"ചിലർ ആ സമയത്ത് പീഡനക്കേസ് പ്രതികളെ ഊരുന്നതിൽ തിരക്കിലാവും": ശ്രീജിത്ത് പണിക്കർ

സി.പി.എം നേതാവ് എം.ബി രാജേഷിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ശ്രീജിത്ത് പണിക്കർ. കേന്ദ്ര സർക്കാരിന്റെ വിവാദമായ വാക്‌സിൻ നയങ്ങളെ അനുകൂലിച്ചു കൊണ്ടുള്ള  ശ്രീജിത്ത് പണിക്കരുടെ വാദങ്ങൾക്കെതിരെയായിരുന്നു എം.ബി രാജേഷിന്റെ വിമർശനം. “കേരള ജനതയ്ക്ക് 2000 കോടി മുടക്കി വാക്സിൻ വാങ്ങുമെന്ന് പ്രഖ്യാപനം നടത്തിയത് ധനമന്ത്രി തോമസ് ഐസക്കാണ്. തിരഞ്ഞെടുപ്പിനു മുമ്പ്. കൈയിലിരിക്കുന്ന പണം കൊടുത്ത് അത് വാങ്ങാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞതും ഐസക്കാണ്. തിരഞ്ഞെടുപ്പിനു ശേഷം. നാണമുണ്ടോ എന്ന് ചോദിക്കുന്നില്ല. സർക്കാരിന്റെ കൈയിൽ ബാക്കിയുണ്ടെന്ന് പറഞ്ഞ 5000 കോടി ഇപ്പോൾ 3000 കോടിയായി. അതിൽ നിന്നും 1300 കോടി എടുത്തുവീശാൻ എന്തേ വയ്യെന്ന് താങ്കൾ അദ്ദേഹത്തോട് ചോദിച്ചില്ലേ?” എന്ന്  ശ്രീജിത്ത് പണിക്കർ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.

ശ്രീജിത്ത് പണിക്കരുടെ ഫെയ്സ്ബുക്ക് കുറിപ്പ് പൂർണരൂപം:

ആത്മാർത്ഥ സ്നേഹിതനും പാലക്കാട്ടെ സിപിഎം അംഗവുമായ എം ബി രാജേഷ് ഇട്ട പോസ്റ്റ് നന്നായി. വാട്ടെബൗട്ടറിയിൽ എംഎ എന്നൊരു ബിരുദാനന്തരബിരുദ കോഴ്സ് മരമടി, സോറി, കാലടി സംസ്കൃത സർവകലാശാല എത്രയും പെട്ടെന്ന് തുടങ്ങണം.

[1] //ഇന്നലെ രാത്രി “യാരോ ഒരാൾ ”  ടൈം ഔട്ട് വിളിച്ചിരുന്നുവത്രേ. സൂര്യാസ്തമയം കഴിഞ്ഞാൽ പോസ്റ്റിടരുതത്രേ. സൂര്യോദയവും സൂര്യനമസ്കാരവും കഴിഞ്ഞ് പകൽ വെളിച്ചത്തിലേ ടിയാന് പറയാൻ പാങ്ങുള്ളൂവത്രേ. ഗൂഗിളിൽ തപ്പി രാത്രി മുഴുവൻ ഉറക്കമൊഴിച്ച് കാണാതെ പഠിക്കാനായിരിക്കും വോളിബോളിലെപ്പോലെ ടൈം ഔട്ട് വിളിച്ചത്. അതോ രാത്രി പത്തു മണി കഴിഞ്ഞപ്പോഴേക്കും “രായേഷ് “എന്നൊക്കെ അക്ഷരങ്ങൾ വഴുക്കി തുടങ്ങിയതുകൊണ്ടായിരിക്കുമോ?//

