വ്യവസ്ഥയോടും ഭരണസംവിധാനത്തോടും ദളിതർ ഏറ്റുമുട്ടുന്നില്ലെന്ന പൊതുബോധം അത്ര സുഖകരമല്ല: കെ.കെ ബാബുരാജ്

വ്യവസ്ഥയോടും ഭരണസംവിധാനത്തോടും ദളിതർ ഏറ്റുമുട്ടുന്നില്ല, അങ്ങനെയൊരു ചരിത്രം അവർക്കില്ല എന്ന പൊതുബോധം അത്ര സുഖകരമാണെന്നു തോന്നുന്നില്ല എന്ന് കെ.കെ ബാബുരാജ്. ദളിതരുടെ വ്യവസ്ഥയുമായുള്ള സംഘർഷം അടയാളപ്പെടുന്നത് അവർ “നിതാന്ത പ്രതിപക്ഷം” ആണെന്ന മട്ടിലാവുന്നതും അംഗീകരിക്കാൻ കഴിയില്ലെന്നും ദളിതരുടെ ഭരണപങ്കാളിത്തത്തെയും, പ്രാതിനിധ്യ ജനാധിപത്യത്തിലുള്ള സ്ഥാനങ്ങളെയും അടച്ചു ആക്ഷേപിക്കുന്നത് വ്യക്തിവാദമോ നവ ഗാന്ധിസമോ ആണെന്നാണ് തോന്നുന്നതെന്നും ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ ബാബുരാജ് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. നായാട്ട് എന്ന ചലച്ചിത്രം ദളിത് വിരുദ്ധ ആശയം മുന്നോട്ട് വെയ്ക്കുന്നു എന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് കെ.കെ ബാബുരാജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

കെ.കെ ബാബുരാജിന്റെ കുറിപ്പിന്‍റെ പൂർണരൂപം:

“നായാട്ട് “എന്ന സിനിമ കണ്ടില്ല. പതുക്കെ കാണാമെന്നു കരുതുന്നു. എന്നാൽ, ആ സിനിമയെ പറ്റിയുള്ള ചർച്ചകളിൽ ദളിതർ പൊലീസ് സ്റ്റേഷനിൽ ചെന്നു ബഹളം വെച്ചാൽ പിന്നെ അവർ ജീവനോടെ തിരിച്ചു പോരില്ല ,ഇത്തരം കാര്യങ്ങൾ നടക്കാൻ നൂറ്റാണ്ടുകൾ കഴിഞ്ഞാൽ പോലും സാധ്യതയില്ല എന്നൊക്കെ ചിലർ ഉന്നയിക്കുന്നതായി കണ്ടു .

സത്യത്തിൽ, ദലിത് സംഘടന പ്രവർത്തനങ്ങളെയും, രാഷ്ട്രീയ -സൈദ്ധാന്തിക നേതൃത്വ രൂപീകരണങ്ങളെയും ഉൾകൊള്ളാത്തതുമൂലമല്ലേ ഇത്തരം വാദങ്ങൾ ഉണ്ടാവുന്നതെന്നതാണ് സംശയം .

