കലാമിന്റെ മഹത്വവും എളിമയുമെന്ന് കട്ജു, ബ്രാഹ്മണ്യത്തിന്റെ ധാര്‍ഷ്‌ട്യമെന്ന് വി.ടി ബൽറാം

ആത്മീയ ഗുരുവായിരുന്ന പ്രമുഖ് സ്വാമി മഹാരാജിന്റെ കാൽക്കീഴിൽ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ പി ജെ അബ്ദുൾ കലാം ഇരിക്കുന്ന ചിത്രത്തിലെ ജാതീയതയെ വിമർശിച്ച് വി.ടി ബൽറാം എം.എൽ.എ. സുപ്രീംകോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു തന്റെ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രത്തെയാണ് വി.ടി ബൽറാം വിമർശിച്ചത്.

ഡോ. കലാമിന്റെ മഹത്വവും എളിമയും വിനയവും ആണ് ചിത്രത്തിൽ പ്രകടമാകുന്നത് എന്ന് മാർക്കണ്ഡേയ കട്ജു ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രത്തോടൊപ്പം കുറിച്ചിരുന്നു. എന്നാൽ എ പി ജെ അബ്ദുൾ കലാമിന്റെ മഹത്വവും എളിമയും വിനയവും പ്രകടമായതിനോടൊപ്പം അദ്ദേഹത്തെ കാൽക്കീഴിൽ ഇരുത്തിയത് ബ്രാഹ്മണ്യത്തിന്റെ ധാര്‍ഷ്‌ട്യമാണെന്ന് പോസ്റ്റിനു കീഴെ വി.ടി ബൽറാം കമന്റായി കുറിച്ചു.

ആത്മീയ നേതാവും സ്വാമിനാരായണ വിഭാഗത്തിലെ ബോചസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണ സൻസ്ഥ മേധാവിയുമായിരുന്ന പ്രമുഖ് സ്വാമി മഹാരാജിനെ മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാം സന്ദർശിച്ച വേളയിൽ എടുത്ത ചിത്രമായിരുന്നു ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.

പോസ്റ്റിൽ വി.ടി ബൽറാമിന്റെ വിമർശനത്തെ ഭൂരിഭാഗം ആളുകളും പിന്തുണയ്ക്കുന്നുണ്ടെങ്കിലും ചുരുക്കം ചിലർ എതിരഭിപ്രായവും ഉന്നയിച്ചു. കാൽക്കീഴിൽ ഇരിക്കുക എന്നത് കലാമിന്റെ തിരഞ്ഞെടുപ്പാണെന്നാണ് ചിലർ വാദിക്കുന്നത്. ചിത്രത്തിലേത് ധാര്‍ഷ്‌ട്യമല്ലെന്നും ഹിന്ദു സംസ്കാരം അനുസരിച്ച്, ഒരു സന്ന്യാസിക്ക് അവരുടെ ശിഷ്യന്മാർ ബഹുമാനം നൽകുന്നു എന്നും ഡോ. കലാം ശിഷ്യനാണ് അതിനാലാണ് നിലത്തിരിക്കുന്നത് എന്നും മറ്റു ചിലർ പറഞ്ഞു. ജാതീയ മാനസികാവസ്ഥ ബൽറാമിനാണ് ഉള്ളതെന്നും അതിൽ നിന്നും പുറത്തു വരുവാനും ചിലർ എം.എൽ.എയെ ഉപദേശിച്ചു.

Read more

https://www.facebook.com/justicekatju/posts/4816523248388183