ദുബായ് പ്രവാസികളുടെ കഥപറയുന്ന 'ദെയ് രാ   ഡയറീസ്'

വൻതാരനിരയുടെ സാന്നിദ്ധ്യമില്ലാതെ മികച്ച പ്രതികരണം നേടുകയാണ് മധു കറുവത്ത്  നിർമ്മിച്ച് മസ്താഖ് റഹ്‌മാൻ കാരിയാടൻ എഴുതി സംവിധാനം ചെയ്ത “ദെയ് രാ   ഡയറീസ്” . പൂർണ്ണമായും ദുബായിൽ ചിത്രീകരിച്ച ചിത്രം പ്രവാസി ജീവിതത്തിന്റെ വിവിധ വശങ്ങളെ അനാവരണം ചെയ്യുന്നു.

നമ്മുടെ ജീവിതത്തിൽ എവിടെയെല്ലാമോ കണ്ടുമുട്ടുന്ന ചില മനുഷ്യരുണ്ട്. വലിയ പ്രത്യേകതകളൊന്നും അവകാശപ്പെടാതെ കടന്നുപോകുന്നവർ. പക്ഷെ ഒരുകാലത്ത് അവരുടെ സാന്നിദ്ധ്യം നമ്മൾ കൊതിച്ചുപോകും.  യൂസുഫ് എന്നൊരു പ്രവാസിയിലൂടെ ദെയ് രാ ഡയറീസ്  സഞ്ചരിക്കുമ്പോൾ നന്മയുദ്ദേശിച്ച് അന്യരുടെ കാര്യത്തിൽ പലപ്പോഴും ഇടപെടുന്ന പഴയ മനസ്സുള്ള ഒരാളെ നമുക്ക് കാണാം. അനാവശ്യമായ ഇടപെടലിന് പഴിയും ശാസനയും കേൾക്കുമ്പോഴെല്ലാം അയാൾ ക്ഷമചോദിച്ച് കടന്നുപോകും.

ഗൾഫിന്റെ മണ്ണ് പശിമയുള്ളതാണെന്നു പറയാറുണ്ട്.  നാട്ടിലേക്കു മടങ്ങിയാലും പിന്നിൽനിന്നും അത്   മാടിവിളിച്ചുകൊണ്ടിരിക്കും. ഏകാന്തരായി എത്രയോ മനുഷ്യർ പതിറ്റാണ്ടുകൾ ജീവിച്ച് അവിടങ്ങളിൽ മരിച്ചിരിക്കുന്നു. പിറന്ന നാട് അവരെ മോഹിപ്പിക്കുന്നുണ്ടെന്ന് പറയാറുണ്ടെങ്കിലും  നാട്ടിൽ മടങ്ങിയെത്തിയ ഒരു ചിരകാല പ്രവാസിക്ക് അറുപതുവയസ്സായാൽപ്പോലും നാട്ടിൽ വന്നു  ജീവിക്കാൻ കഴിയില്ല. കാരണം നമ്മൾ ഏറ്റവുമധികം സ്നേഹിക്കുന്നത് ജീവിതത്തിൽ ഏറ്റവുമധികം കണ്ട സ്ഥലവും കാഴ്ചകളുമാണ്.  കൂടാതെ സാഹചര്യങ്ങൾ അവരെ വീണ്ടും കടൽ കടത്തിയിരിക്കും.

കിരൺ, അമൽ, ലക്ഷ്മി എന്നീ സുഹൃത്തുക്കൾ ഒരുമിച്ചാണ് ബിസിനസ്സ് ചെയ്യാനായി കടമെടുക്കുന്നത്. ലക്ഷ്മിയോടുള്ള മൗനാനുരാഗം അമലിനെ അവളിലെത്തിച്ചില്ല. പകരം അവൾ കിരണുമായി ജീവിതമാരംഭിക്കുന്നു. അവർക്കുവേണ്ടിക്കൂടി തന്റെ ജീവൻ പണയപ്പെടുത്തി എടുത്ത കടം തീർക്കാൻ അമലിനു കഴിയുമോ ?

വിവാഹജീവിതമാരംഭിച്ച് ഒരു മകളുണ്ടായതിനുശേഷവും അന്യരായി ജീവിക്കുന്ന സിദ്ധാർത്ഥ് – മഞ്ജു ദമ്പതികൾ. പരസ്പരം പറഞ്ഞുതീർക്കാൻ കഴിയാത്ത വാശിയുമായി ജീവിക്കുന്ന അവർ ഒരിക്കൽ ഞെട്ടുന്നത് തങ്ങളുടെ വഴക്കു കണ്ടുമടുത്ത മകൾ യൂസുഫ് അങ്കിളിനെ കാണണം എന്നുപറഞ്ഞു കരയുമ്പോഴാണ്. അവരെ ഒരുമിച്ചുചേർക്കാൻ പാടുപെട്ടിട്ടും പരാജയപ്പെട്ട് എങ്ങോ പൊയ്ക്കളഞ്ഞ യൂസുഫിന് കുട്ടിയുടെ  മനസ്സിൽ ലഭിച്ച സ്ഥാനം അവരുടെ കണ്ണുതുറപ്പിക്കുമോ ?

