'രാമസേതു' സങ്കല്പമോ യാഥാര്‍ത്ഥ്യമോ; പുതിയ ചിത്രവുമായി അക്ഷയ് കുമാര്‍, ദൈവങ്ങളേയും ചരിത്ര സംഭവങ്ങളേയും അനാദരിക്കാന്‍ ശ്രമമെന്ന് വിമര്‍ശനം

പുതിയ ചിത്രം “ലക്ഷ്മി”യുടെ റിലീസിന് പിന്നാലെ അടുത്ത ചിത്രം പ്രഖ്യാപിച്ച് അക്ഷയ് കുമാര്‍. “രാമസേതു” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. ശ്രീരാമന്‍ നിര്‍മിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന രാമസേതു എന്ന പാലവുമായി ബന്ധപ്പെട്ടതാണ് എന്നാണ് പോസ്റ്ററില്‍ നിന്നുള്ള സൂചന. രാമസേതു സങ്കല്പമോ യാഥാര്‍ത്ഥ്യമോ എന്ന ചോദ്യവും പോസ്റ്ററില്‍ കാണാം.

ഈ ചോദ്യത്തിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്. “”രാമസേതു സങ്കല്പമോ യാഥാര്‍ത്ഥ്യമോ? നമ്മൂടെ പുരാതന ചരിത്രത്തെ ചോദ്യം ചെയ്യുന്നു? രാമന്‍ ഉണ്ടായിരുന്നോ എന്ന് ചോദ്യം ചെയ്യുന്നു? നമ്മുടെ ദൈവങ്ങളെയും ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളെയും അനാദരിക്കാന്‍ അനുവദിക്കാമോ എന്ന് ചോദിക്കുന്നു?”” എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള ഒരു പ്രതികരണം.

“”ലക്ഷ്മി സിനിമ ഭക്ത്‌സിന് തിരിച്ചടിയയപ്പോള്‍ അവരെ പ്രീതിപ്പെടുത്താനായി രാംസേതു ഒരുക്കുന്നു””, “”ക്ഷമിക്കണം അക്ഷയ്കുമാര്‍, എന്റെ ഭഗവാന്‍ രാമന്റെ പേരില്‍ വേണ്ട. രാമനെ കൊണ്ട് പണം നേടാനാവില്ല. ഹിന്ദു എന്ന നിലയില്‍ വികാരങ്ങളെ വ്രണപ്പെടുത്തുന്ന സിനിമയായിരുന്നു ലക്ഷ്മി. അത് ചെയ്തില്ലായിരുന്നുവെങ്കില്‍ നിങ്ങളെ പിന്തുണയ്ക്കുമായിരുന്നു”” എന്നിങ്ങനെയാണ് ചില പ്രതികരണങ്ങള്‍.

“”വരാനിരിക്കുന്ന തലമുറകളെ ബന്ധിപ്പിക്കുന്ന പാലം (സേതു) നിര്‍മ്മിച്ച് രാമന്റെ ആദര്‍ശങ്ങളെ എല്ലാ ഭാരതീയരുടേയും മനസില്‍ നിലനിര്‍ത്താന്‍ ശ്രമിക്കാം. അതിബൃഹത്തായ ഈ ദൗത്യത്തിലേക്കുള്ള തങ്ങളുടെ എളിയ ശ്രമമാണ് സിനിമ”” എന്നാണ് പോസ്റ്റര്‍ പങ്കുവച്ച അക്ഷയ് ട്വീറ്റ് ചെയ്തത്. കാവി ഷാള്‍ ചുറ്റി നില്‍ക്കുന്ന അക്ഷയ്‌യെയും പിന്നില്‍ ശ്രീരാമന്റെ ചിത്രവും പോസ്റ്ററില്‍ കാണാം. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം അരുണ്‍ ഭാട്ട്യയും വിവേക് മല്‍ഹോത്രയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.