ഇ. ശ്രീധരന്റെ ഔദ്യോഗിക ജീവിതത്തിന്റെ കാലടി അടയാളങ്ങൾ പുഴയും പരിസ്ഥിതിയും സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാൻ മാത്രം ശുദ്ധിയുള്ളതല്ല

ടി.ജെ നിരഞ്ജൻ

ബഹുമാനപ്പെട്ട ശ്രീ.ഇ.ശ്രീധരൻ, അങ്ങേക്കിനി ഭാരതപ്പുഴയിൽ വന്ന് കാൽ കഴുകാം

അങ്ങയുമായി നേരിട്ട് പരിചയമൊന്നുമില്ലാത്ത ഒരാളാണ് ഇതെഴുതുന്നത്. ഫോണിൽ രണ്ടു തവണ സംസാരിച്ചിട്ടുണ്ട്. ഫോൺ വിളിച്ചത് 2017 ഡിസംബറിൽ പട്ടാമ്പി ഗവ സംസ്കൃത കോളേജിൽ വെച്ച് ഭാരതപ്പുഴ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭാരതപ്പുഴ പുനരുജ്ജീവന കൺവെൻഷനെക്കുറിച്ച് സംസാരിക്കാനാണ്.

അന്ന് ഭാരതപ്പുഴ സംരക്ഷണസമിതി അംഗം അഡ്വ. ഉദയവർമ്മന്റെ പട്ടാമ്പിയിലെ വീട്ടുമുറ്റത്ത് നടന്ന ഒരു ആലോചനായോഗത്തിൽ ശ്രീധരൻ സാറിന് നദീസംരക്ഷണവിഷയത്തിൽ താല്പര്യമുണ്ട് എന്ന് അവിടെ പങ്കെടുത്ത ശ്രീ.രാജൻ ചുങ്കത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അങ്ങയെ വിളിച്ചത്.

കൺവെൻഷനിൽ പങ്കെടുക്കണം എന്ന് അങ്ങയോട് അഭ്യർത്ഥിച്ചപ്പോൾ അങ്ങ് പരിസ്ഥിതിപ്രവർത്തകരിൽ നിന്ന് വ്യത്യസ്തമായ നിലപാടുകളാണ് പുഴയെ സംബന്ധിച്ചും മണലെടുപ്പിനെ സംബന്ധിച്ചും അങ്ങേക്കുള്ളത് എന്ന് പറയുകയുണ്ടായി. അതും ചർച്ച ചെയ്യാവുന്നതാണല്ലോ, സാർ വരണം എന്ന് അങ്ങയോട് അഭ്യർത്ഥിക്കുകയും ചെയ്തു. പിന്നീട് ദില്ലി യാത്രയിൽ ആയതുകൊണ്ട് അന്ന് പങ്കെടുക്കാൻ കഴിയില്ല എന്ന് പിന്നീട് വിളിച്ചപ്പോൾ അങ്ങ് അറിയിക്കുകയുമുണ്ടായി.

എന്തായാലും അങ്ങേക്ക് പ്രകൃതിസംരക്ഷണ വിഷയങ്ങളിൽ താല്പര്യമുണ്ട് എന്നറിഞ്ഞതിൽ അന്ന് വളരെ അധികം സന്തോഷം തോന്നി. കലിംഗയുദ്ധം ജയിച്ചു വന്ന അശോകചക്രവർത്തിക്ക് ഉണ്ടായ മാനസാന്തരം പോലെ താങ്കളുടെ കൊങ്കൺ-മെട്രോ ജൈത്രയാത്രക്കു വേണ്ടി അംഗഭംഗം വരുത്തിയ കുന്നുകളുടേയും കാടുകളുടേയും പുഴകളുടേയും ദൃശ്യങ്ങൾ അങ്ങയെ വ്യാകുലപ്പെടുത്തിയെന്നും താൻ ജനിച്ചു വളർന്ന പുഴയോരത്ത് ആ പശ്ചാത്താപത്തോടെ നിളയുടെ വീണ്ടെടുപ്പിനായുള്ള പ്രവർത്തനങ്ങളിൽ അങ്ങ് പങ്കാളിയാവുന്നു എന്നുമൊക്കെയാണ് ഞങ്ങൾ ധരിച്ചുപോയത്. ആ ധാരണ തെറ്റായിരുന്നു എന്ന് പിന്നീട് ബോദ്ധ്യപ്പെട്ടു.

അങ്ങേക്ക് അറിയുമോ എന്നറിയില്ല, ഭാരതപ്പുഴ സംരക്ഷണ സമിതി എന്ന കേരളത്തിലെ ആദ്യത്തെ നദീസംരക്ഷണപ്രസ്ഥാനം രൂപം കൊള്ളുന്നത് 1990ൽ ആണ്. നമ്മളെല്ലാം തന്നെ പ്രകൃതിവിഭവങ്ങളെ ഒരു പരിധി വരെ ചൂഷണം ചെയ്തുകൊണ്ടാണ് ജീവിക്കുന്നത് എങ്കിലും അതിന് പരിധി ഏർപ്പെടുത്തേണ്ടതുണ്ട് എന്ന് പൊതുസമൂഹത്തെ ഈ സമിതി ജാഗ്രതപ്പെടുത്തി. പുഴയോരത്തെ ജലവിതാനം നിലനിർത്തുകയും കാണുന്ന പുഴയുടെ താഴെ ശുദ്ധീകരിക്കപ്പെട്ട ഒരു കാണാത്ത പുഴയെ മെല്ലെമെല്ലെ ഉള്ളിലൊതുക്കി ഒഴുക്കുകയും ചെയ്യുന്ന വിശാലമായ മണൽപ്പരപ്പ് ഭാരതപ്പുഴക്ക് സ്വന്തമായിരുന്നു. നിർമ്മാണമേഖലയിൽ ഉണ്ടായ അതിഭീമമായ വളർച്ചക്ക് കുരുതി കൊടുക്കേണ്ടി വന്നത് ഈ മണൽപ്പരപ്പാണ്.

മണൽ വാരലിന് പരിധി നിശ്ചയിക്കണമെന്നും നിയന്ത്രണം ഏർപ്പെടുത്തണമെന്നും നിരന്തരമായി വാദിക്കുകയും പ്രധാന പുഴകൾക്കെല്ലാം നദീതട അഥോറിറ്റികൾ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് ഭാരതപ്പുഴ സംരക്ഷണ സമിതി വ്യാപകമായ പ്രചരണത്തിലും പ്രക്ഷോഭങ്ങളിലും ഏർപ്പെട്ടു. നിയമയുദ്ധങ്ങൾ നടത്തി. നിയമസഭ ഏർപ്പെടുത്തിയ സമിതികളിൽ നേതൃത്വപരമായ പങ്കു വഹിച്ചുകൊണ്ട് പഠനങ്ങളും റിപ്പോർട്ടുകളും ഉണ്ടാക്കി. 2001 ലെ കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും സംബന്ധിച്ച നിയമങ്ങൾ രൂപപ്പെടുത്തുന്നതിൽ കേരളത്തിലെ പരിസ്ഥിതി ശാസ്ത്രജ്ഞന്മാർക്കും എഞ്ചിനീയറിങ്ങ് വിദഗ്ദ്ധർക്കും ഒപ്പം വലിയൊരു പങ്ക് ഭാരതപ്പുഴ സംരക്ഷണ സമിതി വഹിച്ചിട്ടുണ്ട്. അങ്ങയെപ്പോലെ തന്നെ ഒരു എഞ്ചിനീയറും കേരള വാട്ടർ അഥോറിറ്റി ചീഫ് എഞ്ചിനീയറും ആയിരുന്ന, അന്തരിച്ച ശ്രീ.ടി.എൻ.എൻ.ഭട്ടതിരിപ്പാട് ഭാരതപ്പുഴ സംരക്ഷണസമിതിയിൽ അംഗമായിരുന്നു.

മണൽ വാരൽ നിയന്ത്രണങ്ങൾ നടപ്പിൽ വന്നപ്പോഴേക്കും വർഷങ്ങൾ നീണ്ട അനിയന്ത്രിതവും അശാസ്ത്രീയവുമായ മണലെടുപ്പ് മൂലം പുഴയുടെ പ്രതലം അതിഭീകരമായ പരിക്കുകൾ കൊണ്ട് വികൃതമാക്കപ്പെട്ടു കഴിഞ്ഞിരുന്നു. പലയിടത്തും പുഴ കാടു പിടിച്ചു, അപകടക്കുഴികൾ നിറഞ്ഞു, ഒഴുക്കു നിലച്ചു, മലിനമായി, ഇരു കരകളിലേയും ജലനിരപ്പ് താണു. ശരാശരി മൂന്നു മീറ്ററോളം പലയിടത്തും നീക്കം ചെയ്യപ്പെട്ടുപോയ മണൽത്തിട്ട് ചെയ്തിരുന്ന ധർമ്മം നിറവേറ്റാനും പുഴയോരത്തെ ജലനിരപ്പ് വീണ്ടെടുക്കാനും പലയിടത്തും പകരമായി വന്നത് തടയണകളും റെഗുലേറ്ററുകളും ആണ്.

അവയുടെ പരിപാലനത്തിലെ അശ്രദ്ധയും അശാസ്ത്രീയതയും കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമായി. ഒഴുകുക എന്ന പുഴയുടെ പ്രാഥമികമായ ധർമ്മം പോലും നിർവഹിക്കാൻ കഴിയില്ലെന്നായി. ഏറ്റവുമൊടുവിൽ രണ്ട് പ്രളയങ്ങളിലെ പുഴയൊഴുക്ക് അസ്വാഭാവികമായ രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നതിന് മനുഷ്യനിർമ്മിതമായ ഈ തടസ്സങ്ങളും കാരണമായി. എഞ്ചിനീയറിങ്ങ് വിസ്മയം എന്ന് ഉദ്ഘോഷിച്ച് മാന്നനൂരിൽ നിർമ്മിച്ച ഉരുക്കു തടയണയെ വക വെക്കാതെ പുഴ ദിശ മാറിയൊഴുകി. പുഴ ഒരു എഞ്ചിനീയറിങ്ങ് വസ്തുവല്ല എന്നതിന് അതിലും വലിയൊരു ദൃഷ്ടാന്തമില്ല.

മനുഷ്യനിർമ്മിതമായ ഈ ദുരന്തചിത്രങ്ങൾ കൺമുന്നിൽ ഉള്ളപ്പോഴാണ് പ്രളയത്തിനു കാരണം മണലാണ് എന്ന വിചിത്രമായ കണ്ടുപിടിത്തം ചെറുകിടജലസേചന വകുപ്പിലെ ഉദ്യോഗസ്ഥന്മാർ കണ്ടെത്തിക്കളഞ്ഞത്. ദുരന്ത നിവാരണ നിയമത്തിന്റെ മറവിൽ ഒരു വമ്പൻ മണൽക്കടത്ത് ആസൂത്രണം ചെയ്യപ്പെടാൻ അധികം താമസമുണ്ടായില്ല. 2019ൽ നടന്ന ആ ആസൂത്രണത്തിൽ താങ്കളും പങ്കാളിയാണ് എന്ന വിവരം അതു സംബന്ധിച്ച സർക്കാർ ഉത്തരവ് കണ്ടപ്പോൾ ഒരു ഞെട്ടലോടെ മനസ്സിലാക്കി. അതിനും കുറേ മുമ്പ് കൊച്ചിൻ മെട്രോ പണിയാനും അങ്ങേക്ക് ഭാരതപ്പുഴ മണൽ വേണമെന്നുണ്ടായിരുന്നു എന്ന് പറഞ്ഞുകേട്ടിരുന്നു.

