ബ്ലാക്ക് കോഫി എത്തുമ്പോൾ

വിജയംവരിച്ച ഒരു ചിത്രത്തിന്‍റെ രണ്ടാം ഭാഗം പുറത്തിറങ്ങുമ്പോള്‍ നേരിടാവുന്ന സൃഷ്ടിപരമായ സ്വീകാര്യതയെ സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്ന പല അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. എന്നാല്‍ സോള്‍ട്ട് ആന്‍റ് പെപ്പറിന്‍റെ തുടര്‍ച്ചയായി “ബ്ലാക്ക് കോഫി” എത്തുമ്പോള്‍ വലിയ പ്രതീക്ഷയാണ് അത് സിനിമാ പ്രേമികള്‍ക്കു നല്‍കുന്നത്. ഹ്യൂമറിന് പ്രാധാന്യമുള്ളതോടൊപ്പംതന്നെ മുന്നേറുന്ന ആകാംക്ഷയും വഴിത്തിരിവുകളും ചിത്രത്തെ ഒരു ഈഗര്‍സം എന്‍റര്‍ടെയ്നറാക്കി മാറ്റിയിരിക്കുന്നു.

കാളിദാസനി (ലാല്‍) ല്‍നിന്നും ഒളിച്ചോടുന്ന കുക്ക് ബാബു (ബാബുരാജ്) എത്തിപ്പെടുന്നത് വ്യത്യസ്തസ്വഭാവങ്ങളുള്ള നാല് യുവതികളുടെ അടുത്താണ്. ഹനുമാന്‍ ഭക്തനായ ബ്രഹ്മചാരിയും രുചിയുടെ കൈവശക്കാരനുമായ ബാബു തന്‍റെ നിഷ്കളങ്കതകൊണ്ട് വരുത്തിവെക്കുന്ന കുഴപ്പങ്ങളും എന്നാല്‍ അതിലുംവലിയ കുഴപ്പങ്ങള്‍ അയാളുടെ കൈയില്‍ ദോശമാവുപോലെ വഴങ്ങിക്കൊടുക്കുന്നതും കാണാം.  ഒരുഭാഗത്ത് പ്രണയക്കുരുക്കുണ്ടെങ്കില്‍ മറുഭാഗത്ത് അതിന്‍റെ സാക്ഷാത്തായ വശവും കോര്‍ത്തിണക്കിയിരിക്കുന്നതില്‍ തിരക്കഥ വിജയിച്ചിരിക്കുന്നു. കഥാഗതിയുടെ ഒഴുക്കിന് തടസ്സമില്ലാതെ കടന്നുവരുന്ന ഹാസ്യരംഗങ്ങള്‍ തികച്ചും പുതുമയുള്ളതാണ്. പ്രശ്നബഹുലവും പിരിമുറുക്കമുള്ളതുമായ രംഗങ്ങളും അവയുടെ പരിണതിയുമെല്ലാം കാണികളെ ത്രില്ലടിപ്പിക്കും എന്നതില്‍ സംശയമില്ല.

ഓര്‍മ്മ ബോസ് എന്ന യുവതി തന്‍റെ ജീവിതത്തിലെ ഒരേടില്‍ നിന്നും കൊടുത്ത കഥയാണ് ചിത്രത്തിനാധാരം. അതിന് പ്രശംസാര്‍ഹമായ തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം നിര്‍വ്വഹിച്ച നടന്‍കൂടിയായ ബാബുരാജ് തന്‍റെ ബഹുമുഖമായ കഴിവുകള്‍ തെളിയിക്കുന്നു. കുക്ക് ബാബുവിന്‍റെ കുട്ടിത്തവും സ്ത്രൈണഭാവവും ഒട്ടുംതന്നെ അതിരുവിടാതെയുള്ള അഭിനയശൈലിയും എടുത്തുപറയേണ്ടതാണ്. ആല്‍ക്കഹോളിക് ആയ ഫാഷന്‍ ഡിസൈനറെ ലെന തന്‍റെ അനായാസമായ അഭിനയശൈലികൊണ്ട് മനോഹരമാക്കി. ഫാഷന്‍ മോഡലായി വരുന്ന ഓവിയ,  ബുദ്ധിമതിയായ ശുണ്ഠിക്കാരിയായി രചന നാരായണന്‍കുട്ടി, സണ്ണി വെയ്ന്‍, സിനില്‍ സൈനുദ്ദീന്‍, സ്ഫടികം ജോര്‍ജ്ജ്, പൊന്നമ്മ ബാബു, തെസ്നി ഖാന്‍, സുധീര്‍ കരമന, കോട്ടയം പ്രദീപ് തുടങ്ങിയവരും വേഷങ്ങള്‍ ഭംഗിയാക്കി.

പാചകക്കാരനും രുചിപ്രിയരും തമ്മിലുള്ള രസതന്ത്രം ഒരിക്കല്‍ക്കൂടി നമ്മളെ ഓര്‍മ്മിപ്പിക്കുന്ന ചിത്രത്തില്‍ കാളിദാസന്‍-മായ ദമ്പതികള്‍ (ലാല്‍-ശ്വേതാ മേനോന്‍) പലരംഗങ്ങളിലും കടന്നുവരുന്നുണ്ട്.  വിശ്വദീപ്തി ഫിലിംസിന്‍റെ ബാനറില്‍ സജീഷ് മഞ്ചേരി നിര്‍മ്മിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം ജെയിംസ് ക്രിസും ഗാനരചന റഫീഖ് അഹമ്മദും സംഗീതം ബിജിബാലും നിര്‍വ്വഹിച്ചിരിക്കുന്നു.