ഇന്ത്യയിലെ കർഷക പ്രതിഷേധത്തിന്റെ ഫലം എന്തായിരിക്കും?

ഡൽഹിയിലേക്കുള്ള ദേശീയപാതകൾ ഓരോന്നായി ഉപരോധിക്കുകയാണ്. ആദ്യം സിംഘു, തിക്രി അതിർത്തികളാണ് പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള കർഷകർ കൈയേറിയത്. പിന്നീട് ഉത്തർപ്രദേശിൽ നിന്നും ഉത്തരാഖണ്ഡിൽ നിന്നുമുള്ള കർഷകർ ഗാസിപൂർ അതിർത്തി കൈയേറി. ഇപ്പോൾ, കർഷകർ ഡൽഹിയുടെ പ്രാന്തപ്രദേശത്തുള്ള പൽവാലിലെ ദേശീയപാത തടയാൻ തുടങ്ങി.

രാജസ്ഥാനിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനാൽ, സർക്കാർ ഈ രീതിയിൽ തുടരുകയാണെങ്കിൽ ഡൽഹിയിലേക്കുള്ള അഞ്ചാമത്തെ റോഡ് തടയപ്പെടും. ശൈത്യകാലം ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ ഈ പ്രക്ഷോഭത്തിന്റെ ഭാഗമായി നിരവധി പ്രതിഷേധക്കാർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടു.

ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഓർഡിനൻസുകൾ പുറപ്പെടുവിക്കുക, തുടർന്ന് ആഴ്ചകളോളം കർഷകരേയും അവരുടെ പ്രതിഷേധത്തേയും അവഗണിക്കുക, തുടർന്ന് 3 കാർഷിക നിയമങ്ങൾ ബലമായി പാസാക്കുക, നിരവധി തടസ്സങ്ങൾ സൃഷ്ടിക്കുക, കർഷക നേതാക്കൾക്കെതിരെ പൊലീസ് അടിച്ചമർത്തൽ അഴിച്ചുവിടുക തുടങ്ങിയ സർക്കാരിന്റെ മനോഭാവം ഈ നിയമനിർമ്മാണങ്ങളോട് പൂർണമായും പോരാടാനുള്ള കർഷകരുടെ ദൃഢനിശ്ചയം വർദ്ധിപ്പിക്കുകയാണ് ചെയ്തത്. കർഷകരുടെ ആവശ്യങ്ങൾ വ്യക്തമാണ് – അവിടെയും ഇവിടെയും ഭേദഗതികൾ വരുത്തിയിട്ട് കാര്യമില്ല, 3 കാർഷിക നിയമങ്ങൾ പൂർണമായി റദ്ദാക്കുക, ഒപ്പം താങ്ങുവില ഉറപ്പാക്കുന്നതിന് ഒരു നിയമനിർമ്മാണവും. കരട് വൈദ്യുതി ഭേദഗതി ബിൽ 2020 പിൻവലിക്കണമെന്നും ഡൽഹിയിലെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട പുതിയ ഓർഡിനൻസിന്റെ നിയന്ത്രണ, ശിക്ഷാ വ്യവസ്ഥകളിൽ നിന്ന് കർഷകരെ ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

ഇന്ത്യൻ സമൂഹം കർഷകരോട് ക്രിയാത്മകമായാണ് പ്രതികരിക്കുന്നത്. എല്ലാത്തിനുമുപരി, നമ്മളെ ജീവനോടെ നിലനിർത്തുന്ന നമ്മുടെ അന്നദാതാക്കളാണ് അവർ. ഏതൊരു ജനാധിപത്യത്തിലുമെന്ന പോലെ, കർഷക സമരത്തെ പിന്തുണച്ച്‌ വിവിധ രാഷ്ട്രീയ പാർട്ടികൾ മുന്നോട്ട് വരുന്നുണ്ട്. പ്രാദേശിക സമൂഹങ്ങൾ ഊഷ്മളമായ ആതിഥ്യം നൽകുന്നു. ആഗോള പൗരന്മാരും സർക്കാരുകളും പ്രതികരിക്കുന്നു.

എന്നിരുന്നാലും, കാർഷിക മന്ത്രാലയവുമായി അഞ്ച് തവണ ചർച്ചകൾ നടത്തിയിട്ടും ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടും കർഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറല്ല. സൗഹാർദ്ദപരമായ പശ്ചാത്തലത്തിലാണ് ഒന്നിലധികം ഘട്ട ചർച്ചകൾ നടന്നിട്ടുള്ളതെങ്കിലും, കർഷകർക്ക് മുമ്പിൽ മുട്ടുമടക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. നിയമങ്ങൾ റദ്ദാക്കണമെന്നാണ് കർഷകർ ആഗ്രഹിക്കുന്നത്, ഭേദഗതികൾക്ക് മാത്രമാണ് സർക്കാർ തയ്യാറായത്. എം‌എസ്‌പിക്കായി നിയമപരമായ ഒരു ചട്ടക്കൂട് കർഷകർ ആഗ്രഹിക്കുന്നു, എം‌എസ്‌പിയും സംഭരണവും നിലവിലെ രീതിയിൽ തുടരുമെന്ന് “രേഖാമൂലമുള്ള ഉറപ്പ്” നൽകാൻ സർക്കാർ തയ്യാറാണ്.