ഇന്നലെ താങ്കൾ ടൈം ഔട്ട് വിളിച്ചത് താങ്കൾ മറന്നുവല്ലേ? “Don”t wrestle with pigs. You both get dirty and the pig likes it എന്നൊരു ചൊല്ലുണ്ട് ഇംഗ്ലീഷിൽ. അതു മാനിക്കുന്നു. നിർത്തുന്നു,” എന്നു പറഞ്ഞത് താങ്കളാണ്. ഇന്നലെ രാത്രി 10.43ന്. പത്തുമണി കഴിഞ്ഞപ്പോഴേക്കും അക്ഷരങ്ങളും ഓർമ്മയും വഴുക്കി തുടങ്ങിയതു കൊണ്ടാണോ രാവിലെ ആയപ്പോൾ ആ ഓർമ്മ പോയതെന്ന് സ്വയം വിലയിരുത്തുക. സൂര്യാസ്തമയം കഴിഞ്ഞത് കൊണ്ടല്ല ഞാൻ ഇന്നലെ രാത്രി പോസ്റ്റ് ഇടാതിരുന്നത്. ആ സമയത്ത് വഴുക്കി തുടങ്ങുന്നവർ ആ പോസ്റ്റ് ശ്രദ്ധിക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ്. ചിലർ ആ സമയത്ത് പൊലീസ് സ്റ്റേഷനിൽ പോയി പീഡനക്കേസ് പ്രതികളെ ഊരുന്നതിൽ തിരക്കിലാവും. എല്ലാ വിഭാഗം ജനങ്ങളും എന്റെ പോസ്റ്റ് വായിക്കണമെന്നുള്ള ആഗ്രഹം ഉള്ളതുകൊണ്ടാണ് പോസ്റ്റ് രാവിലെ ആക്കിയത്. തലേ രാത്രിയിലെ വഴുക്കൽ കാരണം പാർട്ടി ജില്ലാ സമ്മേളനത്തിൽ വൈകി എത്തിയതും, വിശദീകരണം ആവശ്യപ്പെട്ട നേതാവിനെ കുടുക്കാൻ തീവ്രത അളക്കാൻ ആളെ വിട്ടതും ഞാൻ അല്ലല്ലോ.

[2]  //ആ എന്തെങ്കിലുമാവട്ടെ. നല്ല പകൽ വെളിച്ചത്തിൽ, പ്രാതലിനു ശേഷം ഊണാവും മുമ്പ് തന്നെ ഇതിരിക്കട്ടെ.

വിവരക്കേടിൻ്റെ ഉത്തുംഗശൃംഗത്തിലാണ് സ്ഥിരവാസം .പൊങ്ങച്ചവും പരപുഛവുമാണ് സ്ഥായീഭാവം. പറയുന്നത് വിവരക്കേടാണെന്ന് പോലും തിരിച്ചറിയാനാവാത്ത അന്തമെഴാത്തതാം ആത്മവിശ്വാസമാണ് കൈമുതൽ. അവഗണിക്കേണ്ടതാണ്. സഹതപിക്കേണ്ടതുമാണ്. വാക്സിൻ കണ്ടു പിടിച്ചിട്ടില്ലാത്ത വെളിവുകേടിനോട് തർക്കിക്കൽ പാഴ്‌വേലയാണെന്ന് പലരും പറയുന്നത് കേൾക്കാത്തതല്ല. പക്ഷേ ഈ ഒറ്റത്തവണ തീർപ്പാക്കലോടു കുടി നിർത്തിയേക്കാം.//

ഇതാ വീണ്ടും ഒറ്റത്തവണ തീർപ്പാക്കൽ പോലും. രണ്ടാമത്തെ തീർപ്പാക്കൽ അല്ലേ? എന്താണ് പൊങ്ങച്ചം? “ആഹാ കുലുക്കി ബാഹാ കുലിക്കി പാലക്കാടും പിടിച്ചടക്കി” എന്നു പാടുന്നതാണോ? അതോ “എന്റെ തല, എന്റെ ഫുൾഫിഗർ’ അവിഞ്ഞ വിഡിയോ പേജിൽ പിൻഡ് പോസ്റ്റ് ആയി കീച്ചുന്നതാണോ? “അന്തമെഴാത്തതാം” എന്നതിൽ എല്ലാമുണ്ട് — അന്തം. എന്തായാലും വെളിവുകേടിനോട് തർക്കിക്കുന്നത് പാഴ്‌വേലയാണെന്ന് അറിവുള്ളയാൾ വീണ്ടും തർക്കത്തിനു മുതിർന്നാൽ അപ്പുറത്തുള്ളവന് വെളിവുണ്ടെന്നാണല്ലോ അർത്ഥം. പ്രശംസയ്ക്ക് നന്ദി. എന്തായാലും മുൻപ് ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയില്ലെന്ന് മനസ്സിലായി. ആക്ട് ഓഫ് ഗോഡ് മെഴുകലും നിർത്തിയെന്ന് മനസ്സിലായി. ഇനി എന്നോടുള്ള ചോദ്യങ്ങളാണ്. മറുപടി തരാം.

