മീടു ആരോപണം: കുറ്റങ്ങള്‍ ഏറ്റുപറഞ്ഞാല്‍ സാജിദ് ഖാനൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരുക്കമാണ്; അക്ഷയ് കുമാര്‍

മീടു ആരോപണങ്ങളില്‍ കുറ്റങ്ങള്‍ ഏറ്റെടുക്കുകയാണെങ്കില്‍ സാജിദ് ഖാനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ ഒരുക്കമാണെന്ന് നടന്‍ അക്ഷയ് കുമാര്‍. “ഹൗസ്ഫുള്‍ 4″ന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് അക്ഷയ് കുമാറിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷമാണ് മന്ദാന കരിമി, സലോണി ചോപ്ര, സിമ്രാന്‍ സുരി എന്നിവര്‍ സാജിദ് ഖാനെതിരെ മീടു ആരോപണങ്ങള്‍ ഉന്നയിച്ചത്.

ഹൗസ്ഫുള്‍ സീരിസിന്റെ ആദ്യ രണ്ട് സിനിമകള്‍ സംവിധാനം ചെയ്തത് സാജിദ് ഖാനാണ്. സാജിദ് ഖാന്‍ തന്നെയാണ് ഹൗസ്ഫുള്‍ 4 സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ മീടു ആരോപണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സാജിദിനെ മാറ്റി പകരം ഫര്‍ഹാദ് സംജി സംവിധായകനാവുകയായിരുന്നു.

ഹൗസ്ഫുള്‍ 4ന്റെ അറുപത് ശതമാനത്തോളം സാജിദ് ഖാന്‍ സംവിധാനം ചെയ്തതായും അക്ഷയ് കുമാര്‍ സമ്മതിച്ചു. പലയിടങ്ങളിലും മാറ്റം വന്നതായും സാജിദ് നദിയദ്വാലയുടെ സ്ഥാപനങ്ങളില്‍ വരെ ലൈംഗിക പീഡനക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥനുണ്ട്. തെറ്റുകളൊന്നുമില്ലെന്ന് അവര്‍ ഉറപ്പാക്കുന്നുണ്ട്. അത് പോലെ തങ്ങളുടെ സെറ്റുകളിലും മോശം പെരുമാറ്റം ആഗ്രഹിക്കുന്നില്ലെന്നും അക്ഷയ് കുമാര്‍ വ്യക്തമാക്കി.

സംവിധായകന്‍ സാജിദ് ഖാനൊപ്പം ഹൗസ്ഫുള്‍ സിരീസിന്റെ ആദ്യ രണ്ട് സിനിമകളിലും കൂടാതെ “ഹേയ് ബേബി” എന്ന ചിത്രത്തിലുമാണ് അക്ഷയ് കുമാര്‍ അഭിനയിച്ചിട്ടുള്ളത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ഹൗസ്ഫുള്‍ 4 പുനര്‍ജന്‍മത്തിന്റെ കഥയാണ് പറയുന്നത്. ഫാന്റസി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, റിതേശ് ദേശ്മുഖ്, കൃതി സനോന്‍, പൂജ ഹേഗ്‌ഡെ, കൃതി കര്‍ബാന്ധ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.