കാണാന്‍ വരുമ്പോഴെല്ലാം അയാള്‍ മയക്കു മരുന്നു കൊണ്ടു വന്നു. മകളുടെ പ്രായത്തിലുള്ള എന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു; ആദിത്യാ പഞ്ചോളിയ്‌ക്കെതിരെ നടിയുടെ പരാതി

ബോളിവുഡ് സംവിധായകനും നടനുമായ ആദിത്യാ പഞ്ചോളിയ്‌ക്കെതിരെ നടി നല്‍കിയ ബലാത്സംഗക്കേസിന്റെ വിശദാംശങ്ങള്‍ പുറത്ത്. മയക്കുമരുന്നു നല്‍കി ദീര്‍ഘകാലം ബലാത്സംഗം ചെയ്തുവെന്ന കേസില്‍ കഴിഞ്ഞ ദിവസമാണ് നടന് ഇടക്കാല ജാമ്യം ലഭിച്ചത്.

2002-2006 കാലഘട്ടത്തിലാണ് ഈ സംഭവം നടക്കുന്നത്. അന്ന് ഞാന്‍ ആദിത്യാ പഞ്ചോളിയെ കാണുമ്പോള്‍ അയാള്‍ക്ക് വയസ്സ് 38, അയാളെക്കാള്‍ 22 വയസ്സിന് ഇളപ്പമായിരുന്നു ഞാന്‍. ഏകദേശം അയാളുടെ മകളുടെ പ്രായം. 2004-ല്‍ ഞാന്‍ അയാള്‍ക്കൊപ്പം ഒരു പാര്‍ട്ടിക്ക് പോയി. മദ്യപിച്ചപ്പോള്‍ മയക്കം തോന്നി. എനിക്ക് തന്ന മദ്യത്തില്‍ പഞ്ചോളി എന്തോ കലര്‍ത്തിയിരുന്നുവെന്ന് ഞാന്‍ സംശയിക്കുന്നു. പാര്‍ട്ടി കഴിഞ്ഞതിന് ശേഷം അയാള്‍ എന്നെ വീട്ടില്‍ കൊണ്ടുവിടാം എന്ന് പറഞ്ഞു. വഴിയില്‍ കാര്‍ നിര്‍ത്തി അയാള്‍ എന്നെ പീഡിപ്പിക്കുകയും മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

പിന്നീട് കണ്ടപ്പോള്‍ അയാള്‍ പറഞ്ഞത് നമ്മള്‍ ഇപ്പോള്‍ ഭാര്യയും ഭര്‍ത്താവും പോലെയായെന്നാണ്. അപ്പോള്‍ മുമ്പ് പകര്‍ത്തിയ ചിത്രങ്ങള്‍ എനിക്ക് കാണിച്ചു തന്നു. എതിര്‍ത്താല്‍ ചിത്രങ്ങള്‍ പുറത്തു വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. 2004-2006 വരെ അയാള്‍ എനിക്ക് മേല്‍ ബലം പ്രയോഗിച്ച് ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചു. ഒരിക്കല്‍ ഞാന്‍ അയാള്‍ക്കെതിരെ പരാതി പറയാന്‍ മുതിര്‍ന്നപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു. എന്നെ കാണാന്‍ വരുമ്പോഴെല്ലാം അയാള്‍ മയക്കുമരുന്നു കൊണ്ടു വന്നിരുന്നു. ഞാന്‍ പോലും അറിയാതെ മയക്കി കിടത്തി് ബലാത്സംഗം ചെയ്തു.

ശല്യം സഹിക്കാനാകാതെ മുംബൈയില്‍ ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ഒറ്റയ്ക്ക് താമസിക്കാന്‍ തുടങ്ങി. ഒരിക്കല്‍ അയാള്‍ ഫ്ലാറ്റിന്റെ ഡൂപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടാക്കി കയറിക്കൂടി. എന്നെ ക്രൂരമായി പീഡിപ്പിച്ചു.

എന്നെ മാത്രമല്ല എന്റെ സഹോദരിയെയും അയാള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഞങ്ങളെ വെറുതെ വിടണമെങ്കില്‍ എനിക്ക് വേണ്ടി അയാള്‍ ചെലവഴിച്ച പണം തിരികെ ലഭിക്കണമെന്ന് പറഞ്ഞു. ഒരു കോടിയാണ് ആവശ്യപ്പെട്ടത്. ഞാന്‍ 50 ലക്ഷം രൂപ നല്‍കി. ഇപ്പോള്‍ കൂടുതല്‍ പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു. എന്റെ കരിയര്‍ തകര്‍ക്കുമെന്നും ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി- നടി പരാതിയില്‍ പറയുന്നു.