പേളി മാണിയുടെ ബോളിവുഡ് അരങ്ങേറ്റം, ശ്രദ്ധ നേടി 'ലുഡോ' ട്രെയ്‌ലര്‍; അഭിനന്ദനങ്ങളുമായി ആമിര്‍ ഖാന്‍

പേളി മാണിയുടെ ആദ്യ ബോളിവുഡ് ചിത്രം “ലുഡോ”യുടെ ട്രെയ്‌ലര്‍ പുറത്ത്. ജഗ്ഗാ ജാസൂസ് എന്ന ചിത്രത്തിന് ശേഷം അനുരാഗ് ബസു സംവിധാനം ചെയ്യുന്ന സിനിമയാണിത്. പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്‍, രാജ് കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, സാനിയ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ഒരേ സമയം നടക്കുന്ന നാല് കഥകളാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയ്‌ലറില്‍ നിന്നുള്ള സൂചന. അഭിഷേക് ബച്ചനും പങ്കജ് ത്രിപാഠിയുമാണ് ഒരു കഥയില്‍. രാജ്കുമാര്‍ റാവുവും സന ഫാത്തിമ ഷെയ്ഖും ഒരു കഥയില്‍ ഒരുമിക്കുമ്പോള്‍, സാനിയയും ആദിത്യയുമാണ് മറ്റൊന്നില്‍. നഴ്‌സിന്റെ വേഷത്തിലാണ് പേളി പ്രത്യക്ഷപ്പെടുന്നത്.

അനുരാഗ് ബസു, ഭുഷന്‍ കുമാര്‍, ദിവ്യ ഖോസ്ല കുമാര്‍, താനി സൊമാരിത ബസു, കിഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബര്‍ 12ന് നെറ്റ്ഫ്‌ളിക്‌സ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ചിത്രം റിലീസ് ചെയ്യും.

ചിത്രത്തിന്റെ ട്രെയ്‌ലറിനെ പുകഴ്ത്തി നടന്‍ ആമിര്‍ ഖാനും രംഗത്തെത്തിയിട്ടുണ്ട്. അനുരാഗ് ബസുവിനും ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ചാണ് ആമിറിന്റെ ട്വീറ്റ്. സിനിമ കാണാന്‍ കാത്തിരിക്കാനാവില്ല എന്നും ആമിര്‍ കുറിച്ചിട്ടുണ്ട്.