ടാറ്റ വിശ്വസ്തതയുടെ പര്യായം; ലോകനിലവാരത്തിലേക്ക് ടാറ്റ ഉയർന്ന കഥ

വിജയ് കുമാർ

ഓരോ ശരാശരി ഇന്ത്യക്കാരനും അവന്റെ ദൈനംദിന ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ ടാറ്റായുടെ ഏതെങ്കിലും ഒരു ഉത്പന്നം ഉപയോഗിക്കാതെ ഉറങ്ങുന്നില്ല എന്നതാണ് സത്യം, ഉപ്പു മുതൽ സോഫ്റ്റ് വെയർ വരെ വരുന്ന പറഞ്ഞാൽ തീരാത്ത ടാറ്റ ഉത്പന്നങ്ങൾ എന്നും നമ്മുടെ ജീവിതത്തെ അറിയാതെ സ്പർശിക്കുന്നുണ്ട്.

ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ ഓർക്കേണ്ട പേരാണ് ടാറ്റ – ഒരുപാട് കമ്പനികളോ ഒരായിരം പ്രൊഡക്ടുകളോ ഉള്ളതു കൊണ്ടല്ല; ലോകത്തിൽ ഏറ്റവും അധികം ബിസിനസ് എത്തിക്‌സ് (സാന്മാർഗിക നീതി ) പുലർത്തുന്ന വലിയ ബിസിനസ് ഗ്രൂപ് ആയി തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ് ആണ് ടാറ്റ.

ഏഴേകാൽ ലക്ഷം ജോലിക്കാർ ഉള്ളതും എത്രയോ ലക്ഷം റിട്ടയർ ആയി പോവുകയും ചെയ്ത ടാറ്റ ഗ്രൂപ്പിൽ ജോലിക്കു കയറുന്ന ഓരോ ഉദ്യോഗാർത്ഥിയും ടാറ്റ കോഡ് ഓഫ് കണ്ടക്‌ട് എന്നൊരു കൊച്ചു പുസ്തകം വായിച്ചു ഒപ്പിട്ടു കൊടുക്കണം, അതിൽ പറഞ്ഞിട്ടുണ്ട് ഗ്രൂപ്പിലെ ബിസിനസ് മൂല്യങ്ങളെക്കുറിച്ചും അത് പാലിച്ചില്ലെങ്കിൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും.

പഴയ പേർഷ്യയിൽ നിന്നും ഗുജറാത്തിലെ നവസരായ് എന്ന നാട്ടിൽ കുടിയേറിയ ടാറ്റ കുടുംബത്തിലെ അംഗമായിരുന്ന ജംഷെഡ്ജി ടാറ്റ ബിസിനസിലേക്ക് തിരിയുന്നത്1869ൽ 28-ാമത്തെ വയസ്സിൽ 21000 രൂപ മുടക്കി ബോംബയിൽ നഷ്ടത്തിൽ ഓടിക്കൊണ്ടിരുന്ന ഒരു എണ്ണ മിൽ ഏറ്റെടുത്ത് അതൊരു തുണിമില്ലാക്കി മാറ്റികൊണ്ടാണ്.

പിന്നീട് വളർച്ചയുടെ പാതയായിരുന്നു. 1874ൽ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഒന്നര ലക്ഷം രൂപ മുടക്കി അദ്ദേഹം തുടങ്ങിയ എംപ്രസ്സ് മിൽ ഇന്ത്യയുടെ തുണി വ്യവസായത്തെയും മഹാരാഷ്ട്രയിലെ കോട്ടൺ വ്യവസായത്തെയും വേറെ തലങ്ങളിൽ എത്തിച്ചു. ആ കാലത്ത് വിക്ടോറിയ മഹാറാണി ഇന്ത്യയുടെ എംപ്രസ്സ് ആയതുകൊണ്ടാണ് അദ്ദേഹം ആ പേര് സ്വീകരിച്ചത്.

വളരെയധികം ഉയർന്ന ബിസിനസ് ചിന്താഗതിയും പരന്ന വായനയും ഉണ്ടായിരുന്ന ജംഷെഡ്ജി ചെറുപ്രായത്തിൽ തന്നെ പല ലോകരാജ്യങ്ങളും സന്ദർശിച്ചിരുന്നു. യൂറോപ്പിൽ പങ്കെടുത്ത ഒരു മീറ്റിങ്ങിൽ വെച്ചാണ് ഇന്ത്യയിൽ ഒരു സ്റ്റീൽ ഫാക്ടറി തുടങ്ങേണ്ട ആവശ്യകത അദ്ദേഹത്തിന് മനസ്സിലാവുന്നത്.

1893ൽ ഒരു യൂറോപ്പ് യാത്രയിലാണ് ജംഷെഡ്ജി കപ്പലിൽ വെച്ച്‌ കാഷായ വേഷധാരിയായ ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു. തന്റെ ബിസിനസ് പ്ലാനുകളെക്കുറിച്ചു ഇന്ത്യക്കാരനായ, ഇംഗ്ലീഷ് പാണ്ഡിത്യമുള്ള ആ കാഷായ വേഷധാരിയോട് അദ്ദേഹം സംസാരിച്ചു. ഭാരതം പോലെ പിന്നോക്കം നിൽക്കുന്ന ഒരു രാജ്യത്തിന് മുന്നേറണമെങ്കിൽ ഇന്ത്യയിൽ വ്യവസായങ്ങൾ വരണമെന്നും അതിനു ആദ്യം വേണ്ടത് രണ്ടു കാര്യങ്ങൾ ആണെന്നും അയാൾ ജംഷെഡ്ജിയോട് പറഞ്ഞു.

ഒന്നാമത്തെ കാര്യം ശാസ്ത്രം വളരണം, ശാസ്ത്രീയമായ ചിന്തകൾ വളർത്തുന്നതിനുള്ള ഉന്നത വിദ്യാഭ്യാസം ഇന്ത്യയിൽ ഉണ്ടാകണം, അതും ദക്ഷിണേന്ത്യയിൽ തന്നെ ഉണ്ടാകണം. രണ്ടാമത്തെ കാര്യം ഇന്ത്യ സ്വന്തമായി ഇരുമ്പും സ്റ്റീലും ഉത്പാദിപ്പിക്കണം, അതിലൂടെ സ്വന്തമായി മെഷീനുകളും വ്യവസായങ്ങളും വളരും. ആ യാത്രയിൽ അവർ പിരിയുമ്പോൾ എന്താണ് തന്റെ വഴി എന്നതിനെക്കുറിച്ചു ജംഷെഡ്ജിക്ക് ചിത്രം വ്യക്തമായിരുന്നു. ചിക്കാഗോയിൽ ലോക മതസമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു സംസാരിക്കാൻ പോകുന്ന സ്വാമി വിവേകാനന്ദൻ ആയിരുന്നു ആ കാഷായ വസ്ത്രധാരി.

ഒരിക്കൽ അവിചാരിതമായി ഒരു ബ്രിട്ടീഷ് യാത്രികൻ എഴുതിയ ഒരു പുസ്തകം ജംഷെഡ്ജിയുടെ കൈയിൽ വന്നുപെട്ടു. ബിഹാറിലെ ആൾതാമസം ഇല്ലാത്ത ചില പ്രദേശങ്ങളിൽ ഒട്ടനവധി ഇരുമ്പ് അയിര് ശേഖരം ഉണ്ടെന്നു അദ്ദേഹം ആ പുസ്തകത്തിൽ വായിച്ചു. ബിഹാറിലെ മനുഷ്യവാസം ഇല്ലാത്ത ആ ഒരു ഏരിയ മുഴുവൻ ഏറ്റെടുത്ത അദ്ദേഹം വ്യാവസായിക ഇന്ത്യയുടെ ഭാവി മാറ്റിയെഴുതിയ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുമ്പ് ഫാക്ടറിയായ ടാറ്റ അയേൺ ആൻഡ് സ്റ്റീൽ കമ്പനി (TISCO) അവിടെ ഉയർത്തിയതും ലോകത്തിലെ ഏറ്റവും നല്ല വ്യാവസായിക രീതികളും നയങ്ങളും രൂപപ്പെട്ടതും ഇന്ത്യയുടെ വ്യാവസായിക ചരിത്രം.

(8 മണിക്കൂർ മാത്രം ജോലി, പ്രോവിഡന്റ് ഫണ്ട്, ഇ എസ് ഐ, തൊഴിലാളികൾക്കുള്ള താമസം, ആശുപത്രി, വിദ്യാഭ്യാസം, യൂണിയൻ പ്രവർത്തനം എങ്ങനെ ആയിരിക്കണം എന്നിങ്ങനെ ഇന്ത്യയെന്നല്ല ലോകം അതുവരെ കണ്ടിട്ടില്ലാത്ത പല നയങ്ങളും അവിടെ കൊണ്ടുവന്നു. ആ നഗരം അദ്ദേഹത്തിന്റെ പേരിൽ പിന്നീട് ജംഷെഡ്പുർ എന്നറിയപ്പെട്ടെങ്കിലും ടിസ്‌കോയുടെ വളർച്ച കാണും മുമ്പേ അദ്ദേഹം വിട പറഞ്ഞു.

