Sunday, 9 August 2026
‘Honest storytelling is a powerful means of change
04:17:17 PM IST
National

​ആഞ്ഞടിക്കാൻ മൺസൂൺ, ഒന്നിക്കുന്നത് 7 കാലാവസ്ഥാ പ്രതിഭാസങ്ങൾ; രാജ്യത്ത് വരും ദിവസങ്ങൾ അതീവ നിർണായകം

SHARE

ഇന്ത്യൻ മൺസൂണിനെ സ്വാധീനിക്കുന്ന ഏഴ് പ്രധാന കാലാവസ്ഥാ വ്യതിയാനങ്ങൾ ഒരുമിച്ചെത്തിയതോടെ രാജ്യത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്കും പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലുമാണ് വലിയ തോതിലുള്ള പ്രളയസാധ്യത പ്രവചിക്കുന്നത്. വരും ദിവസങ്ങൾ രാജ്യത്തെ സംബന്ധിച്ച് നിർണായകമാകുമെന്നാണ് വിലയിരുത്തൽ. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നദികൾ കരകവിയാനും ഗുജറാത്തിൽ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. ഇതിന് പുറമെ ബിഹാർ, കിഴക്കൻ ഉത്തർപ്രദേശ്, നേപ്പാൾ അതിർത്തി മേഖലകൾ, വടക്കൻ ബംഗാൾ എന്നിവിടങ്ങളിലും കനത്ത മഴ പെയ്യും.


​രാജ്യത്ത് മഴ കടുപ്പിക്കുന്നതിന് പ്രധാനമായും ഏഴ് ഘടകങ്ങളാണ് നിലവിൽ കാരണമായിരിക്കുന്നത്. ഇതിൽ ആദ്യത്തേത് സൊമാലി ജെറ്റ് എന്നറിയപ്പെടുന്ന താഴ്ന്ന തലത്തിലുള്ള കാറ്റാണ്. ചൂടുപിടിച്ച സമുദ്രത്തിന് മുകളിലൂടെ വരുമ്പോൾ വലിയ തോതിൽ നീരാവി ശേഖരിക്കുന്ന ഈ കാറ്റ് മൺസൂണിന്റെ ശക്തി ഇരട്ടിയാക്കുന്നു. രണ്ടാമതായി ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദം നിലവിൽ വിദർഭയ്ക്ക് മുകളിലാണുള്ളത്, ഇത് ഗുജറാത്ത് ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. കാലവർഷത്തിന്റെ നട്ടെല്ലായ മൺസൂൺ ട്രഫ് ഹിമാലയൻ അടിവാരങ്ങളിലേക്ക് മാറുന്നതാണ് മറ്റൊരു കാരണം. ഇതോടെ വടക്കൻ മലയോര മേഖലകളിൽ മഴ ശക്തമാകും.


​അക്ഷാംശം 21 ഡിഗ്രി വടക്കിന് സമീപമുള്ള ഈസ്റ്റ്-വെസ്റ്റ് ഷിയർ സോണിൽ കാറ്റിന്റെ ഗതിയും വേഗതയും പെട്ടെന്ന് മാറുന്നത് മധ്യേന്ത്യയിൽ അതിശക്തമായ മഴയ്ക്ക് കാരണമാകുന്നുണ്ട്. തെക്കൻ ഗുജറാത്ത് മുതൽ വടക്കൻ കേരള തീരം വരെയുള്ള ഓഫ്-ഷോർ ട്രഫ് അഥവാ ന്യൂനമർദ പാത്തി അറബിക്കടലിൽ നിന്നുള്ള ഈർപ്പമുള്ള വായുവിനെ കരയിലേക്ക് തള്ളിവിട്ട് കൊങ്കൺ, ഗോവ, തീരദേശ കർണാടക എന്നിവിടങ്ങളിൽ തുടർച്ചയായ മഴ ഉറപ്പാക്കുന്നു. ഇതിന് പുറമെ പഞ്ചാബിനും ഹരിയാനയ്ക്കും മുകളിലുള്ള വെസ്റ്റേൺ ഡിസ്റ്റർബൻസ് മൺസൂൺ ഈർപ്പവുമായി കൂടിച്ചേർന്ന് വടക്കുപടിഞ്ഞാറൻ മലയോര മേഖലകളിൽ ശക്തമായ മഴ നൽകുന്നുണ്ട്. അസമിന് മുകളിൽ രൂപപ്പെട്ടിരിക്കുന്ന ചുഴലി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൻതോതിൽ ഈർപ്പം നിലനിർത്തുകയും പ്രളയസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നതാണ് അവസാനത്തെ പ്രധാന ഘടകം.
​ഈ സാഹചര്യത്തിൽ ഹിമാലയൻ പർവതനിരകളുടെ അടിവാരങ്ങൾ, ബിഹാർ, അസം എന്നീ മേഖലകളിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയാണ് പ്രവചിക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് അസം, ബിഹാർ, കിഴക്കൻ ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അധികൃതർ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →