ആത്മാക്കളുടെ സ്വപ്നങ്ങളും വ്യഥകളുമായി അനുഗ്രഹീതൻ ആന്റണി 

സാലിഹ് റാവുത്തർ 

മരണാനന്തരം നമ്മൾ എവിടെപ്പോകുന്നു എന്ന് ചിന്തിക്കാത്ത  മനുഷ്യരില്ല. മതങ്ങൾ നൽകുന്ന വിശദീകരണങ്ങൾക്കുപരിയായി ഈ വിഷയത്തിൽ പല സിദ്ധാന്തങ്ങളുമുണ്ട്. പ്രിസൺ എർത്ത് തിയറി, പാരലൽ യൂണിവേഴ്‌സ്, റീബർത്ത് തിയറി അങ്ങനെ പലതും. മരിച്ചവർ എങ്ങും പോകുന്നില്ല നമ്മുടെ ഇടയിൽത്തന്നെ മറ്റൊരു ഡൈമെൻഷനിൽ ജീവിക്കുന്നു എന്നു വിശ്വസിക്കാനിഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. സമാനമായ വിഷയം കൈകാര്യം ചെയ്യുന്ന ഫാന്റസി സെന്റിമെന്റൽ- എന്റർടൈനർ ചിത്രമാണ് “അനുഗ്രഹീതൻ ആന്റണി”.

അപ്പനെ (സിദ്ദീഖ്) അനുസരിക്കാതെ തോന്ന്യാസം നടക്കുന്നവനാണ്  ആന്റണി     (സണ്ണി വെയ്ൻ) എങ്കിലും അയാൾ വഷളനോ വെറുക്കപ്പെട്ടവനോ ഒന്നുമല്ല. രസികനും കുടുംബസ്നേഹമുള്ളവനുമൊക്കെയാണ്. പ്രണയമുണ്ടാകുന്നതോടെ ജീവിതത്തോട്  കൂടുതൽ ഉത്തരവാദിത്വം കാട്ടിത്തുടങ്ങിയപ്പോൾ സ്നേഹം പുറത്തുകാട്ടുന്ന പതിവില്ലെങ്കിലും അപ്പൻ ഏറെ സന്തോഷിക്കുന്നുണ്ട്. ഒരിക്കലവൻ തന്റെ പ്രണയിനി (ഗൗരി കിഷൻ) യെ കാണാനായി പോകുന്നതോടെ കഥ മാറിമറിയുന്നു.

കുടുംബത്തോട് ഉത്തരവാദിത്വമില്ലാത്ത മദ്യപിച്ച് ബോധമില്ലാതെ നടക്കുന്ന ആന്റപ്പൻ (സുരാജ് വെഞ്ഞാറമൂട്) പക്ഷെ മരിക്കുന്നതിനു മുമ്പ് ഭാര്യ(മാലാ പാർവ്വതി)ക്കും മകൾക്കുമായി വലിയൊരു ഭാഗ്യം കരുതിവെച്ചിരുന്നു. എന്നാൽ ആ ഭാഗ്യം അവരുടെ കൈകളിലെത്തിച്ചേരാനായി ആ  പരേതൻ അനുഭവിക്കുന്ന പിരിമുറുക്കം കാണികളും അനുഭവിക്കുന്നുണ്ട്. ജീവിച്ചിരിക്കുന്നവർക്ക് കാണാനോ മിണ്ടാനോ സ്പർശിക്കാനോ ഒന്നും കഴിയാത്ത ആത്മാക്കൾ പേറുന്ന  വ്യഥ നവീൻ ടി. മണിലാലിന്റെ തിരക്കഥയിലൂടെയും പ്രിൻസ് ജോയ് യുടെ സംവിധാനത്തിലും അനുഭവേദ്യമാകുന്നുണ്ട്.

അനശ്വരമായ ആത്മാവുണ്ടെങ്കിലും ആഗ്രഹങ്ങൾ പൂർത്തിയാകാതെ ദേഹാന്ത്യമുണ്ടാകുക  എന്നത് വലിയ ദൗർഭാഗ്യമായാണ് കരുതപ്പെടുന്നത്.  ആർക്കും വേണ്ടാത്ത ഒരാളായിരിക്കും ചിലപ്പോൾ മരണത്തോടെ വലിയ ഭാഗ്യം അനുഭവിക്കുക എന്ന് പിച്ചാത്തിപ്പിടി ദാസപ്പൻ (ബൈജു) എന്ന തെമ്മാടിയോട് ആന്റണി പറയുന്നത് ചിന്തനീയമായ വാക്കാണ്.

സഫലമാകാത്ത പ്രണയം, ചെയ്തു തീർക്കാൻ കഴിയാത്ത കടമകൾ, പ്രായശ്ചിത്തം ചെയ്യാൻ കഴിയാത്ത തെറ്റുകൾ ഇവയെല്ലാമാണ് പരേതരുടെ വ്യഥ എങ്കിൽ താൻ ജീവിച്ചിരിപ്പില്ല എന്ന സത്യം പ്രണയിനിയെ എങ്ങനെയെങ്കിലും അറിയിക്കണം എന്ന ചെറിയ ആഗ്രഹം മാത്രമാണ് ടൈറ്റിൽ കഥാപാത്രത്തിന്റേത്. വിഷയം മരണവും വിരഹവുമെല്ലാമാണെങ്കിലും  ചിത്രത്തിൽ  കോമഡിയും കൂടി അവസരബോധത്തോടെ അവതരിപ്പിക്കാൻ അണിയറശില്പികൾക്കു കഴിഞ്ഞിട്ടുണ്ട്.

മനു മഞ്ജിത്ത്‌ എഴുതി അരുൺ മുരളീധരൻ സംഗീതം നൽകി വിനീത് ശ്രീനിവാസൻ, ഹരിശങ്കർ, കൗശിക് മേനോൻ, അനന്യ  തുടങ്ങിയവർ ആലപിച്ച ഗാനങ്ങൾ മനോഹരമായി. ഹരിശങ്കർ ആലപിച്ച “കാമിനീ “എന്ന ഗാനം ഒരു കൊല്ലത്തോളമായി യുവജനങ്ങൾക്കിടയിലെ പ്രിയഗാനങ്ങളിലൊന്നാണ്. സെൽവകുമാർ എസ് ക്യാമറ ചലിപ്പിച്ച ചിത്രം നിർമ്മിച്ചത് എം ഷിജിത് ആണ്. ഇന്ദ്രൻസ്,  മുത്തുമണി, ജാഫർ ഇടുക്കി,ഷൈൻ ടോം ചാക്കോ , മണികണ്ഠൻ ആചാരി തുടങ്ങിയ താരങ്ങൾ കൂടി  അണിനിരക്കുന്ന ചിത്രത്തിന്റെ മറ്റൊരു സവിശേഷത മികച്ച കാസ്റ്റിംഗ് ആണ്.