അതെ സമയം ദക്ഷിണേന്ത്യയിൽ, ബാംഗ്ലൂരിൽ, ശാസ്ത്രത്തിന്റെ ഗവേഷണത്തിനും വളർച്ചക്കും വേണ്ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്ന സ്ഥാപനം തുടങ്ങിയ ശേഷം ആ സന്തോഷം അറിയിച്ചു കൊണ്ട് അദ്ദേഹം സ്വാമി വിവേകാനന്ദന് കത്തയക്കുകയും ചെയ്തു. പ്രശസ്തമായ ആ സ്ഥാപനം ഇപ്പോൾ ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ സയൻസ് സർവകലാശാലകളിൽ ഒന്നാണ്.

ഒരിക്കൽ ബോംബയിലെ വാട്‌സൺ ഹോട്ടലിലു മുമ്പിൽ “ഡോഗ്‌സ് ആൻഡ് ഇന്ത്യൻസ് ആർ നോട് അലവ്ഡ് (നായകൾക്കും ഇന്ത്യക്കാർക്കും പ്രവേശനമില്ല) എന്ന ബോർഡ് കണ്ടു രക്തം തിളച്ച ജംഷെഡ്ജി 1903ൽ ഇന്ത്യക്കാർക്ക് വേണ്ടി പണിതുയർത്തിയതാണ് ഇന്ത്യയിലെ ആദ്യത്തെ, ഇന്നും ഉന്നതിയിൽ തല ഉയർത്തി നിൽക്കുന്ന ബോംബയിലെ താജ് ഹോട്ടൽ. അന്നതിന് മുമ്പിൽ ജംഷെഡ്ജി വലിയൊരു ബോർഡ് വെച്ചു – ഡോഗ്‌സ് ആൻഡ് ബ്രിട്‌സ് ആർ നോട് അലവ്ഡ് (നായകൾക്കും ബ്രിട്ടീഷുകാർക്കും പ്രവേശനം ഇല്ല).

സാധാരണ ഇന്ത്യൻ ബിസിനസ് കുടുംബങ്ങളിൽ കാണുന്നതുപോലെ പിതാവിൽ നിന്നും മക്കൾക്ക് ബിസിനസ് കൈമാറുന്ന ഒരു വ്യവസ്ഥിതി ടാറ്റയിൽ ഇല്ല. ഏറ്റവും കഴിവുള്ള, എല്ലാവരും കൂടി ചേർന്ന് തീരുമാനിക്കുന്ന ഒരാൾ പിന്നീട് ഗ്രൂപ്പിനെ നയിക്കുന്ന രീതിയാണ് ടാറ്റയിൽ ഉള്ളത്. അതുകൊണ്ടാണല്ലോ രയറോത്തു കുട്ടമ്പള്ളി കൃഷ്ണകുമാർ (KK ) എന്ന തലശ്ശേരിക്കാരൻ വർഷങ്ങളോളം താജ് ഹോട്ടൽസും ടാറ്റ ടീയും അടക്കമുള്ള ഗ്രൂപ് കമ്പനികളുടെ അമരക്കാരൻ ആയത്.

ടാറ്റായുടെ കഥകളിൽ പലരും അറിയാത്ത ഒരുപാട് മലയാളികൾ ഉണ്ട്. സാമ്പത്തിക ശാസ്ത്ര വിദഗ്ധനായ ഡോക്ടർ ജോൺ മത്തായി അവരിൽ ഒരാളാണ്. ടാറ്റ ഗ്രൂപ്പിൽ ഡയറക്ടർ ആയിരുന്ന ജോൺ മത്തായി എന്ന സാമ്പത്തിക വിദഗ്ദ്ധൻ നെഹ്രുവിന്റെ അഭ്യർത്ഥന പ്രകാരം ആദ്യത്തെ നെഹ്റു മന്ത്രിസഭയിൽ ഇന്ത്യയുടെ ആദ്യത്തെ റെയിൽവേ മന്ത്രിയായും പിന്നീട് ഇന്ത്യയുടെ ധനവകുപ്പ് മന്ത്രിയായും മാറി.

പക്ഷെ സാമ്പത്തിക കാര്യത്തിലുള്ള ആ മലയാളിയുടെ ദീർഘവീക്ഷണം ഉൾക്കൊള്ളാൻ പ്രധാനമന്ത്രിക്ക് ആവാതെ പോയതും പ്ലാനിംഗ് കമ്മീഷന് അധിക സ്വാതന്ത്രം നൽകുന്നു എന്നതും ആ ജോലി ഉപേക്ഷിച്ചു വീണ്ടും ടാറ്റയിലേക്ക് തിരിച്ചു വരാനും കാരണമായി. ഭാരതത്തിന്റെ ആദ്യത്തെ 2 ബജറ്റുകൾ അവതരിപ്പിക്കുകയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യത്തെ ചെയർമാൻ ആയിരിക്കുകയും മദ്രാസ് സർവ്വകലാശാലയുടെയും കേരള സർവ്വകലാശാലയുടെയും വി സി ആയിരിക്കുകയും രാജ്യം പദ്മവിഭൂഷൻ നൽകി ആദരിക്കുകയും ചെയ്ത ആ വിദഗ്ദ്ധനെ മലയാളി എത്രമാത്രം അടുത്തറിഞ്ഞിട്ടുണ്ട് എന്ന് സംശയമുണ്ട്.

ജംഷെഡ്ജിയെ തുടർന്ന് വന്ന തലമുറകളിൽ ഏറ്റവും പ്രഗത്ഭനും പ്രശസ്തനും ദീർഘകാലം ചെയർമാനും ആയിരുന്നു ജെ ആർ ഡി ടാറ്റ. ഇന്ത്യയിലെ ഒന്നാം നമ്പർ പൈലറ്റ് ലൈസൻസ് കിട്ടിയത് ജെ ആർ ഡി ടാറ്റക്കായിരുന്നു. സ്വന്തമായി തുടങ്ങിയ ടാറ്റ എയർലൈൻസ് എന്ന കമ്പനി JRD ടാറ്റയോട് ഒരു വാക്കുപോലും പറയാതെ മൊറാർജി ദേശായി ദേശവത്കരിച്ചത് പിറ്റേന്നത്തെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ നിന്നും വായിക്കേണ്ടി വന്നത് ഇന്ത്യയുടെ ബിസിനസ് ചരിത്രത്തിൽ JRD ടാറ്റ എന്ന അതികായനെ കരയിപ്പിച്ച ദിവസം. എയർ ഇന്ത്യ എന്ന് നെഹ്റു പേര് മാറ്റിയ ആ കമ്പനിക്ക് ഇന്ന് മുന്നോട്ടു പോകാൻ ആവാതെ കഷ്ടപ്പെടുമ്പോൾ ടാറ്റ വിസ്താര എന്ന ടാറ്റായുടെ എയർലൈൻസ് കമ്പനി എയർ ഇന്ത്യക്ക് വില പറയുന്നുണ്ടെങ്കിൽ അത് കാലം കാത്തുവെച്ച മധുരപ്രതികാരം.

ലാക്‌മേ എന്ന ടാറ്റയുടെ കോസ്‌മെറ്റിക്സ് പ്രൊഡക്ടുകളുടെ സാമ്പിൾ സ്വീകരിച്ചു കൊണ്ട് ഇന്ദിരാഗാന്ധി JRD ടാറ്റക്ക് അയച്ച കത്തിൽ ആദ്യമായാണ് താൻ മേക്ക്അപ്പ് സാധനങ്ങൾ ഉപയോഗിക്കുന്നതെന്നും ടാറ്റായുടെ ആയതുകൊണ്ടാണ് എന്നും പറയുന്നുണ്ട്.
തിരുവനന്തപുരത്ത് രാജകുടുംബത്തിലെ ഇളമുറക്കാരൻ ബോംബെയിൽ ഒരു അപകടത്തിൽ മരിച്ചപ്പോൾ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനായി എന്തു ചെയ്യണം എന്ന ആലോചനയിൽ രാജാവ് തന്റെ പ്രതിനിധിയോടു പറഞ്ഞു JRD ടാറ്റയെ പോയി കണ്ടാൽ മതിയെന്ന്.

ടാറ്റയെ കാണാൻ പോയ പ്രതിനിധിയോടു ബാറ്റ് കളി നിർത്താതെ തന്നെ അദ്ദേഹം പറഞ്ഞത് “ബാക്കി ഒരുക്കങ്ങൾ ചെയ്‌തോളൂ, ബോഡി സമയത്തു അവിടെ എത്തിയിരിക്കും എന്ന് രാജാവിനെ അറിയിക്കുക” എന്നാണ്. തിരുവിതാംകൂറിന്റെ മണ്ണിൽ ആദ്യമായി ഒരു വിമാനം ഇറങ്ങിയത് ഒരു മൃതദേഹവുമായി ടാറ്റാ എയർലൈൻസ് ആയിരുന്നു എന്നതും ചരിത്രം.

സുധ മൂർത്തി നാരായണമൂർത്തി ടാറ്റ സ്റ്റീലിന്റെ ഫാക്ടറിയിലേക്ക് എന്‍ജിനീയർമാരെ വിളിച്ചുകൊണ്ടുള്ള അപേക്ഷയിൽ സ്ത്രീകൾ അപേക്ഷിക്കേണ്ടതില്ല എന്ന് എഴുതിയിരിക്കുന്നത് കണ്ടപ്പോൾ ബാംഗ്ലൂർകാരിയായ സുധ എന്നൊരു എന്‍ജിനീയർ പെൺകുട്ടി അതിനെതിരെ കത്തെഴുതിയത് നേരെ അവരുടെ ചെയർമാന്. കത്ത് വായിച്ച സാക്ഷാൽ ജെ ആർ ഡി ടാറ്റ പെൺകുട്ടിയോട് നേരിട്ട് ഹാജരാകാൻ പറഞ്ഞതും ബോംബയിൽ എത്തിയ സുധയോട് പുരുഷന്മാർ മാത്രം ജോലി ചെയ്യുന്ന ഫാക്ടറി ആയതു കൊണ്ടാണ് അങ്ങനെ പരസ്യം ചെയ്തത് എന്നും പറഞ്ഞതും സുധക്ക് താല്പര്യമാണെങ്കിൽ അവിടെ ജോലി ചെയ്യാം എന്നും പറഞ്ഞതും രേഖകൾ.

രണ്ടും കല്പിച്ചു ജോലിക്കു കയറിയ സുധ പിന്നീട് ടാറ്റായുടെ ഹെഡ് ഓഫീസിൽ ജോലി ചെയ്യുന്ന കാലത്താണ് ഒരുനാൾ സന്ധ്യ കഴിഞ്ഞു ടാറ്റ ഹെഡ് ഓഫീസിനു താഴെ ഒറ്റക്ക് നിൽക്കുന്നത് അപ്പോൾ താഴേക്ക് ഇറങ്ങി വരികയായിരുന്ന ചെയർമാൻ ജെ ആർ ഡി കണ്ടത്. എന്താണ് ഇവിടെ നിൽക്കുന്നത് എന്ന് ചോദിച്ച ജെ ആർ ഡിയോട് തന്റെ പ്രിയതമനെ കാത്തു നിൽക്കുകയാണെന്ന് പറഞ്ഞ സുധക്ക് ആ പറഞ്ഞ പ്രിയതമൻ വരുന്നത് വരെ കമ്പനി കൊടുത്ത് അവിടെനിന്ന ചെയർമാന്റെ ലാളിത്യത്തെക്കുറിച്ച്‌ സുധ പിന്നീട് എഴുതുകയുണ്ടായി. അന്ന് ഒരു ചപ്പടാച്ചി സ്‌കൂട്ടർ ഓടിച്ചു വന്ന ആ പ്രിയതമൻ ആണ് ഇന്ന് ലോകപ്രശസ്തമായ ഇൻഫോസിസ് കമ്പനിയുടെ മുൻ ചെയർമാൻ നാരായണമൂർത്തി എന്നതും സുധ എന്ന സുധ നാരായണമൂർത്തി ഇന്നും തന്റെ ഓഫീസ് മുറിയിൽ സൂക്ഷിച്ചിരിക്കുന്ന ഫോട്ടോ ജെ ആർ ഡി ടാറ്റയുടേതാണ് എന്നതും കാലത്തിന്റെ കനിവുകൾ.

ടാറ്റ മോട്ടോർസ് പുതിയ ഒരു വണ്ടി ആസൂത്രണം ചെയ്യുന്ന കാലത്തു അതിനു വേണ്ടി അഹോരാത്രം പണിയെടുത്ത അതിന്റെ തലവനായിരുന്ന സുമന്ത് മോൽഗാവോങ്കർ എന്നും ഊണ് സമയത്ത്, റോഡരികിൽ വണ്ടി നിർത്തി ആഹാരം കഴിക്കുന്ന സാധാരണക്കാരായ വണ്ടി ഡ്രൈവർമാരുടെ കൂടെ പോയിരുന്നു ആഹാരം കഴിക്കുമായിരുന്നു. ടാറ്റയുടെ പുതിയ വണ്ടിയിൽ ഉണ്ടാകേണ്ടതും ഡ്രൈവർമാർ ആഗ്രഹിക്കുന്നതുമായ കാര്യങ്ങൾ എന്തൊക്കെയാണെന്നും ഉപേക്ഷിക്കേണ്ടത് എന്തൊക്കെയാണെന്നും അദ്ദേഹം മനസ്സിലാക്കി എടുത്തത് ആ ആഹാര സമയത്തായിരുന്നു. അതിന്റെ ഫലമായി ടാറ്റ പുറത്തിറക്കിയ ടാറ്റ സുമോ എന്ന വാഹനത്തിന്റെ രണ്ടാം പേരായാ സുമോ ഒരു ജപ്പാനീസ് പേരാണെന്ന് നിങ്ങൾ കരുതിയോ. കമ്പനിയുടെ തലവനായ, ആ വണ്ടിക്കു പുറകിലെ ബുദ്ധിയായ സുമന്ത് മോൽഗാവോങ്കറിന്റെ പേരിലെ ആദ്യാക്ഷരങ്ങൾ ആയിരുന്നു സുമോ.

തേയിലയുടെ ചെടികൾ നടാൻ പുതിയ മലകൾ മൂന്നാറിൽ കാണിച്ചു കൊടുത്ത ആദിവാസികളായ കണ്ണന്റെയും തേവന്റെയും പേരിൽ “Kannan Devan” എന്ന ബ്രാൻഡ് ഉണ്ടാക്കാനും ടാറ്റക്ക് അല്ലാതെ ഏതു കമ്പനിക്ക് കഴിയും? മൂന്നാർ പോലെയൊരു ഉപേക്ഷിത മേഖലയെ തൊഴിൽ ശാലകളും, ആശുപത്രികളും ഉയർന്ന ഇംഗ്ലീഷ് വിദ്യാഭ്യാസം, ശമ്പളം, ലീവ്, മറ്റാനുകൂല്യങ്ങൾ എന്നിവ നൽകുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ആക്കി മാറ്റാൻ ടാറ്റാക്ക് അല്ലാതെ മറ്റ് ആർക്ക് കഴിയും. അതും കഴിഞ്ഞു ടാറ്റ ടീ എന്ന ഇന്ത്യയിലെ ചെറിയൊരു കമ്പനി യൂറോപ്പിലെ ഏറ്റവും വലിയ തേയില കമ്പനിയായ TETLEY എന്ന കമ്പനിയെ ഒന്നാകെ ഏറ്റെടുത്തു വിഴുങ്ങിയപ്പോൾ ബിസിനസ് ലോകം അക്ഷരാർത്ഥത്തിൽ ഞെട്ടി.

കാരണം ഒരു വലിയ ആനയെ ഒരു കുഴിയാന വിഴുങ്ങിയതു പോലെയായിരുന്നു അത്. ഗ്രൂപ്പിന്റെ സപ്പോർട്ട് ഉണ്ടായിരുന്നത് ‌കൊണ്ട് കുഴിയാനക്ക് അത് സാധിക്കുകയും ഇന്ന് വളർന്നു ലോകത്തിലെ ഏറ്റവും വലിയ ടാറ്റ ഗ്ലോബൽ ബിവറേജസ് എന്ന പടുകൂറ്റൻ കമ്പനി ആയി മാറുകയും ചെയ്തു. തുടർന്ന് ടാറ്റ ടാറ്റ ടീയുടെ 70 ശതമാനം തൊഴിലാളികൾക്കും ജോലിക്കാർക്കുമായി കൈമാറിയതും തുടർന്ന് കമ്പനി ഉയർന്ന സാമ്പത്തിക ലാഭം ഉണ്ടാക്കിയതും ബിസിനസ് ക്ളാസ്സുകളിൽ പഠിക്കാനുള്ള പാഠം.

കൈക്കൂലിയും അവിഹിത രാഷ്ട്രീയ ഇടപാടുകളും ഒരിക്കലും ബിസിനസ് വളർത്താൻ ഉപയോഗിക്കില്ല എന്നത് ഒരു അടിസ്ഥാന കമ്പനി പോളിസി ആയി കൊണ്ട് നടക്കുന്നതിനാൽ ടാറ്റ ഗ്രൂപ്പ്, രാഷ്ട്രീയക്കാർക്കും മീഡിയകൾക്കും അത്ര പ്രിയപ്പെട്ടവരല്ല.

ഒരിക്കൽ ബ്രിട്ടീഷ് കമ്പനിയായിരുന്ന റേഞ്ച് റോവറിന്റെയും ജാഗുവറിന്റെയും ഇന്നത്തെ ഉടമസ്ഥരായ ടാറ്റ മോട്ടോഴ്‌സ് എന്ന ടാറ്റ കമ്പനി ടാറ്റ സൺസിന്റെ ലോകം മൊത്തം പരന്ന് കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണു. ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള നൂറോളം കമ്പനികൾ ഏതൊക്കെയാണെന്ന് ആ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന പലർക്കും പരസ്പരം അറിയില്ല എന്നതാണ് രസം.

അത്രക്ക് വിശാലമാണ് ആ ലോകം. ഗ്രൂപ്പിൽ തന്നെ കമ്പനികൾ പലതും ഉണ്ടെങ്കിലും, ടാറ്റ എന്ന നാലക്ഷരം ഗ്രൂപ്പിലെ എല്ലാവർക്കും ഉപയോഗിക്കാൻ ആവില്ല. അതിനു ചില മാനദണ്ഡങ്ങൾ ഉണ്ട്. ഇന്റേണൽ അസ്സെസ്സ്‌മെന്റ് കമ്മറ്റികൾ നടത്തുന്ന പല തരത്തിലുള്ള വിലയിരുത്തലുകൾക്ക് ശേഷമേ ഈ വാക്ക് ഉപയോഗിക്കാൻ പറ്റു. ആ നിലവാരത്തിൽ എത്തിയിട്ടും ആ നാലക്ഷരം ഉപയോഗിക്കാതെ വലിയ നിലയിൽ മുന്നിട്ടു നിൽക്കുന്ന കമ്പനികൾ തന്നെ ടാറ്റ ഗ്രൂപ്പിന് അകത്തുണ്ട്, ഉദാഹരണത്തിന് താജ് ഗ്രൂപ് ഹോട്ടൽസ്, വോൾട്ടാസ്, ടൈറ്റാൻ വാച്ചസ് എന്നിങ്ങനെ മുൻനിരയിൽ നിൽക്കുന്ന പല ഗ്രൂപ്പ് കമ്പനികളും ടാറ്റ എന്ന വാക്ക് ഉപയോഗിക്കുന്നില്ല.