ബഹുമാനപ്പെട്ട മെട്രോമാൻ, ഏറ്റവും പരിസ്ഥിതിലോലമായ പശ്ചിമഘട്ടത്തിന്റെ കൊങ്കൺ തുടർച്ചകളിലെ റെയിൽപ്പാതയിൽ പല മണ്ണിടിച്ചിലും അപകടങ്ങളുമൊക്കെ പലപ്പോഴും ഉണ്ടായിട്ടുപോലും അതൊക്കെ അവഗണിച്ചുകൊണ്ട് ഒരു എഞ്ചിനീയറിങ്ങ് ഭഗീരഥന്റെ പരിവേഷം അങ്ങേക്ക് ചുറ്റും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ( കൊങ്കൺ റെയിൽ പ്രൊജക്ട് പശ്ചിമഘട്ടത്തിന്റെ അതിലോലമായ ആവാസവ്യവസ്ഥയെ എത്ര മാത്രം അപകടപ്പെടുത്തി എന്ന് അറിയേണ്ടവർ ഇവിടെ ക്ലിക്ക് ചെയ്യുക. https://www.downtoearth.org.in/…/on-track-to-disaster…
) ലാർസൺ ആൻഡ് ടുബ്രോ പോലുള്ള വൻ നിർമ്മാണ കമ്പനികളുടെ വൈദഗ്ദ്ധ്യം ഉപയോഗിച്ചാണ് പ്രൊജക്ട് നടപ്പിലാക്കിയത് എങ്കിലും, റെയിൽവേ നിർദേശിച്ചതിന്റെ എത്രയോ അധികം നീളത്തിൽ പാലങ്ങളും (23 കിലോമീറ്ററിനു പകരം 89 കിലോമീറ്റർ) ടണലുകളും (28 കിലോമീറ്ററിനു പകരം 88 കിലോമീറ്റർ)നിർമ്മിച്ച് പ്രകൃതിവിഭവങ്ങളുടെ ചൂഷണവും നിർമ്മാണച്ചെലവും വർദ്ധിപ്പിച്ചാണ് കൊങ്കൺ പ്രൊജക്ട് പൂർത്തിയാക്കിയത് എങ്കിലും, റെയിൽപ്പാത തുറന്ന ശേഷം അവിടെ പ്രകൃതിദുരന്തങ്ങളും അപകടങ്ങളും തുടർച്ചയായിരുന്നെങ്കിലും അതൊന്നും താങ്കളുടെ ടാസ്ക് മാനേജർ പരിവേഷനിർമ്മിതിക്ക് തടസ്സമായില്ല.

ആ പരിവേഷനിർമ്മിതി ആസൂത്രിതമായിരുന്നു എന്ന് ഈ തിരഞ്ഞെടുപ്പിലെ താങ്കളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തോടെ ബോദ്ധ്യപ്പെട്ടു. വൻ പദ്ധതികളുടെ ഷാജഹാൻ – ക്ഷമിക്കണം ഇപ്പോഴത്തെ അവസ്ഥയിൽ അതു ശരിയാവില്ല, വൻ പദ്ധതികളുടെ ഛത്രപതി എന്നായിക്കോട്ടെ- എന്ന മട്ടിലുള്ള വിശേഷണങ്ങളും സൃഷ്ടിക്കപ്പെട്ടത് വ്യക്തമായ ഉദ്ദേശങ്ങളോടെയാണ് എന്നും ബോദ്ധ്യപ്പെടുന്നു. അച്ചടക്കവും ചിട്ടയുമുള്ള ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ താങ്കളുടേ സിവിൽ എഞ്ചിനീയറിങ്ങ് മാനേജ്മെന്റ് വൈദഗ്ദ്ധ്യത്തെ ഒട്ടും കുറച്ചു കണ്ടുകൊണ്ടല്ല ഈ വസ്തുത ഉദ്ധരിക്കുന്നത് എന്നും പറഞ്ഞുകൊള്ളട്ടെ.