ജീവിതം ഒറ്റയ്ക്ക് ജീവിച്ചുതീർക്കാൻ തീരുമാനിച്ച പൂജയോട് വിഭാര്യനായ മാർട്ടിൻ നടത്തുന്ന വിവാഹാഭ്യർത്ഥന നിരസിക്കപ്പെടുന്നു. തന്നാൽ അപമാനിക്കപ്പെട്ട യൂസുഫിനെ അവൾ തേടിനടക്കുന്നത് എന്തിനായിരിക്കും ? അയാളുമായി വീണ്ടുമൊരു കൂടിക്കാഴ്ചയുണ്ടായാൽ അവളുടെ ജീവിതത്തിൽ വരുന്ന മാറ്റം എന്തായിരിക്കും. മുൻവിധികളില്ലാത്ത തുറന്ന മനസ്സുള്ള ആരതി എന്ന കൂട്ടുകാരി എങ്ങനെയാണ് അവളുടെ തീരുമാനങ്ങളിൽ പങ്കാളിയാകുന്നത് ?

എംബിഎ പാസ്സായ തനിക്ക് ചെറിയ ശമ്പളമുള്ള  ജോലി വേണ്ടെന്നുപറഞ്ഞു വലിച്ചെറിഞ്ഞ  ഷാനുവിന് പുനർ വിചാരമുണ്ടാകുമ്പോൾ നിരസിച്ച ജോലി വീണ്ടും തേടിപ്പോകാൻ  സാധിക്കുമോ ? ദുരഭിമാനമാനമല്ല വിട്ടുവീഴ്‌ചയും സഹനവുമാണ്  ഒരു ജീവിതം തരുന്നത് എന്നബോധ്യമാകുമ്പോൾ അവിടെയും സഹായത്തിനെത്തുന്നുണ്ട്  വേണ്ടാത്ത കാര്യത്തിൽ ഇടപെടുന്നു എന്ന ചീത്തപ്പേരുള്ള ഒരാൾ.

കടുംകുരുക്കിൽ വീണുപോയി ജീവിതത്തിലെ അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട് സ്വയം ജീവനൊടുക്കാൻ തീരുമാനിച്ച അവസാനനിമിഷത്തിൽ നിന്നും  ഒരാൾ ജീവിതത്തിലേക്ക്  മടങ്ങിവരുമോ ? സ്വയമൊടുങ്ങി രക്ഷപ്പെടാൻ കൊതിക്കുമ്പോഴും കഥയൊന്നുമറിയാതെ  അവിടെയുമെത്തുമോ അന്യരുടെ കാര്യത്തിൽ ആവശ്യമില്ലാതെ ഇടപെടുന്ന ആ ശല്യക്കാരൻ ?

പ്രേക്ഷകർക്ക്  ഏറെ പരിചിതനായ അബു  വളയംകുളമാണ് യൂസുഫിന്റെ വേഷത്തിൽ. റേഡിയോ ജോക്കിയായി തിളങ്ങിയ  അർഫാസ് ഇക്‌ബാൽ, ഷാലു റഹീം ഇവരെക്കൂടാതെ കൂടാതെ മികച്ച അഭിനേതാക്കൾ വെള്ളിത്തിരയിലെത്തുന്നു.

ദെയ്റാ ഡയറീസിൽ നിരവധി ജീവിതങ്ങളുണ്ട്. അവയെ ആസ്വാദ്യതയുടെ കണ്ണികൾ  വിട്ടുപോകാതെ കോർത്തിണക്കിയിരിക്കുന്നത് സംവിധായകന്റെ കഴിവാണ്. എടുത്തുപറയേണ്ട മറ്റൊരു സംഗതി ഇതിലെ അഭിനേതാക്കൾ ഒന്നടങ്കം പരിചയസമ്പന്നത കൈവന്ന കലാകാരന്മാരോളംതന്നെ  തെറ്റില്ലാത്ത പ്രകടനം കാഴ്ചവെച്ചിരിക്കുന്നു എന്നതാണ്.  ജോ പോളിന്റെ വരികൾ, സിബു സുകുമാരന്റെ സംഗീതം എല്ലാം ചേർന്ന്  പ്രതീക്ഷ നൽകുന്നതും കണ്ടിരിക്കേണ്ടതുമായ ഒരു  ചിത്രമാണ്  “ദെയ് രാ   ഡയറീസ്”.