസും “ഉണ്ണിമുകുന്ദനല്ലേ?” എന്ന് ചോദിച്ച് തന്നെ സമീപിച്ച ആരാധികയുടെ കഥ പങ്കുവെച്ചിരുന്നു. ഇവിടെ മാ്ത്രമല്ല അങ്ങ് ബോളിവുഡിലുമുണ്ട് കുഞ്ചാക്കോ ബോബന്‍ മോമന്റുകള്‍. അത്തരമൊരു സംഭവം തുറന്നു പറഞ്ഞിരിക്കുകയാണ് അമിതാബ് ബച്ചന്‍.

സല്‍മാന്‍ ഖാന്‍ അല്ലേ എന്നു തന്നോട് ഒരു ആരാധകന്‍ ചോദിച്ച സംഭവമാണ് ഒരു പരിപാടിയില്‍ അമിതാബ് ബച്ചന്‍ ഷാരൂഖ് ഖാനുമായി പങ്കുവെച്ചത്. ഗ്ലാസ്‌ഗോവില്‍ വെച്ചായിരുന്നു സംഭവം. നടപ്പാതയിലൂടെ പൊയിക്കൊണ്ടിരുന്ന ബച്ചന്റെ അടുത്ത് പെട്ടെന്ന് ഒരു കാര്‍ വന്നു നിന്നു. കാറില്‍ നിന്നും പുറത്തേക്കു തലയിട്ടയാള്‍ കൈവീശിക്കൊണ്ടു ചോദിച്ചു: “”ഹലോ സല്‍മാന്‍ ഖാന്‍ സുഖമല്ലേ…?”” അതേയെന്ന അര്‍ത്ഥത്തില്‍ കൈവീശി പുഞ്ചിരിച്ച് താന്‍ നടത്തം തുടര്‍ന്നെന്ന് ബിഗ് പറഞ്ഞു. വേറെന്ത് ചെയ്യാനാണെന്നായിരുന്നു ഷാരൂഖ് ഖാനോട് ബിഗ് ബിയുടെ ചോദ്യം.

മുമ്പ് അമിതാബ് ബച്ചന്‍ ഇക്കാര്യം ട്വിറ്ററിലൂടെയും പങ്കുവെച്ചിരുന്നു. അമിതാഭ് ബച്ചന്റേയും സല്‍മാന്റേയും ഈ രസകരമായ കഥ ബോളിവുഡില്‍ പാട്ടാണ്. എല്ലാവരും തമാശ രൂപേണ ചിരിച്ചു തള്ളുകയാണെങ്കിലും ഇത് എങ്ങിനെ സംഭവിച്ചു എന്നാണ് എല്ലാവരും ചോദിക്കുന്നത്. നമ്മളെയൊക്കെ മാറി പോകാം. എന്നാല്‍ അമിതാഭ് ബച്ചനെ എങ്ങിനെയാണ് മാറിപ്പോവുകയെന്നാണ് എല്ലാവരുടേയും ചോദ്യം.