ഈ പ്രതിസന്ധി പ്രതിഫലിപ്പിക്കുന്നത് അമ്പിനും വില്ലിനും അടുക്കാത്ത കർഷക നേതാക്കളുടെ മനോഭാവത്തെയാണെന്ന് വിശ്വസിക്കുന്ന ചിലരുണ്ട്. ഇതിൽ ഒരു വ്യക്തത വരുത്താൻ ഞാൻ ആഗ്രഹിക്കുന്നു. തങ്ങളെ സംബന്ധിച്ചിടത്തോളം ഏക പരിഹാരം എന്നത് നിയമങ്ങൾ റദ്ദാക്കുകയാണെന്ന വിഷയത്തിൽ കർഷക നേതാക്കൾ നൽകിയ പ്രസ്താവനകളിൽ നിന്ന് ഇനി പറയുന്നവ വ്യക്തമാണ്.

ഒന്ന്, നിയമങ്ങളുടെ ലക്ഷ്യങ്ങൾ തെറ്റാണെന്ന് മാത്രമല്ല, സാധാരണ പൗരന്മാരുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി മൂന്ന് നിയമങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നു (ഈ നിയമങ്ങൾ പരസ്പരം യോജിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അതിനാലാണ് അവ ഒരുമിച്ച് കൊണ്ടുവന്നതെന്നും സർക്കാരിനറിയാം).

ഒരു നിയമത്തിന്റെ ലക്ഷ്യം തന്നെ ആക്ഷേപകരമാകുമ്പോൾ, നിയമത്തിലെ നിരവധി നിർവചനങ്ങൾ, പ്രവർത്തനവത്കരണ വ്യവസ്ഥകൾ, നിയമലംഘനങ്ങൾ, പിഴകൾ എന്നിവയുൾപ്പെടെയുള്ള വ്യവസ്ഥകളും തെറ്റായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. കാർഷിക ബിസിനസുകൾക്കായി നിയന്ത്രണം മാറ്റല്‍, സൗകര്യപ്രദമായ സജ്ജീകരണം സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യങ്ങൾ‌ക്കായുള്ള നിക്ഷേപം,‌ കർഷകരുടെ താത്പര്യങ്ങൾ‌ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം എന്നിവയിൽ‌ നിന്നും സർക്കാർ പിന്മാറുകയെന്നതും നിയമത്തിന്റെ ലക്ഷ്യമാണ്.

രണ്ട്, ഈ നിയമങ്ങൾ കാർഷിക വിപണികളുടെ സംസ്ഥാനതല നിയന്ത്രണത്തെ ദുർബലപ്പെടുത്താൻ വ്യക്തമായും ശ്രമിച്ചു. ഇത് നിയമങ്ങളുടെ ഭരണഘടനാ സാധുതയെ കുറിച്ചുള്ള ഒരു ചോദ്യം ഉയർത്തുന്നു. കൺകറന്റ് ലിസ്റ്റിലെ ഐറ്റം നമ്പർ 33 ൽ ഉൾപ്പെടുന്നതാണ് ഇതെന്ന് ഇന്ത്യൻ സർക്കാർ വാദിക്കുമ്പോൾ, “വിപണികൾ”, “വ്യാപാരം” എന്നിവ തമ്മിൽ വ്യത്യാസം ഉണ്ടെന്ന് കർഷക യൂണിയനുകൾ പറയുന്നു, കൂടാതെ കർഷകർ കമ്പോളങ്ങളുമായി ഇടപഴകുന്നതിന്റെ ആദ്യ പോയിന്റ് ഇന്ത്യയുടെ ഭരണഘടനയുടെ ഏഴാമത്തെ ഷെഡ്യൂൾ പ്രകാരം ഒരു സംസ്ഥാന വിഷയമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.

നിയമങ്ങൾ പാസാക്കിയതിനെ കുറിച്ചും അവ എങ്ങനെയാണ് കോവിഡിന്റെ മറവിൽ കൊണ്ടു വന്നതെന്നതിനെ കുറിച്ചും ഇതിനകം തന്നെ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. പ്രധാന പങ്കാളികളുമായി നിർദ്ദിഷ്ട കൂടിയാലോചനകൾ ഉൾപ്പെടെ പൊതുജനങ്ങളുടെ അഭിപ്രായം ആരായുന്നതിന് തയ്യാറാക്കിയ കരട് നിയമത്തിൽ നിന്നാണ് നല്ല നിയമനിർമ്മാണം ആരംഭിക്കുന്നത്.

