Wednesday, 19 August 2026
‘Honest storytelling is a powerful means of change
05:29:11 PM IST
National

മണ്ഡല പുനര്‍നിര്‍ണയ വനിതാ സംവരണ ബില്ലുകള്‍ ഒന്നിച്ചു പാസാക്കാന്‍ ഒരുങ്ങി മോദി സര്‍ക്കാര്‍; പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് കരുനീക്കം; തൃണമൂല്‍- ശിവസേന കൂറുമാറ്റക്കാരില്‍ പ്രതീക്ഷ

ന്യൂസ് ഡെസ്ക് 5 August 2026, 5:48 pm
SHARE

മണ്ഡല പുനര്‍നിര്‍ണയ ബില്ലും വനിതാ സംവരണ ഭേദഗതി ബില്ലും ലോക്‌സഭയില്‍ ഒന്നിച്ച് പാസാക്കിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. മണ്ഡല പുനര്‍നിര്‍ണയം, വനിതാ സംവരണ ബില്‍ ഭേദഗതി എന്നിവ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റില്‍ മൂന്നുദിവസത്തെ പ്രത്യേക സമ്മേളനം ചേരാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ഈ ഓഗസ്റ്റ് 17-ന് വിളിച്ചുചേര്‍ത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈമാസം 13-ന് മണ്‍സൂണ്‍ സമ്മേളനം അവസാനിച്ചാലും സഭ അനിശ്ചിതകാലത്തേക്ക് പിരിയാന്‍ സാധ്യതയില്ല. തൊട്ടടുത്ത ദിവസങ്ങളില്‍ പ്രത്യേക സമ്മേളനമുണ്ടായേക്കും.

ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളോട് സര്‍ക്കാര്‍ നിര്‍ദേശം തേടി. ഇക്കാര്യത്തില്‍ മറ്റു പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമറിയിക്കാമെന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. നിര്‍ദിഷ്ട ഭേദഗതി ബില്ലുകള്‍ ഏപ്രിലില്‍ ചേര്‍ന്ന ബജറ്റ് സമ്മേളനത്തില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടിരുന്നു. ഭേദഗതിക്കുവേണ്ട മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ സര്‍ക്കാരിനു കഴിഞ്ഞിരുന്നില്ല. അന്ന് സഭയില്‍ ഹാജരായിരുന്ന 528 എംപിമാരില്‍ 298 പേര്‍ മാത്രമാണ് ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തത്. 230 പേര്‍ എതിര്‍ത്തു. ഇതോടെ 54 വോട്ടിന് ബില്‍ പരാജയപ്പെടുകയായിരുന്നു. 352 വോട്ടായിരുന്നു മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ വേണ്ടിയിരുന്നത്.

പിന്നീട് നടന്ന പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ്, ഉദ്ദവ് താക്കറെയുടെ ശിവസേന എന്നിവയില്‍നിന്ന് കൂറുമാറ്റങ്ങളുണ്ടായത് എന്‍.ഡി.എ.യുടെ നില ശക്തമാക്കി. ഇന്ത്യാ സഖ്യത്തിലുള്ള ഡി.എം.കെ., കോണ്‍ഗ്രസുമായി അകന്നതും ബി.ജെ.പി.ക്ക് പ്രതീക്ഷയ്ക്ക് വകനല്‍കുന്നു. ഇതോടെ ലോക്സഭയില്‍ 360 എം.പി.മാരുടേയും രാജ്യസഭയില്‍ 164 എം.പി.മാരുടേയും ഭൂരിപക്ഷം വേണ്ടിടത്ത്, ആ ലക്ഷ്യത്തിലേക്കുള്ള ദൂരം കുറഞ്ഞുവെന്നാണ് എന്‍.ഡി.എ.യുടെ അനുമാനം.

ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കിയെടുക്കുന്നതിനാവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം. ആവശ്യമായ അംഗബലം ലഭിച്ചാലുടന്‍ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാനാണ് നീക്കം. നിലവില്‍, തൃണമൂല്‍ കോണ്‍ഗ്രസിലെയും ശിവസേന ഉദ്ധവ് വിഭാഗത്തിലെയും വിമത എംപിമാരെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാനായതോടെ ബില്‍ പാസാക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ.

കോണ്‍ഗ്രസിന്റെകൂടി പിന്തുണ ഉറപ്പാക്കാന്‍ പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍, റിജിജുവിന്റെ ആവശ്യം രാഹുല്‍ തള്ളി. രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് ആരോപണത്തിലും ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ നടന്ന പോലീസ് നടപടിയില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ മൗനം തുടരുന്നതിലും ചര്‍ച്ചയില്ലാതെ സഭാനടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം റിജിജു ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായും അമിത്ഷായുമായും ചര്‍ച്ചനടത്തി.

Read More

‘വക്താക്കൾക്ക് ശമ്പളം കൊടുക്കുന്നില്ല, ഒന്നാംതീയതി വീട്ടുടമ വാടക ചോദിക്കും ; ബിജെപിക്കാരനായതുകൊണ്ട് എനിക്ക് വീട്ടുടമസ്ഥൻ സൗജന്യമൊന്നും നൽകില്ല: പാർട്ടി വിടാനുള്ള കാരണം പറഞ്ഞ് ഷെഹ്‌സാദ് പൂനാവാല

s
ന്യൂസ് ഡെസ്ക്
View all posts →