ആ വാക്ക് ഉപയോഗിക്കാത്തത് കൊണ്ട് തന്നെ നമുക്കറിയുന്ന പല കമ്പനികളും ടാറ്റ ഗ്രൂപ്പിന്റേതാണ് എന്ന് നമുക്കും അറിയില്ല. (ഉദാ : TANISHQ , TETLEY , VSNL ) നൂറോളം കമ്പനികൾ, TCS എന്ന ഒറ്റ ഐ ടി കമ്പനി മാത്രമെടുത്താൽ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായി കരുതുന്ന റിലയൻസ് ഇൻഡസ്റ്റ്രീസിന്റെ അത്രയും ആസ്ഥി വരും.

ടാറ്റയുടെ വരുമാനത്തിന്റെ 90 %വും വരുന്നത് ഇന്ത്യക്ക് പുറത്തു നിന്നാണ്. സാധാരണക്കാരനെ പിഴിഞ്ഞല്ല ടാറ്റ കമ്പനികൾ പൊതുവെ ലാഭമുണ്ടാക്കാറുള്ളത്. TCSന്റെ യൊക്കെ ഏറ്റവും വലിയ ക്ലയന്റ്‌സ് Microsoft, Google Facebook പോലുള്ള വൻകിട കോർപ്പറേറ്റുകളാണ്. ഉപ്പു മുതൽ സോഫ്റ്റ് വെയർ വരെയുള്ള എല്ലാ ബിസിനസിലുമുണ്ടെങ്കിലും entertainment, alcohol & tobacco ബിസിനസിൽ ടാറ്റയില്ല, വരികയുമില്ല! ലോകത്തെ മുഴുവൻ ഇന്റർനെറ്റ് ട്രാഫിക്കിന്റെ 24 %ൽ അധികവും കടന്നു പോകുന്നത് ടാറ്റയുടെ കേബിൾ ശൃംഖലയിലൂടെയാണ്.

ഇന്ത്യയിലാദ്യമായി Daycare, പ്രസവ അവധി, പ്രൊവിഡന്റ് ഫണ്ട് (PF) എന്നിവ ജോലിക്കാർക്കായി നടപ്പിലാക്കി, പിന്നീടാണ് ഗവൺമെന്റുകൾ പോലും നടപ്പിലാക്കി തുടങ്ങിയത്. കൈകൂലി കൊടുക്കുകയും വാങ്ങുകയുമില്ല എന്നത് പ്രഖ്യാപിത നയമാണ്. നിരവധി കരാറുകൾ ടാറ്റ അതുമൂലം വേണ്ടെന്നു വെച്ചിട്ടുണ്ട്.

Indian Institute of Science (IISc), TATA Institute of Fundamental Research (TIFR), TATA Institute of Social Science (TISS) തുടങ്ങി അനവധി രാജ്യാന്തര നിലവാരമുള്ള പഠന കേന്ദ്രങ്ങൾ, നിരവധി ആശുപത്രികൾ, ഇന്ത്യയിലെ ഏറ്റവും വലിയ കാൻസർ ചികിത്സാകേന്ദ്രമായ ബോംബയിലെ ടാറ്റ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, റിസർച്ച്‌ സെന്ററുകൾ, സ്‌പോട്‌സ് കേന്ദ്രങ്ങൾ തുടങ്ങിയവ രാജ്യത്തിന് നൽകി.

ഇന്ത്യയിലെ ഏറ്റവും വലിയ integrated corporate company ടാറ്റയാണ് (724000 ജോലിക്കാർ, 100ൽ അധികം രാജ്യങ്ങളിൽ പ്രവർത്തനം). TATA Global Beverages ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേയില കമ്പനിയാണ് TATA Chemicals ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ osda ash (സോഡാ ആഷ്) നിർമ്മാണ കമ്പനിയാണ്.

TATA Motors ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വാഹനനിർമ്മാതാക്കളിൽ ആദ്യ 10ൽ ഉൾപ്പെടുന്ന കമ്പനിയാണ്. Jaguar, Land Rover എന്നീ ആഡംബര കാർ ബ്രാൻഡുകളുടെ ഉടമ Tata Motors ആണ്. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച പാസ്സഞ്ചർ കാറായാ ഇൻഡികയും സാധാരണക്കാരന് താങ്ങാവുന്ന കാറായ നാനോയും ടാറ്റ മോട്ടോഴ്‌സിന്റെ സംഭാവനയാണ്.