[3] //നികുതിപ്പണം കൊണ്ടുണ്ടാക്കുന്ന വാക്സിൻ സൗജന്യമാക്കണമെങ്കിൽ പിന്നെ KSRTC യിൽ ടിക്കറ്റ് എടുക്കുന്നത് എന്തിനാ എന്നൊക്കെയുള്ള തനി തറ  താർക്കിക കുയുക്തിയാണ് കയ്യിലുള്ളത്.അതു കേട്ട് കിടുവേ എന്ന് അഭിനന്ദിക്കുന്ന ചാണകവരട്ടിത്തലകളാണ് ശക്തി. ആ തലകൾ തിങ്ങിയ സംഘി രാജ്യത്തെ മുറിമൂക്കനാണ് കക്ഷി. പാൻഡെമിക് ആണ്. ദശ ലക്ഷങ്ങൾ രോഗബാധിതരാണ്. ആയിരങ്ങൾ പ്രതിദിനം മരിക്കുകയാണ്.10 ശതമാനത്തിനു പോലും വാക്സിൻ ലഭിച്ചിട്ടില്ല.  ദരിദ്ര ജന കോടികൾക്ക് വില താങ്ങില്ല. വാക്സിനേഷൻ മാത്രമാണ് ഈ മനുഷ്യ ജീവനുകൾ രക്ഷിക്കാനും ദുരന്തത്തെ നേരിടാനുള്ള ആത്യന്തിക പോംവഴി.അപ്പോഴാണ് ജീവൻ രക്ഷാ വാക്സിൻ സൗജന്യമാക്കണമെന്ന മനുഷ്യത്വപരവും ജനാധിപത്യപരവുമായ ആവശ്യം KSRTC ടിക്കറ്റുമായി താരതമ്യം ചെയ്യുന്നത്. മിനിമം ബോധമുള്ളവരാരെങ്കിലും ഈ വിഡ്ഡിച്ചോദ്യം ചോദിക്കാൻ ധൈര്യപ്പെടുമോ?//

പാൻഡമിക് ആണെന്ന് താങ്കൾക്ക് മാത്രമല്ലല്ലോ അറിവുള്ളത്. ദരിദ്രജനങ്ങൾക്ക് വാക്സിനേഷൻ ലഭ്യമാക്കണമെന്ന കാര്യത്തിലും സംശയമില്ല. കേരള ജനതയ്ക്ക് 2000 കോടി മുടക്കി വാക്സിൻ വാങ്ങുമെന്ന് പ്രഖ്യാപനം നടത്തിയത് ധനമന്ത്രി തോമസ് ഐസക്കാണ്. തിരഞ്ഞെടുപ്പിനു മുൻപ്. കയ്യിലിരിക്കുന്ന പണം കൊടുത്ത് അത് വാങ്ങാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞതും ഐസക്കാണ്. തിരഞ്ഞെടുപ്പിനു ശേഷം. നാണമുണ്ടോ എന്ന് ചോദിക്കുന്നില്ല. സർക്കാരിന്റെ കയ്യിൽ ബാക്കിയുണ്ടെന്ന് പറഞ്ഞ 5000 കോടി ഇപ്പോൾ 3000 കോടിയായി. അതിൽ നിന്നും 1300 കോടി എടുത്തുവീശാൻ എന്തേ വയ്യെന്ന് താങ്കൾ അദ്ദേഹത്തോട് ചോദിച്ചില്ലേ? ഐസക് പറയുന്നത് കേട്ട് കിടുവേ എന്നു പറയാൻ അങ്ങയുടേത് ചാണകവരട്ടിത്തല അല്ലല്ലോ. കഴിഞ്ഞ ബജറ്റിൽ വാക്സിൻ സൗജന്യമെന്ന് പറഞ്ഞിട്ടും ഒരു രൂപ നീക്കിവക്കാഞ്ഞത് എന്തേ സഖാവേ എന്നെങ്കിലും ചോദിക്കാൻ അങ്ങേയ്ക്ക് കഴിഞ്ഞില്ലല്ലോ. കേന്ദ്രം 50% വാക്സിൻ വാങ്ങി സൗജന്യമായി നൽകുന്നു. അതോ അതെല്ലാം മോദിക്ക് മാത്രം നാലുനേരം വെച്ച് കുത്തിവെക്കുകയാണെന്നാണോ സഖാവ് കരുതുന്നത്? കണക്കിൻ പ്രകാരം കേന്ദ്രം സൗജന്യമായി കേരളത്തിനു നൽകിയത് ഇന്നലെ വരെ 67 ലക്ഷം വാക്സിൻ. കേരളം പട്ടിണിപ്പാവങ്ങൾക്ക് നൽകിയത് ആനമൊട്ട. വാക്സിൻ കമ്പനികളുമായി അഞ്ചുദിവസം മുൻപ് തുടങ്ങിയ ചർച്ച ഇപ്പോഴും തുടരുകയാണത്രേ! കഷ്ടം. കെഎസ്ആർടിസി ടിക്കറ്റുമായി താരതമ്യം ചെയ്തത് ഒരു പൊട്ടയുക്തിയെയാണ്. പൊതുജനങ്ങളുടെ പണം മുടക്കി വാങ്ങുന്ന വസ്തുവിന് വീണ്ടും പൊതുജനം പണം മുടക്കരുതെന്ന പൊട്ടയുക്തിയെ. സാധാരണ മനുഷ്യർക്കൊപ്പം, പോത്തിൻകാട്ടം വരട്ടിയ തലകളുമായി നടക്കുന്നവർക്കും ഇതൊക്കെ മനസ്സിലാകാനാണ്.

[4] //ജീവൻ രക്ഷാ മരുന്നുകളുടെ വിൽപ്പനയിലൂടെ കൊള്ളലാഭമുണ്ടാക്കുന്നത് പൈശാചിക നടപടിയാണെന്ന് പറഞ്ഞത് സുപ്രീം കോടതിയാണ്.( സൈനയിഡ് ഇന്ത്യാ കേസ് 1997) വല്ലതും കേട്ടിട്ടുണ്ടോ പണ്ഡിത മൂഢൻ? ഉണ്ടെങ്കിൽ ആ പൈശാചിക നടപടിയെ ന്യായീകരിക്കുമോ?//

താങ്കളുടേത് സ്ട്രോമാൻ വാദമാണ്. അതായത് ഞാൻ പറയാത്ത ഒരു കാര്യം ഞാൻ പറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കിയിട്ട് ആ വാദത്തെ ആക്രമിക്കുക. വാക്സിൻ വില്പനയിലൂടെ കൊള്ളലാഭം ഉണ്ടാക്കണമെന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. പറഞ്ഞെന്ന തോന്നൽ ഉണ്ടാക്കി ആക്രമിക്കാൻ ശ്രമിക്കുകയാണ് താങ്കൾ. 1997ലെ സയനൈഡ് കേസ് എന്റെ അറിവിൽ ഒരു ക്രിമിനൽ കേസാണ്. അതുമായി താങ്കൾ പറഞ്ഞ ഭാഗത്തിന് ബന്ധമില്ല. ഇനി വേറെ കേസ് ഉണ്ടെങ്കിൽ ആ കേസിന്റെ ടൈറ്റിലും സൈറ്റേഷനും നൽകൂ. വാക്സിൻ ഒരു ജീവൻ രക്ഷാ മരുന്നല്ല എന്നെങ്കിലും മനസ്സിലാക്കുക. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന മരുന്നാണ് വാക്സിൻ. ഇനി വാക്സിൻ ഒരു ജീവൻ രക്ഷാ മരുന്ന് ആണെങ്കിൽക്കൂടി അതിൽ നിന്ന് കൊള്ളലാഭാം ഉണ്ടാക്കണമെന്ന് ഞാൻ എങ്ങും പറഞ്ഞില്ലല്ലോ. വാക്സിൻ ഉല്പാദനം വർദ്ധിപ്പിക്കണമെങ്കിലും ജനിതക വ്യതിയാനം വരുന്ന മുറയ്ക്ക് ഗവേഷണം നടത്തണമെങ്കിലും പണം ആവശ്യമാണ്. സെറം ഇൻസ്റ്റിറ്റ്യൂട്ടിനൊന്നും ബക്കറ്റ് പിരിവ് വഴിയല്ലല്ലോ വരുമാനം. പ്രളയഫണ്ട് തട്ടിക്കാനും അവർക്ക് കഴിയില്ല. അടർ പൂനാവാലയുടെ മരിച്ചുപോയ അങ്കിൾ ചെങ്ങന്നൂർ മുൻ എമ്മെല്ലെ അല്ലാത്തതുകൊണ്ട് ദുരിതാശ്വാസ നിധിയിലെ പണമെടുത്ത് വീശാനും കഴിയില്ല. ആവശ്യമായ പണം ഡോളർ ആയി കൊടുക്കുന്ന കാര്യം ആലോചിക്കണം. ഗവേഷണവും ഉല്പാദനവും നടത്തി മാന്യമായാണ് അവർ പണം ഉണ്ടാക്കുന്നത്.

