ഏഴു വര്‍ഷമായി കാനഡയില്‍ പോയിട്ടില്ല; അക്ഷയ് കുമാറിന്റെ വാദം തെളിവോടെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

നരേന്ദ്രമോദിയുമായി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ നടത്തിയ അഭിമുഖം വലിയ ചര്‍ച്ചയായിരുന്നു. രാജ്യം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ മോദിയുടെ വ്യക്തിപരമായ കാര്യങ്ങള്‍ മാത്രം ചര്‍ച്ചയാക്കിയത് ഏറെ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. ദേശഭക്ത് അക്ഷയ് കുമാര്‍ എന്ന ഹാഷ്ടാഗില്‍ ട്രോളുകള്‍ വരാന്‍ തുടങ്ങി. വലിയ വിമര്‍ശനങ്ങളാണ് നടന് ഏറ്റുവാങ്ങേണ്ടി വന്നത്.

തന്റെ പൗരത്വത്തെ കുറിച്ചും ചോദ്യമുയര്‍ന്നപ്പോള്‍ പ്രതികരിച്ച അക്ഷയ് കനേഡിയന്‍ പൗരത്വമുള്ള വിവരം താന്‍ നിഷേധിക്കുകയോ മറച്ചുവെയ്ക്കുകയോ ചെയ്തിട്ടില്ലെന്നാണ് പറഞ്ഞത്. ഏഴു വര്‍ഷമായി കാനഡ സന്ദര്‍ശിച്ചിട്ടില്ലെന്നും അന്ന് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ അക്ഷയ് കുമാറിന്റെ വാദം തെളിവോടെ പൊളിച്ചടുക്കി രംഗത്ത് വന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 2014 ല്‍ അക്ഷയ് കുമാര്‍ കാനഡയില്‍ പോയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

2014ല്‍ ഗായകന്‍ മിഖ സിംഗും ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയും പോസ്റ്റ് ചെയ്ത ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് സോഷ്യല്‍ മീഡിയ തെളിവായി നിരത്തിയത്. അക്ഷയ്, രാജ് കുന്ദ്ര, ശില്‍പ്പ ഷെട്ടി എന്നിവര്‍ക്കൊപ്പം ടൊറന്റോയില്‍ വിരുന്ന് ആഘോഷിച്ചിരുന്നുവെന്നാണ് മിഖാ സിംഗിന്റെ ട്വീറ്റ്.