വടയമ്പാടി ജാതി മതിൽ തകർത്തത്തിനു ശേഷം അറസ്ററ് ചെയ്യപ്പെട്ടവരിൽ ഒരാളായ വി .സി .ജെന്നി എന്ന ഒരു ദലിത് സ്ത്രീ, കുപ്രസിദ്ധനായ ഒരു പോ ലീസ് ഓഫീസറെ സ്റ്റേഷനിൽ വെച്ചു ചോദ്യം ചെയ്തു വെള്ളം കുടിപ്പിക്കുന്നത് ഞങ്ങൾ എല്ലാവരും കണ്ടതാണ്.അയാൾ തിരിച്ചു പറയുന്നത്, ജെന്നി ഞങ്ങൾ പോലീസുകാരാണ്, ഞങ്ങളുടെ പരിമിതി നിങ്ങൾ തിരിച്ചറിയണം എന്നെക്കെയാണ് .കുറിച്ചി സമരത്തിൽ ഹൈക്കോടതി വിധിയെ അവഗണിച്ചുകൊണ്ടാണ് ദലിതർ കോളനിക്ക് മുകളിലൂടെയുള്ള ലൈനുകൾ മുറിച്ചുമാറ്റിയത് .ആ സമരം നടന്ന ഉടനെ തന്നെ ആദിവാസിഭൂമിയിൽ അതിക്രമിച്ചു നിർമ്മിച്ച ഒരു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കെട്ടിടം എം.ഗീതാനന്ദന്റെ നേതൃത്വത്തിൽ തകർക്കുകയുണ്ടായി .കിർത്താഡ്‌സിൽ വെച്ചു നടന്ന ഒരു സമ്മേളനത്തിലും ,എറണാകുളത്തു സംസ്ഥാന സർക്കാരിന്റെ ഒരു പരിപാടിയിലും നേരിട്ട അവഗണനയെ സ്പോട്ടിൽ വെച്ചു തന്നെ സതി അങ്കമാലി പ്രതിരോധിക്കുകയുണ്ടായി .കേരളത്തിൽ നടന്ന ദലിത് ഹർത്താലിൽ പല ഇടങ്ങളിലും പോലീസുമായി ശക്തമായി ഇടയേണ്ടി വന്നിട്ടുണ്ട് .കെ .പി .എം.എസിന്റെയും സി.എസ്.ഡി.എസിന്റെയും വലിയ പ്രകടനങ്ങൾ നടക്കുമ്പോൾ പലപ്പോഴും പോലീസുമായിട്ടും സവർണ്ണ പിന്തിരിപ്പന്മാരുമായും സംഘർഷം ഉണ്ടാവാറുണ്ട് .ദലിത് നേതാവായ സി .എസ് .മുരളി ശങ്കർ നിരവധി വാറണ്ടുകൾ പോക്കറ്റിലിട്ടുകൊണ്ടാണ് സമര രംഗത്തും സമ്മേളനങ്ങളിലും പങ്കെടുക്കാറുള്ളത് . ഈ അടുത്തകാലത്തു “ഭീം ആർമി ” പ്രവർത്തകർ പോലീസിന്റെ സാന്നിദ്ധ്യത്തിൽ വെച്ചുതന്നെ മറ്റൊരു ജാതി മതിൽ തകർക്കുകയുണ്ടായി . എന്റെ ഹൈ സ്കൂൾ പഠനകാലത്തു ഭൂപ്രശ്നവുമായി ബന്ധപ്പെട്ടു നടന്ന ഒരു സമരത്തിൽ ജില്ല കളക്ടറുമായും ഉന്നത പോലീസ് മേധാവികളുമായി കെ .കെ .കൊച്ചിന്റെ നേതൃത്വത്തിൽ ആദിവാസികൾ വലിയ സംഘർഷം ഉണ്ടാക്കിയത് നേരിട്ടു കണ്ടിട്ടുണ്ട് .

ഈ കാര്യങ്ങൾ ഇവിടെ പറയുന്നത് “നായാട്ട്” എന്ന സിനിമയെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ അല്ല. മറിച്ചു, വ്യവസ്ഥയോടും ഭരണ സംവിധാനത്തോടും ദലിതർ ഏറ്റുമുട്ടുന്നില്ല, അങ്ങനെയൊരു ചരിത്രം അവർക്കില്ല എന്ന പൊതുബോധം അത്ര സുഖകരമാണെന്നു തോന്നാത്തതിനാലാണ്. മാത്രമല്ല, ദലിതരുടെ വ്യവസ്ഥയുമായുള്ള സംഘർഷം അടയാളപ്പെടുന്നത് അവർ “നിതാന്ത പ്രതിപക്ഷം” അന്നെന്നെ മട്ടിലാവുന്നതും അംഗീകരിക്കാൻ കഴിയില്ല. ദലിതരുടെ ഭരണപങ്കാളിത്തത്തെയും, പ്രാതിനിധ്യ ജനാധിപത്യത്തിലുള്ള സ്ഥാനങ്ങളെയും അടച്ചു ആക്ഷേപിക്കുന്നത് വ്യക്തിവാദമോ നവ ഗാന്ധിസമോ ആണെന്നാണ് തോന്നുന്നത്.