സർക്കാർ പാർലമെന്റിൽ ഒരു ബിൽ അവതരിപ്പിക്കുകയും ബില്ലിനെ കുറിച്ച് പഠിക്കുന്ന ഒരു പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ നിന്ന് വരുത്തേണ്ട മാറ്റങ്ങൾക്കായി ധാരാളം ശുപാർശകൾ സ്വീകരിക്കുകയും ചെയ്താൽ പോലും നിയമനിർമ്മാണത്തിൽ ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. വളരെയധികം ഭേദഗതികൾ വരുത്തുമ്പോൾ, ബില്ല് റദ്ദാക്കുന്നതാണ് അഭികാമ്യം.

കർഷകരുടെ പ്രതിഷേധത്തെ സർക്കാർ അവഗണിക്കുകയാണെന്ന് കർഷക നേതാക്കൾ പറയുന്നു, ഭേദഗതികളെ കുറിച്ച് സംസാരിച്ചിട്ട് ഇനി കാര്യമില്ല, നിയമങ്ങൾ പൂർണമായി റദ്ദാക്കണമെന്ന് കർഷകർ ആഗ്രഹിക്കുന്നു, എത്ര സമയമെടുത്താലും പിന്നോട്ടില്ലെന്ന കാര്യത്തിൽ അവർ ഉറച്ചുനിൽക്കുന്നു.

ഈ വിഷയത്തെ അഭിമാനത്തിന്റെയും രാഷ്ട്രീയ നിലപാടിന്റെയും പ്രശ്നമായി കരുതുന്നില്ലെങ്കിൽ നിയമം റദ്ദാക്കാതിരിക്കാൻ സർക്കാരിന് മുന്നിൽ വേറെ ഒരു കാരണവും കാണുന്നില്ല. എന്തുകൊണ്ടാണ് നിയമങ്ങൾ പിൻ‌വലിക്കാത്തതെന്ന് വ്യക്തമായി ചോദിച്ചപ്പോൾ, ‘സർക്കാരിന് അതിന്റേതായ ബാദ്ധ്യതകളുണ്ട്’ എന്നായിരുന്നു പ്രതികരണം. ഇത് ന്യായീകരിക്കാനാവില്ല.

അവസാനമായി, കാർഷിക നേതാക്കൾക്ക് സർക്കാർ അയച്ച “വ്യക്തമായ നിർദ്ദേശം” വാസ്തവത്തിൽ കാർഷിക മന്ത്രി ഡിസംബർ 5- ലെ ചർച്ചകളിൽ പറഞ്ഞതിനേക്കാൾ വളരെ കുറവാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്! എം‌എസ്‌പിയെ കുറിച്ചും സംഭരണത്തെ കുറിച്ചും, നിലവിലെ ഭരണം തുടരുമെന്ന് ഉറപ്പ് രേഖാമൂലം നൽകുന്നതിനെക്കുറിച്ചുമാണ് സർക്കാർ സംസാരിക്കുന്നത്, എന്നാൽ കർഷകർ ആവശ്യപ്പെടുന്നത് അതല്ല – എല്ലാ കർഷകർക്കും എല്ലാ ചരക്കുകൾക്കും പ്രതിഫലം ലഭിക്കുന്ന രീതിയിൽ എം‌എസ്‌പി സാക്ഷാത്കാരത്തിന് ഉറപ്പു നൽകുന്ന ഒരു നിയമവ്യവസ്ഥയാണ് അവർ ആവശ്യപ്പെടുന്നത്, വില നിർണയത്തിനായി കുറഞ്ഞത് C2 50% ഫോർമുലയിൽ.

മൂന്ന് കേന്ദ്ര കാർഷിക നിയമങ്ങളിൽ ഭേദഗതികൾ കൃഷിക്കാർ ആവശ്യപ്പെടുന്നില്ലെന്ന് വ്യക്തമാണ്, നിലവിലുള്ള എം‌എസ്‌പി സംഭരണ വ്യവസ്ഥകൾ തുടരുന്നതിനുള്ള ഉറപ്പും അവർ ആവശ്യപ്പെടുന്നില്ല. പ്രതിസന്ധി അവസാനിക്കുന്നതിന് സർക്കാർ അതിന്റെ നിർദേശങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങളുമായി മുന്നോട്ട് പോകേണ്ടതുണ്ട് – മൂന്ന് നിയമങ്ങളും പൂർണമായി റദ്ദാക്കുകയും എം‌എസ്‌പി ഉറപ്പുനൽകുന്നതിനുള്ള നിയമപരമായ ചട്ടക്കൂടുമാണ് കർഷകർക്ക് വേണ്ടത്.

[അലയൻസ് ഫോർ സസ്റ്റെയിനബിൾ ആൻഡ് ഹോളിസ്റ്റിക് അഗ്രിക്കൾച്ചർ (ASHA) പ്രവർത്തക Kavitha Kuruganti The Wire-ൽ എഴുതിയ ലേഖനത്തിന്റെ പരിഭാഷ]