താങ്കൾക്ക് അസസ്യം ഭക്ഷിക്കുന്നവരെ വെറുപ്പാണ് എന്ന പ്രസ്താവന കണ്ടു. താങ്കൾ കടലാസിൽ ഒപ്പിട്ട വൻ പദ്ധതികളുടെയൊക്കെ സ്ലാബും തൂണും വാർത്ത, അതിനൊക്കെ പൊരിവെയിലത്തിരുന്ന് കമ്പി കെട്ടിയ, പണിക്കാരിൽ പലരും എന്താണ് ഭക്ഷിക്കുന്നത് എന്ന് താങ്കൾ ഓർത്തിട്ടുണ്ടോ. ഞങ്ങളുടെ നാട്ടിലൊക്കെ വാർപ്പിന്റെ അന്ന് ഉച്ചക്ക് പൊറോട്ടയാണ്. കൂട്ടത്തിൽ ബീഫാണോ കുറുമയാണോ വെറും ചാറാണോ എന്ന് ആരും അന്വേഷിക്കാറില്ല. ഗർഭത്തിലിരിക്കുമ്പോൾ തന്നെ “നമസ്തേ സദാ വത്സലേ മാതൃഭൂമേ ത്വയാ ഹിന്ദുഭൂമേ” എന്ന് കേട്ട് സംഘപരിവാർ ആയ ആളാണ് അങ്ങ് എന്ന് ഈയിടെ നടത്തിയ വെളിപ്പെടുത്തലുകളിൽ നിന്ന് മനസ്സിലായി. ഗാന്ധിജി കൊല്ലപ്പെട്ടതിലും അങ്ങേക്ക് വിരോധമൊന്നും ഉണ്ടായിരുന്നില്ല എന്നും കേട്ടു. പക്ഷെ ഭക്ഷണത്തിനായി കോഴിയെ കൊല്ലുന്നത് പോലും ഇഷ്ടമല്ല എന്നും. ആർഷഭാരതത്തിലെ ഭക്ഷണശീലങ്ങളെ സംബന്ധിച്ച് വേദങ്ങളിൽ നിന്ന് കിട്ടിയ അറിവ് അങ്ങേക്കുണ്ടോ എന്ന് അറിയില്ല.

താങ്കളുടെ പുറംവായനയെ സംബന്ധിച്ച് പല എയർപോർട്ടുകളിലും വെച്ച് താങ്കളെ സന്ധിച്ച ഒരു സുഹൃത്ത് പറഞ്ഞ ഒരു അറിവ് എനിക്കുണ്ട്. താങ്കൾ എപ്പോഴും വായിക്കാൻ കയ്യിൽ കരുതുന്നത് കേരളത്തിലെ ഒരു ആൾദൈവത്തിന്റെ ബിസിനസ് സാമ്രാജ്യത്തിൽ നിന്ന് ഇറങ്ങുന്ന പ്രസിദ്ധീകരണം മാത്രമാണ് എന്ന്. അതുകൊണ്ട് കഴിഞ്ഞ മാസം ഇറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പ് താങ്കൾ കണ്ടിരിക്കാൻ ഇടയില്ല. അതിൽ പ്രശസ്ത ചരിത്രകാരൻ എം.ജി.എസ്.നാരായണന്റെ ഒരു അഭിമുഖമുണ്ട്. ഹൈന്ദവബ്രാഹ്മണശീലങ്ങളിൽ മാംസഭക്ഷണം, പ്രത്യേകിച്ചും ഗോമാംസം എത്രമാത്രം വിശിഷ്ടമായ ഭോജ്യമായാണ് കണക്കാക്കപ്പെട്ടിരുന്നത് എന്ന് അദ്ദേഹം വിശദമാക്കുന്നുണ്ട്. പിന്നീട് ചരിത്രത്തിൽ സംഭവിച്ചത് എന്ത് എന്നും.

