സ്ലീപ്പർ ക്ലാസ് ടിക്കറ്റുമായി എസി കോച്ചിൽ യാത്ര; ആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ ബ്ലേഡ് കൊണ്ട് ആക്രമണവും; നടി അറസ്റ്റിൽ
ആരവല്ലി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മോഡലും നടിയുമായ അന്തര ബാനർജി അറസ്റ്റിൽ. മുംബൈയിൽ നിന്ന് സൂറത്തിലേക്ക് പോകുന്നതിനിടെ സ്ലീപ്പർ ക്ലാസ് ടിക്കറ്റുമായി എസി കോച്ചിൽ യാത്ര ചെയ്ത അന്തരയോട് സീറ്റ് ഒഴിയാൻ യാത്രക്കാർ ആവശ്യപ്പെട്ടതോടെയാണ് തർക്കമുണ്ടായത്. പിന്നീട് തർക്കം ആർപിഎഫ് ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിലേക്ക് വഴിമാറുകയായിരുന്നു.
ഓഗസ്റ്റ് 12-നാണ് സംഭവം നടന്നത്. സീറ്റിൽ നിന്ന് മാറാൻ നടി വിസമ്മതിച്ചതിനെ തുടർന്ന് ടിക്കറ്റ് കളക്ടർ ഹരികേഷ് ത്രിപാഠി ആർപിഎഫിനെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ യാമിനികാന്ത് മിശ്രയോടും കോൺസ്റ്റബിൾ രാജേഷ് കുമാറോടും നടി വാക്കുതർക്കത്തിലേർപ്പെട്ടു.
ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന് പിന്നാലെ വസ്ത്രങ്ങൾ അഴിച്ചുമാറ്റിയ അന്തര കയ്യിലുണ്ടായിരുന്ന റേസർ ബ്ലേഡ് ഉപയോഗിച്ച് എഎസ്ഐ യാമിനികാന്തിനെ ആക്രമിച്ചു. ആക്രമണത്തിൽ യാമിനികാന്തിന് പരിക്കേറ്റു. ഇതിനിടെ അന്തര സ്വയം പരിക്കേൽപ്പിക്കുകയും ഉദ്യോഗസ്ഥന്റെ യൂണിഫോമും മൊബൈൽ ഫോണും നശിപ്പിക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു.
നടി ട്രെയിനിന്റെ ചില്ല് തകർത്ത് രക്ഷപ്പെടാനും ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ട്. ഏകദേശം ഒരു മണിക്കൂറോളം നീണ്ട സംഘർഷത്തിനൊടുവിൽ ദഹാനു റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഇറക്കിയ നടിയെ ഗവൺമെന്റ് റെയിൽവേ പൊലീസിന് (ജിആർപി) കൈമാറുകയായിരുന്നു.
എസി കോച്ചിലേക്കുള്ള ടിക്കറ്റ് ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആക്രമണത്തിന് കാരണമെന്ന് നടി മൊഴി നൽകിയതായി ബോറിവലി ജിആർപി ഇൻസ്പെക്ടർ കുന്ദ ഗവാഡെ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷമാണ് നടി ശാന്തയായതെന്നും ബന്ധുക്കളെയോ അഭിഭാഷകനെയോ ബന്ധപ്പെടാൻ അവർ തയ്യാറായില്ലെന്നും പൊലീസ് അറിയിച്ചു.
മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപകേസ് ; ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസ്
യാത്രക്കാർ 50 ശതമാനം വർധിച്ചെങ്കിലും വരുമാനം കുറഞ്ഞു; ടിക്കറ്റിൽ പരസ്യം നൽകി പണമുണ്ടാക്കാൻ ഒരുങ്ങി കെഎസ്ആർടിസി