'പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി തന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചു, രണ്ടര മണിക്കൂറിനു ശേഷമാണ് അവിടെ നിന്നു രക്ഷപ്പെടാനായത്'; ദുരനുഭവം പങ്ക് വെച്ച് റഷാമി ദേശായ്

ഉത്തരന്‍, ദില്‍ സേ ദില്‍ തക് എന്നീ ഹിന്ദി സീരിയലുകളിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് റഷാമി ദേശായ്. ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ 13ാം സീസണിന്റെ ഫൈനലില്‍ വരെ റഷാമി എത്തിയിരുന്നു. ഇപ്പോഴിതാ പതിനാറാം വയസില്‍ കാസ്റ്റിംഗ് കൗച്ച് നേരിട്ടിതായി വെളിപ്പെടുത്തിയിരിക്കുകയാണ് റഷാമി. അഭിനയിക്കാന്‍ ആഗ്രഹിച്ച് എത്തിയ തന്നെ സൂരജ് എന്നൊരാള്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്ന് റഷാമി വെളിപ്പെടുത്തി.

“അയാളുടെ പേര് സൂരജ് എന്നായിരുന്നു. ആദ്യമായി കണ്ടപ്പോള്‍ എന്താണ് പദ്ധതി എന്ന് അയാള്‍ ചോദിച്ചു. പക്ഷേ, എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. എനിക്ക് അറിയില്ലെന്ന് ഞാന്‍ പറഞ്ഞു. കാര്യങ്ങളെ കുറിച്ച് എനിക്ക് വ്യക്തതയില്ല എന്ന് അയാള്‍ തിരിച്ചറിഞ്ഞു. കാസ്റ്റിംഗ് കൗച്ചിന് തയ്യാറായില്ലെങ്കില്‍ ജോലിയൊന്നും കിട്ടില്ലെന്ന് അയാള്‍ പറഞ്ഞു. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവസരം മുതലാക്കാനും എന്നെ ലൈംഗികമായി ചൂഷണം ചെയ്യാനും ശ്രമിച്ച ആദ്യത്തെയാള്‍ അയാളായിരുന്നു.”

“ഓഡീഷനു വിളിച്ചപ്പോള്‍ സന്തോഷത്തോടെയാണ് അവിടെ എത്തിയത്. എന്നാല്‍ അയാളല്ലാതെ മറ്റാരും അവിടെ ഇല്ലായിരുന്നു. അന്ന് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി അബോധാവസ്ഥയിലാക്കാനായിരുന്നു ശ്രമം. എനിക്ക് താത്പര്യമില്ലെന്ന് അയാളോട് ഞാന്‍ പറഞ്ഞു കൊണ്ടിരുന്നു. അതോടെ എങ്ങനെയെങ്കിലും എന്നെ വശീകരിക്കാനായി ശ്രമം. രണ്ടര മണിക്കൂറിനു ശേഷമാണ് അവിടെ നിന്നു രക്ഷപ്പെടാനായത്. പുറത്തിറങ്ങി എല്ലാ കാര്യങ്ങളും ഞാന്‍ അമ്മയോട് പറഞ്ഞു. പിന്നീട് അമ്മ അയാളെ ഒരു റസ്റ്റോറന്റിലേക്ക് വിളിച്ച് വരുത്തുകയും അടിക്കുകയും ചെയ്തു. ഇനി എന്നെ ഉപദ്രവിച്ചാല്‍ അയാളെ ഇല്ലാതാക്കുമെന്ന് ഭയപ്പെടുത്തി.” പിങ്ക് വില്ലയുമായുള്ള അഭിമുഖത്തില്‍ റഷാമി പറഞ്ഞു.