TCS (Tata Consultancy Services) ലോകത്തിലെ വലിയ രണ്ടാമത്തെ IT Service കമ്പനിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ integrated power company ആണ് TATA Power. ഭാരത് രത്‌ന ലഭിച്ച ആദ്യ ഇന്ത്യൻ വ്യവസായി ആണ് JRD Tata. ടാറ്റാ ഗ്രൂപ്പിന്റെ മുഴുവൻ ആസ്തിയും രത്തൻ ടാറ്റയുടെ പേരിലേക്ക് മാറ്റിയാൽ ലോകത്തിലെ ഏറ്റവും വലിയ ധനികൻ അദ്ദേഹം ആകുമായിരുന്നു.

ഒന്നാം ലോക മഹായുദ്ധ കാലത്ത് മുംബൈ താജ് ഹോട്ടൽ 600 ബെഡുള്ള ആശുപത്രിയാക്കിയിരുന്നു ടാറ്റാ ഗ്രൂപ്പ്. ലോകത്ത് ആദ്യമായി 8 മണിക്കൂർ ജോലി നടപ്പാക്കി (1912). തീവ്രവാദികൾ ബോംബെ ആക്രമിച്ചപ്പോൾ (9 /11 ) അന്ന് നഷ്ടം സംഭവിച്ചവർക്കെല്ലാം ടാറ്റ ഗ്രൂപ് ഒരു തുക എല്ലാ മാസവും അന്ന് മുതൽ എന്നും വീട്ടിൽ എത്തിച്ചു നൽകുന്നു, അത് തുടർന്ന് കൊണ്ടേയിരിക്കുന്നു. 1932ൽ Tata Aviation Services ആരംഭിച്ചു. പിന്നീടത് Tata Airlines ആയി. ഇന്ത്യാ ഗവൺമെന്റിന് വിട്ടുകൊടുത്തപ്പോൾ ഇപ്പോഴത്തെ Air India-യും ആയി.

ഇന്ത്യയിൽ ആദ്യമായി വിമാനം പറത്തിയതും പൈലറ്റ് ലൈസൻസ് നേടിയതും JRD ടാറ്റയാണ്. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്‌കൂളുകളിൽ മുമ്പിലുള്ള അമേരിക്കയിലെ ബോസ്റ്റണിലെ ഹാർവാർഡ് ബിസിനസ് സ്‌കൂളിലെ ഒരു ബിൽഡിങ്ങിന്റെ പേര് ടാറ്റാ ഹാൾ എന്നാണ്.
CSR (Corporate Social Responsibility) activities ലോകത്ത് ആദ്യമായി നടപ്പിലാക്കിയ കമ്പനി ടാറ്റയാണ്. പിന്നീട് ലോകം അത് അനുകരിച്ചു, രാജ്യങ്ങൾ നിയമമാക്കി.

സമ്പത്തിനേക്കാൾ അധികമായി രാജ്യസ്‌നേഹത്തിന്റെയും തൊഴിലാളി സ്‌നേഹത്തിന്റെയും അടിയുറച്ച നീതിയുടെയും മൂല്യത്തിന്റെയും മാർഗത്തിൽ മാത്രം പോകുന്നതുകൊണ്ട് ഒട്ടനവധി ബിസിനസുകൾ നഷ്ടപ്പെടുകയും പ്രൊജക്ടുകൾ വേണ്ടെന്നു വെയ്ക്കുകയും ചെയ്തിട്ടുണ്ട് ടാറ്റ ഗ്രൂപ്.

Read more

പക്ഷെ ഒരിക്കലും തങ്ങളുടെ മൂല്യങ്ങളിൽ നിന്നും വ്യതിചലിക്കില്ല എന്നതിന്റെയും മറ്റെന്തിനേക്കാളും മുമ്പിൽ രാജ്യമാണെന്നും വിശ്വസിക്കുന്നതു കൊണ്ടാണ് ടാറ്റ ഗ്രൂപ്പ് ലോകത്തിലെ ഏറ്റവും എത്തിക്കൽ ആയ ബിസിനസ് ഗ്രൂപ്പ് ആയി തിരഞ്ഞെടുക്കപ്പെടുന്നതും രാജ്യം ആവശ്യപ്പെടുകയാണെങ്കിൽ കൊറോണയെ തോൽപ്പിക്കാൻ തന്റെ മുഴുവൻ സമ്പദ്യവും നൽകാൻ താൻ തയ്യാറാണെന്ന് രത്തൻ ടാറ്റക്ക് പറയാൻ ആവുന്നതും.