“ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചെയ്തത് അനുകരിക്കാവുന്ന ഒരു മാതൃകയല്ല, അത് ദോഷം ചെയ്യും”

Advertisement

 

ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും അശ്ളീല യൂട്യൂബുകാരനെ താമസസ്ഥലത്ത് കയറി ചെന്ന് കൈകാര്യം ചെയ്തത് എവിടെയും എപ്പോഴും എല്ലാവർക്കും അനുകരിക്കാവുന്ന ഒരു മാതൃകയായി വന്നാൽ അത് ദോഷം ചെയ്യും എന്ന് മാധ്യമ പ്രവർത്തകനായ കെ.എ ഷാജി. വിഷയത്തിൽ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കൾക്കും ഒപ്പം തന്നെയാണ് എന്നും അസാധാരണമായ സാഹചര്യങ്ങളിൽ അസാധാരണമായ ഇടപെടലുകൾ മനുഷ്യർ നടത്തുമെന്നും കെ.എ ഷാജി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.

കെ.എ ഷാജിയുടെ കുറിപ്പ്:

എത്ര കടുത്ത നീതിനിഷേധത്തിന് മുന്നിലും നിയമം കയ്യിലെടുക്കാൻ ഒരു വ്യക്തിയെ ജനാധിപത്യ സമൂഹങ്ങൾ അനുവദിക്കാറുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെയാണ് ഉത്തരം.
ഒരാളുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറുന്നത് ​പോട്ടെ അനുവാദമില്ലാതെ കയറുന്നത് പോലും നിയമവിരുദ്ധമാണ്. പൌരാവകാശ ലംഘനവുമാണ്.
പോലീസും നിയമസംവിധാനവും പരാജയപ്പെട്ടിടത്താണ് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും അശ്ളീല യൗട്യൂബ്കാരനെ താമസസ്ഥലത്ത് കയറി ചെന്ന് കൈകാര്യം ചെയ്തത് എന്നത് വസ്തുതയാണ്.
അത് ന്യായവുമാണ്. അസാധാരണമായ സാഹചര്യങ്ങളിൽ അസാധാരണമായ ഇടപെടലുകൾ മനുഷ്യർ നടത്തും.
അതുകൊണ്ട് ആ വിഷയത്തിൽ അവർക്കൊപ്പം തന്നെയാണ്.
എന്നാൽ ഇത് എവിടെയും എപ്പോഴും എല്ലാവർക്കും അനുകരിക്കാവുന്ന ഒരു മാതൃകയായി വന്നാൽ അത് ദോഷം ചെയ്യും.
വ്യാപകമായി തത്പരകക്ഷികൾ ദുരുപയോഗം ചെയ്യും. നിരപരാധികളുടെ അവകാശങ്ങളും അന്തസ്സും വരെ കയ്യൂക്കുള്ളവർ കയറി ആക്രമിച്ചു എന്ന് വരും. പ്രിവിലേജുകൾ ഇല്ലാത്ത സ്ത്രീകൾ, ദളിതർ, ആദിവാസികൾ, മത്സ്യതൊഴിലാളികൾ ഒക്കെയാണ് അത്തരമൊരു അവസ്ഥയുടെ ഇരകളാകുക.
നിയമവും നിയമവാഴ്ചയുമാണ് നടപ്പാകേണ്ടത്. അവ പരാജയപ്പെടുന്ന അസാധാരണ ഘട്ടങ്ങളിൽ ബന്ധപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കാൻ അസാധാരണ നടപടികൾ ആകാം.
ഇവിടെ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും എതിരെ താമസസ്ഥലത്ത് ചെന്ന് വ്യക്തിയെ അടിച്ചതിന് പോലീസ് കേസെടുത്തതിനെ പലരും എതിർക്കുന്നത് കണ്ടു.
അതിനെ ആ രീതിയിൽ അല്ല കാണേണ്ടത്.
ഇത്തരമൊരു സാഹചര്യത്തിൽ പോലീസ് കേസെടുക്കണം. ബന്ധപ്പെട്ടവർ നിയമത്തിന് കീഴടങ്ങണം.
അപ്പോൾ അവർ എന്തുകൊണ്ട് ഇരകളാക്കപ്പെടുന്നു എന്നതിൽ വിപുലമായ ചർച്ച ഉണ്ടാകും.
നിയമം തോൽക്കുമ്പോഴാണ് മനുഷ്യർ ആക്രമണത്തിലേക്ക് തിരിയുക എന്നത് കോടതിയെ ബോധ്യപ്പെടുത്തുകയാണ് പ്രധാനം.
ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും ആർജവത്തോടെ തങ്ങളുടെ ഭാഗം കോടതിയെ ബോധ്യപ്പെടുത്താനും സംവിധാനത്തിന്റെ വീഴ്ചകൾ തുറന്നു കാണിക്കാനും മാറ്റങ്ങൾക്ക് വേണ്ടി സമൂഹത്തെ ഒന്നടങ്കം ജാഗ്രതപ്പെടുത്താനും അത്തരമൊരു വിചാരണ സഹായിക്കും.
അവർക്കു വേണ്ട നല്ല നിയമസഹായവും അഭിഭാഷകരെയും സാമ്പത്തീക സഹായവും നീതിബോധമുള്ള മറ്റുള്ളവർ ഏർപ്പെടുത്തണം.
സർക്കാർ സുപ്രീം കോടതിയിലെ വക്കീലന്മാരെ അവർക്കായി ഏർപ്പെടുത്തി കൊടുക്കുന്നതും നല്ലതാണ്.
ചരിത്രം ഞങ്ങളെ കുറ്റക്കാരല്ല എന്ന് വിധിക്കും എന്നവർ കോടതിയിൽ പറയുന്നിടത്താണ് മാറ്റങ്ങൾ ഉണ്ടാകുന്നത്.
നിയമവാഴ്ചയും ജനാധിപത്യവും സംരക്ഷിക്കുന്ന രീതിയിൽ വേണം സാമൂഹിക മാറ്റങ്ങൾക്കായി ഇടപെടലുകൾ നടത്തേണ്ടത്.

എത്ര കടുത്ത നീതിനിഷേധത്തിന് മുന്നിലും നിയമം കയ്യിലെടുക്കാൻ ഒരു വ്യക്തിയെ ജനാധിപത്യ സമൂഹങ്ങൾ അനുവദിക്കാറുണ്ടോ എന്ന്…

Posted by K A Shaji on Wednesday, October 7, 2020