[5] //ഔഷധവില നിയന്ത്രണ ഉത്തരവ് (2013) അറിയുമോ കോമള കളേബര വദനന്? (അഭിനന്ദനം കേട്ട് ഒന്ന് പുളകിത ഗാത്രനായിക്കോട്ടെ ) അസാധാരണ സാഹചര്യങ്ങളിൽ പൊതുതാൽപര്യം മുൻനിർത്തി വിപണിയിൽ ജീവൻ രക്ഷാ ഔഷധങ്ങളുടെ വില നിയന്ത്രണം ഉറപ്പാക്കാൻ സർക്കാരിന് അധികാരമുണ്ട്. ആ അധികാരം മുമ്പ് പലപ്പോഴും പ്രയോഗിച്ചിട്ടുണ്ട് കേന്ദ്ര സർക്കാരുകൾ. ആടെന്തറിഞ്ഞു അങ്ങാടി വാണിഭം?//

വീണ്ടും സ്ട്രോമാൻ വാദം. അതായത് വിപണിയിൽ മരുന്ന് എത്തിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. പറഞ്ഞെന്ന തോന്നൽ ഉണ്ടാക്കി ആക്രമിക്കാൻ ശ്രമിക്കുകയാണ് താങ്കൾ. വിലനിയന്ത്രണ ഉത്തരവിൽ, എങ്ങനെയാണ് വില നിശ്ചയിക്കുന്നത് എന്നാണ് പറയുന്നത്. റീടെയ്ലർക്കുള്ള ശരാശരി വില, മാർജിൻ, ഉയർന്ന പരിധി നിർണ്ണയം, ഉല്പാദകമത്സരം എന്നിവ പരിഗണിച്ചാണ് വില നിർണ്ണയം. അതിനുള്ള ഫോർമുലകളും ഈ ഉത്തരവിൽ പറയുന്നുണ്ട്. വാക്സിൻ എന്നത് ജീവൻ രക്ഷാ മരുന്നല്ലെന്നും ഞാൻ പറഞ്ഞു. ആ നിയമം കേട്ടിട്ടുണ്ടോ, ഈ ഉത്തരവ് അറിയാമോ, മറ്റേ കേസിൽ കോടതി പറഞ്ഞത് എന്തെന്നറിയാമോ എന്നൊക്കെ താങ്കൾ ചോദിക്കുന്നു എന്നേയുള്ളൂ. എന്താണ് കാര്യമെന്നോ അത് ഈ വിഷയത്തിൽ എങ്ങനെ പ്രസക്തമാകുന്നു എന്നോ താങ്കൾ പറയുന്നില്ല. 1951ൽ പഞ്ചാബിൽ സംഭവിച്ചത് എന്താണെന്ന് അറിയുമോ എന്ന തരത്തിലുള്ള വാദമാണ് താങ്കളുടേത്. പോത്തെന്തറിഞ്ഞു അങ്ങാടി വാണിഭം?

[6] //ജീവൻ രക്ഷാ ഔഷധങ്ങളുടെ വില നിയന്ത്രണം സർക്കാർ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി 2003 ൽ വിധിച്ചതറിയുമോ? (KS Gopinath vs Union of India) പോട്ടെ ദുരന്തനിവാരണ നിയമം (2005) പ്രകാരം ഏത് ചട്ടങ്ങളിലും മാറ്റം വരുത്തി ഇടപെടാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നെങ്കിലുമറിയാമോ? കോവിഡ് ഒരു ദേശീയ ദുരന്തമാണെന്നെങ്കിലും നിരീക്ഷക ദുരന്ദരൻ മനസ്സിലാക്കിയിട്ടുണ്ടോ?//

വീണ്ടും സ്ട്രോമാൻ വാദം. കേന്ദ്രത്തിന് എവിടെയും ഇടപെടാൻ കഴിയില്ലെന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. പറഞ്ഞെന്ന തോന്നൽ ഉണ്ടാക്കി ആക്രമിക്കാൻ ശ്രമിക്കുകയാണ് താങ്കൾ. വാദം വീണ്ടും അതാണ് — ജീവൻ രക്ഷാ ഔഷധം! ദേശീയ ദുരന്തം എന്നാൽ നാഷണൽ ആക്ട് ഓഫ് ഗോഡ് ആണൊ അതോ നാഷണൽ ഹാൻഡ് ഓഫ് ഗോഡ് ആണോ? പോത്തിനെന്ത് ഏത്തവാഴ!

