സൂര്യഗ്രഹണം ഡിസംബര്‍ 26-ന്: വരവേല്‍ക്കാന്‍ ഒരുങ്ങി കേരളം

ആകാശ വിസ്മയത്തെ വരവേല്‍ക്കാനൊരുങ്ങി കേരളം. ഡിസംബര്‍ 26-നു നടക്കുന്ന വലയ സൂര്യഗ്രഹണം കാണാനുള്ള തയ്യാറെടുപ്പിലാണ് കേരളവും. രാവിലെ എട്ട് മണിക്കും 11 മണിക്കും ഇടയിലായിരിക്കും കേരളമുള്‍പ്പെടെയുള്ള മേഖലകളില്‍ ഈ അപൂര്‍വ്വ പ്രതിഭാസം ദൃശ്യമാവുക.

ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വരുന്നത് മൂലം സൂര്യ ബിംബം മറയ്ക്കപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ചന്ദ്രന്‍ പൂര്‍ണമായും സൂര്യനെ മറച്ചാല്‍ അത് പൂര്‍ണ ഗ്രഹണം, ദീര്‍ഘവൃത്താകൃതിയിലാണ് ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നത്. അതിനാല്‍ ഭൂമിയില്‍ നിന്ന ചന്ദ്രനിലേക്കുള്ള അടുത്ത ദൂരം കൂടുകയും കുറയുകയും ചെയ്യും.

അതിനനുസരിച്ച് ഭൂമിയില്‍ നിന്ന് നോക്കുന്ന ആള്‍ക്ക് ചന്ദ്രന്റെ വലിപ്പവും മാറുന്നതായി തോന്നും, ഭൂമിയില്‍ നിന്ന് ചന്ദ്രന്‍ കൂടുതല്‍ അകന്ന് നില്‍ക്കുന്ന സമയത്താണ് ഗ്രഹണമെങ്കില്‍ ചന്ദ്രനും സൂര്യനും നേര്‍രേഖയില്‍ വന്നാലും സൂര്യബിംബം മുഴുവനായി മറയ്ക്കപ്പെടില്ല.

ചന്ദ്രന് ചുറ്റും ഒരു പ്രകാശ വലയം ബാക്കിയാകും. ഇതാണ് വലയ ഗ്രഹണം. സൂര്യ പ്രകാശം മൂലമുള്ള ചന്ദ്രന്റെ നിഴല്‍ പതിക്കുന്ന മേഖലകളിലും അതിന് ചുറ്റുമുള്ള കുറച്ച് പ്രദേശങ്ങളിലും മാത്രമാണ് ഗ്രഹണം കാണാന്‍ കഴിയുക. ഒരേ സമയം ഭൂമിയിലെ എല്ലായിടങ്ങളിലും ഗ്രഹണം അനുഭവപ്പെടില്ല. സൗദി അറേബ്യ മുതല്‍ പടിഞ്ഞാറന്‍ ശാന്ത സമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് ഡിസംബര്‍ 26-ന് ഗ്രഹണം കാണാന്‍ കഴിയുന്നത്. കേരളത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ വലയ സൂര്യഗ്രഹണമായും തെക്കന്‍ ഭാഗങ്ങളില്‍ ഭാഗിക ഗ്രഹണമായും കാണാന്‍ കഴിയും.

കേരളത്തില്‍ കാസര്‍ഗോഡ്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ എല്ലായിടത്തും വലയ സൂര്യഗ്രഹണം ദൃശ്യമാകും. ഈ ജില്ലകളിലൂടെ വലയ ഗ്രഹണപാതയുടെ മധ്യരേഖ കടന്നു പോകുന്നത് കൊണ്ട് ഗ്രഹണം വ്യക്തമായി കാണാനാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

സൂര്യന്റെ മധ്യഭാഗം ചന്ദ്രനാല്‍ മറയ്ക്കപ്പെട്ട് ബാക്കിയുള്ള ഭാഗം ഒരു പ്രകാശവലയമായി കാണും. ദീര്‍ഘവൃത്താകാര പാതയില്‍ സഞ്ചരിക്കുന്ന ചന്ദ്രന്‍ ഭൂമിയില്‍ നിന്നും അകന്ന് നില്‍ക്കുമ്പോള്‍ അതിന്റെ പ്രത്യക്ഷ വലുപ്പം സൂര്യനെ പൂര്‍ണമായി മറയ്ക്കാനാവില്ല. അപ്പോള്‍ സംഭവിക്കുന്ന ഗ്രഹണമാണ് വലയഗ്രഹണം. കേരളത്തില്‍ പരമാവധി 3 മിനിറ്റ് 13 സെക്കന്റ് വരെ ഈ വലയം കാണാനാകും.

കാസര്‍കോട്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ മുഴുവനായും കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍, ചാലിയം മേഖലയൊഴികെയുള്ള പ്രദേശങ്ങളിലും മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ ചിലയിടങ്ങളിലും ഗ്രഹണം ദൃശ്യമാകും. രാവിലെ 9.24നാണ് ഗ്രഹണം. വയനാട് ജില്ലയില്‍ എസ്.കെ.എം.ജെ സ്‌കൂള്‍, മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ട്, ചീങ്ങേരിമല, കണ്ണൂര്‍ ജില്ലയില്‍ കൊളക്കാട് സാന്‍തോം ഹൈസ്‌കൂള്‍ ഗ്രൗണ്ട്, കാസര്‍ഗോഡ്ട് തൈക്കടപ്പുറം ബീച്ച്, കോഴിക്കോട് പ്ലാനറ്റേറിയം എന്നിവിടങ്ങളില്‍ ഗ്രഹണം നിരീക്ഷിക്കാന്‍ സൌകര്യമുണ്ട്.