അതെന്തോ ആവട്ടെ.. താങ്കൾ നിത്യവും സാമ്പാറും ഓലനും അവിയലും കഴിച്ച് ഈ എൺപത്തൊമ്പതാം വയസ്സിലും ആരോഗ്യം നിലനിർത്തുന്നതിൽ സന്തോഷമേയുള്ളൂ. പക്ഷെ ഭാരതപ്പുഴയോട് താങ്കൾ കാണിച്ചത് മാതൃഹത്യയേക്കാൾ വലിയ പാപമാണ് എന്ന് പറഞ്ഞേ മതിയാവൂ. ഒരു പരിസ്ഥിതിപ്രവർത്തകൻ എന്നൊന്നും സ്വയം വിളിക്കാൻ കഴിയാത്ത, മറ്റു പലരേയും പോലെ ഒരു മദ്ധ്യവർഗജീവിതത്തോട് സന്ധി ചെയ്ത്, പുറംതേപ്പിന് ഒരു ലോഡ് മണൽ വാങ്ങി വീടുവെച്ച് കഴിയുന്ന ഒരു സാധാരണ മനുഷ്യനാണ് ഞാൻ. പക്ഷെ, വീടു വെച്ച കാര്യത്തിലടക്കം എന്നെ ശാസിച്ച, സ്വന്തം ജീവിതത്തിലെ 25 വർഷക്കാലം ഭാരതപ്പുഴക്കു വേണ്ടി വെയിലു കൊണ്ട് സഞ്ചരിക്കുകയും നിരന്തരം കോടതികൾ കയറിയിറങ്ങുകയും ചെയ്ത, മരിച്ചുപോയ എന്റെ അച്ഛനടക്കമുള്ള, 2001 ലെ നദീസംരക്ഷണ നിയമത്തിന് വഴി തെളിയിച്ച ഭാരതപ്പുഴ സംരക്ഷണ സമിതിയുടേയും കേരള നദീസംരക്ഷണ സമിതിയുടേയും ചാലക്കുടിപ്പുഴ സംരക്ഷണസമിതിയുടേയുമൊക്കെ നിസ്വാർത്ഥരായ ഒട്ടേറെ പ്രവർത്തകരുടെ ഓർമ്മയിൽ, അവസാന ശ്വാസം വരെ പുഴക്കു വേണ്ടി ജീവിച്ച റിവർ റിസർച്ച് സെന്ററിലെ ഡോ.ലതയുടെ ഓർമ്മയിൽ ഇത്രയെങ്കിലും പറയാതിരിക്കുന്നത് ശരിയല്ല.