[7] //വാക്സിന് ലോകത്തേറ്റവും ഉയർന്ന വില ഇന്ത്യയിലാണെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് പോലുള്ള ദേശീയ മാദ്ധ്യമങ്ങളും ആരോഗ്യ വിദഗ്ദ്ധരും പട്ടിക സഹിതം  ചൂണ്ടിക്കാണിച്ച ദിവസം തന്നെ ഇന്ത്യയിൽ വില കൂടുതലല്ല എന്ന കല്ലുവെച്ച നുണ തട്ടിവിടാൻ തൊലിക്കട്ടിയുടെ ബലമല്ലാതെ എന്തെങ്കിലും ഡേറ്റയുടെ പിൻബലമുണ്ടോ?//

ബെസ്റ്റ്! ഉയർന്ന വാക്സിൻ വിലയാണ് ഇന്ത്യയിലേത് എന്നുള്ള പ്രചരണങ്ങൾ സെറം ഇൻസ്റ്റിറ്റ്യൂട്ട് തന്നെ തിരുത്തിയിട്ട് ദിവസങ്ങൾ പലതുകഴിഞ്ഞു. ദേശാഭിമാനിയിൽ വാർത്ത വന്നോയെന്നറിയില്ല. ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെ പ്രചരിക്കപ്പെട്ട വില വാക്സിൻ നിർമ്മാണ സമയത്ത് ധാരണയായ വിലകളും കോവിഷീൽഡിന്റെ ഇന്നത്തെ വിലയും ആയിരുന്നു. റഷ്യൻ വാക്സിനും ചങ്കിലെ (ചൈന) വാക്സിനും 750 രൂപയ്ക്ക് മുകളിലും അമേരിക്കൻ വാക്സിന് 1500 രൂപയ്ക്ക് മുകളിലും ആണ് വില. ഡേറ്റ മാത്രമാണ് ആധാരം. കാണുക — https://twitter.com/SerumInstI…/status/1384765710329520131. ഇംഗ്ലീഷ് അറിയുമെങ്കിൽ ഇതിലെ രണ്ടാമത്തെ പോയിന്റ് വായിക്കുക — https://twitter.com/…/status/1385899831705538560/photo/1. നുണ തട്ടിവിടാൻ പോത്തിന്റെയത്ര തൊലിക്കട്ടിയൊന്നും നമുക്കില്ലേ!

[8] //എന്നിട്ടിപ്പോൾ  പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സർക്കാരിന് തന്നെ വാക്സിൻ വില കുറക്കാൻ കമ്പനികളോട് ആവശ്യപ്പെടേണ്ടി വന്നതായി വാർത്ത. ഇപ്പോഴിതാ സുപ്രീം കോടതിയും വാക്സിൻ വിലയിലെ പൊരുത്തക്കേട് ചോദ്യം ചെയ്യുന്നു.എന്തുകൊണ്ട്? വില കൂടുതലല്ല എന്ന ബസ് ടിക്കറ്റ് ന്യായീകരണവുമായി വന്നവൻ നീളൻ നാവ് തിരിച്ച് ചുരുട്ടി മടക്കി വായിൽ തിരുകും മുമ്പേ കേന്ദ്രൻ വില കുറക്കാമോ എന്ന് ചോദിക്കുന്നതിനെപ്പറ്റി മിണ്ടാട്ടമുണ്ടോ?//

വീണ്ടും സ്ട്രോമാൻ വാദം. കേന്ദ്രസർക്കാർ വില കുറയ്ക്കാൻ വാക്സിൻ കമ്പനികളോട് ആവശ്യപ്പെടുന്നത് നല്ല കാര്യമാണ്. താങ്കൾ പറയുന്നത് കേട്ടാൽ തോന്നും വാക്സിൻ വില കൂട്ടാൻ ഞാനും കേന്ദ്രവും ആവശ്യപ്പെട്ടെന്ന്. വില ന്യായമാണെന്നോ അല്ലെന്നോ ഒരു ഘട്ടത്തിലും ഞാൻ പറഞ്ഞിട്ടില്ല. അത് നിയമപ്രകാരം വിശദീകരിക്കേണ്ടത് സർക്കാരും കമ്പനികളുമാണ്. കേരളത്തിൽ സ്വകാര്യമേഖലയിലെ ആർടിപിസിആർ ടെസ്റ്റിന്റെ ചെലവിനേക്കാൾ വളരെ കുറവാണ് നിലവിൽ കോവിഷീൽഡിന്റെ വില എന്നത് വാസ്തവം. അങ്ങേയ്ക്ക് ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്ന് അർണാബ് ഗോസ്വാമിയുമായുള്ള അവസാന ചർച്ച കണ്ടവർക്ക് മനസ്സിലാകും. എന്നാൽ മലയാളവും അറിയില്ലെന്നു വന്നാൽ അത് അങ്ങ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊണ്ടുവന്ന സാംസ്കാരിക നായകർക്ക് പോലും അപമാനമാകും. വാക്സിൻ വില കൂടുതൽ അല്ലെന്ന് ഞാൻ കെഎസ്ആർടിസി പോസ്റ്റിൽ പറഞ്ഞോ? പറഞ്ഞിട്ടില്ല. അതിൽ ഞാൻ വിലയെക്കുറിച്ച് പറഞ്ഞിട്ടേയില്ല. വാക്സിന് ഇരട്ടവില ചുമത്തുന്നു എന്ന വാദം തെറ്റാണെന്നു മാത്രമാണ് പറഞ്ഞത്. ഇതാണ് പല കമ്യൂണിസ്റ്റുകാരുടെയും പ്രശ്നം. സ്വന്തം വാദം മറ്റൊരാളിന്റെ വായിൽ തിരുകും. എന്നിട്ട് അതിനെ ആക്രമിക്കും. അടുത്ത നുണയാണ് വാക്സിൻ വിലയിലെ പൊരുത്തക്കേട് കോടതി ചോദ്യം ചെയ്യുന്നു എന്നത്. അങ്ങനെയല്ല, വാക്സിൻ വിലയെ കുറിച്ച് ആക്ഷേപം വന്നപ്പോൾ എങ്ങനെയാണ് വില നിർണ്ണയിച്ചത് എന്നുള്ള ഫോർമുലയാണ് കോടതി ആവശ്യപ്പെട്ടത്. വിലനിർണ്ണയത്തെക്കുറിച്ച് മുൻപ് താങ്കൾ സൂചിപ്പിച്ച ഡോക്യുമെന്റ് താങ്കൾ തന്നെ വായിച്ചിട്ടില്ലെന്ന് തോന്നുന്നു. അതിരിക്കട്ടെ, സ്വകാര്യമേഖലയിലെ ആർടിപിസിആർ ടെസ്റ്റിന്റെ വില നിയന്ത്രിക്കുന്നതിനെ കുറിച്ച് ഇനിയെങ്കിലും വായിൽ മടക്കിവെച്ച ചെറിയ നാവുകൊണ്ട് മിണ്ടാടുമോ?

[9] //18 -45 പ്രായപരിധിയിലുള്ളവർക്ക് സ്വകാര്യ കേന്ദ്രങ്ങളിൽ മാത്രം വാക്സിനേഷൻ എന്ന സർവത്ര പ്രതിഷേധമുണ്ടാക്കിയ കേന്ദ്ര നിലപാടിനെ ന്യായീകരിക്കാൻ ആറ്റിലേക്ക് എടുത്തു ചാടിയ അച്യുതൻ തിരിച്ചു കയറും മുമ്പ് കേന്ദ്രം ആദ്യ മാർഗ്ഗ നിർദ്ദേശം തിരുത്തിയതോ?//

ആറ്റിലേക്ക് എടുത്തുചാടിയത് അച്യുതൻ ആയാലും ബാലകൃഷ്ണൻ ആയാലും താങ്കൾ പറയുന്നത് അവാസ്തവമാണ്. കേന്ദ്ര ആരോഗ്യസെക്രട്ടറിയും ആരോഗ്യമന്ത്രിയും പറഞ്ഞത് 18-45 പ്രായത്തിൽ ഉള്ളവർക്കുള്ള വാക്സിനേഷൻ സ്വകാര്യ കേന്ദ്രങ്ങളിൽ മാത്രം ആണെന്നും, “സംസ്ഥാനങ്ങൾ തയ്യാറായാൽ” അവർക്ക് സംസ്ഥാനത്തിന്റെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിൻ നൽകാമെന്നുമാണ്. ആരോഗ്യമന്ത്രാലയത്തിന്റെ ആദ്യ ട്വീറ്റിൽ സ്വകാര്യമേഖലയിലെ വാക്സിനേഷൻ പരാമർശം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുമാത്രം. എന്നാൽ കേന്ദ്ര ആരോഗ്യസെക്രട്ടറി ഔദ്യോഗികമായി മാധ്യമങ്ങളോട് പറയുകയും എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയും ചെയ്ത രണ്ടാം ഭാഗം താങ്കൾ അറിഞ്ഞതേയില്ല. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അത് താങ്കളുടെ വീഴ്ച്ചയാണ്.