പ്രത്യേകിച്ചും ഈ തിരഞ്ഞെടുപ്പു കഴിഞ്ഞ് താങ്കൾ മുഖ്യമന്ത്രി തന്നെ ആയിക്കളയും എന്ന നേരത്തെയുള്ള പ്രസ്താവന മാറ്റി ഇനി ഭാരതപ്പുഴ സംരക്ഷണത്തിനും കാശ്മീരിലെ ദാൽ തടാകം വൃത്തിയാക്കുന്നതിനും ശിഷ്ടജീവിതം സമർപ്പിക്കാൻ പോകുന്നു എന്ന പ്രഖ്യാപിച്ച സാഹചര്യത്തിൽ. എല്ലാ തിരഞ്ഞെടുപ്പുകാലത്തും മുഖ്യധാരാ രാഷ്ട്രീയപ്രവർത്തകരെ പ്രകൃതിയുടെ രാഷ്ട്രീയം പറഞ്ഞുബോധ്യപ്പെടുത്താൻ ഒരു ജീപ്പും മൈക്കും എടുത്ത് ഇറങ്ങിയിരുന്ന ഒരു സംഘമുണ്ട്. തോറ്റ യുദ്ധമാണ് എന്നറിഞ്ഞിട്ടും പൊരുതിക്കൊണ്ടേ ഇരുന്നവർ. ഒടുവിൽ സഹികെട്ട് 2014 ഡിസംബറിൽ ഭാരതപ്പുഴ നദീതടത്തിലെ 21 എം.എൽ.എ മാരെ പട്ടാമ്പിയിൽ വിളിച്ചുചേർത്ത് (അതിൽ 17 പേർ പങ്കെടുത്തു) ഈ പുഴ നിങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ച, അഞ്ചു വർഷം മുമ്പ് അന്തരിച്ച എന്റെ അച്ഛൻ ഇന്ത്യനൂർ ഗോപിമാഷെ ഓർത്തുകൊണ്ട് പറയട്ടെ. ഏതൊരു മണൽ മാഫിയയോടും ഒപ്പം നിൽക്കുന്ന കടുംകൈ തന്നെയാണ് താങ്കളും രാജ്യത്തെ പുഴകളോടും പ്രകൃതിയോടും താങ്കളുടെ ഔദ്യോഗികജീവിതത്തിനിടയിൽ ചെയ്തിട്ടുള്ളത്.

അതിന്റെ തുടർച്ചയായിത്തന്നെയാവണം ദുരന്തനിവാരണ നിയമത്തിന്റെ പേരിൽ അനിയന്ത്രിതമായ മണലെടുപ്പിനു വഴി തെളിയിച്ച രണ്ടു വർഷം മുമ്പിലുള്ള സർക്കാർ ഓർഡിനൻസിലും താങ്കൾക്ക് പങ്കുണ്ടായത്. പുഴ ഒരു എഞ്ചിനീയറിങ്ങ് പ്രൊജക്റ്റ് അല്ല എന്ന് താങ്കൾ ഇനിയെങ്കിലും തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു സിവിൽ എഞ്ചിനീയറിങ്ങ് മാനേജ്മെന്റ് വിദഗ്ദ്ധൻ എന്നതിലുപരി രാജ്യത്തെ എല്ലാ കാര്യങ്ങളിലും വിദഗ്ദ്ധാഭിപ്രായം പറയാൻ മാത്രം അറിവുള്ള ആളല്ല താങ്കൾ എന്ന് എഞ്ചിനീയറിങ്ങ് പഠിച്ചവർക്കെങ്കിലും ബോദ്ധ്യമുണ്ട്.

താങ്കളുടെ ഇത്രയും കാലത്തെ ഔദ്യോഗികജീവിതത്തിന്റെ കാലടിയടയാളങ്ങൾ പുഴയും പരിസ്ഥിതിയും പ്രകൃതിയും സംബന്ധിച്ച തീരുമാനങ്ങളെടുക്കാൻ മാത്രം ശുദ്ധിയുള്ളതല്ല എന്ന് ചുരുക്കിപ്പറയട്ടെ. താങ്കൾ ആ കാലുകൾ ശുദ്ധി ചെയ്യേണ്ടത് മണലെടുത്തു കലങ്ങിയ ഭാരതപ്പുഴയിലെ ദേശമംഗലത്തിനടുത്തുള്ള ചെങ്ങണാംകുന്ന് റെഗുലേറ്ററിനു സമീപം ആവുന്നതാവും ഉചിതം. ബഹുമാനിതനായി വിശ്രമിക്കേണ്ട ഒരു പ്രായത്തിൽ താങ്കളെക്കൊണ്ട് അപഹാസ്യമായ വേഷം കെട്ടിച്ച് ശുദ്ധ അസംബന്ധങ്ങൾ പറയിച്ച താങ്കളുടെ പാലക്കാട്ടെ പ്രചരണസംഘത്തിലെ ബീജേപ്പി ആറെസ്സെസ് അനുയായികളെ കിണ്ടികളുമായി കൂടെ കൂട്ടാൻ മറക്കരുത്..!