[10] //ഇന്ത്യയിൽ ഓക്സിജൻ ക്ഷാമമില്ല എന്ന്, ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചവരെ ക്രൂരമായി പരിഹസിച്ചു കൊണ്ട് ന്യായീകരിച്ച, രാജാവിനേക്കാൾ വലിയ രാജഭക്തൻ അറിയുന്നുണ്ടോ  ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ യു.എസ്, യു.കെ മുതൽ സൗദി അറേബ്യ വരെയുള്ള ലോക രാജ്യങ്ങളുടെ മുഴുവൻ സഹായം തേടി പരക്കം പായുന്ന കാര്യം? പത്രം വായനയെങ്കിലും വേണ്ടേ മിനിമം?//

ഓക്സിജൻ ക്ഷാമമില്ലെന്ന് തങ്ങൾ മനസ്സിലാക്കുന്നുവെന്നും ഡൽഹി കൃത്യസമയത്ത് ഓക്സിജൻ സ്വീകരിക്കാഞ്ഞതാണ് പ്രശ്നമെന്നും, എല്ലാ കാര്യങ്ങളും ഡൽഹിയുടെ വാതിൽക്കൽ എത്തിക്കാൻ കേന്ദ്രത്തിനു കഴിയില്ലെന്നും മറ്റു സംസ്ഥാനങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുന്നതിന് ഡൽഹിക്ക് യാതൊരു ന്യായീകരണവും ഇല്ലെന്നു പറഞ്ഞത് ഞാനല്ല; ഡൽഹി ഹൈക്കോടതിയാണ്. ഇന്ത്യയിൽ ഓക്സിജൻ ക്ഷാമം ഇല്ലെന്നും ട്രാൻസ്പോർട്ട് ചെയ്യാനുള്ള വാഹനങ്ങൾക്കാണ് ക്ഷാമമെന്നും ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്. ഇതാ വാർത്ത — https://timesofindia.indiatimes.com/…/arti…/82186506.cms. ടാങ്കറുകൾ സംസ്ഥാനങ്ങളാണ് എത്തിക്കേണ്ടതെന്നാണ് ചട്ടമെന്ന് താങ്കൾക്ക് അറിവുണ്ടാകില്ല. സഹായം തേടി സർക്കാർ പരക്കം പായുകയോ? അതെന്താ ചുവന്ന ബക്കറ്റും കൊണ്ടാണോ പോകുന്നത്? പരക്കം പായുന്നത് കേരളമാണ്. 2000 കോടി വീശി വാക്സിൻ വാങ്ങുമെന്ന് പറഞ്ഞിട്ട് ബക്കറ്റുവെച്ച് പണം ഇട്ടോളാൻ ഉളുപ്പില്ലാതെ ആവശ്യപ്പെട്ട സംസ്ഥാനം. രാജ്യം വിദേശത്തു നിന്നും വാങ്ങുകയാണ് പ്ലാന്റുകളും ടാങ്കറുകളും. അത് കപ്പാസിറ്റി പ്ലാനിങ് ആണെന്നും ക്ഷാമമില്ലെന്ന് ഉറപ്പുവരുത്താനും ആണ്. അത് കിട്ടിയത് നയതന്ത്ര വിജയമാണ്. ലോകത്ത് പലരാജ്യങ്ങളിലും ആവശ്യമായ വാക്സിൻ എത്തിച്ചതുകൊണ്ടാണ്. പിച്ചച്ചട്ടി കയ്യിലിരിക്കുന്നവർക്ക് വാങ്ങലിനെ കുറിച്ചു മാത്രമേ പറയാൻ കഴിയൂ. ഞങ്ങളെ പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച ഇന്ത്യയ്ക്ക് ഒരാവശ്യം ഉണ്ടായപ്പോൾ ഞങ്ങളും സഹായിക്കും എന്നാണ് അമേരിക്ക പറഞ്ഞത്. ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചവരെ ക്രൂരമായി പരിഹസിച്ചത് ആരാണ്? വാളയാർ കേസിലെ കാര്യമാണോ? അതിലെ യഥാർത്ഥ പ്രതികളെ ഊരിയെടുത്തവർ ആണോ? അതുമിതും തമ്മിലുള്ള ബന്ധം?

[11] //കേരളം മാത്രം ഓക്സിജൻ മിച്ചമായത് പിണറായിയുടെ പ്രാഗത്ഭ്യമല്ല മോദിയുടെ മിടുക്കാണെന്നും മോദിയുടെ മൂക്കിന് താഴെ ഡൽഹിയിൽ ഓക്സിജൻ കിട്ടാത്തത് കേജ്രിവാളിൻ്റെ കുഴപ്പമാണെന്നുമൊക്കെ തരാതരം മലക്കം മറയാൻ മാത്രം   നാണമുക്തനായവനെ നിരീക്ഷകനെന്നോ വിദൂഷകനെന്നോ വിളിക്കേണ്ടൂ?//

താങ്കൾ കാണിക്കുന്നതാണ് വിദൂഷകവേല. ഞാൻ ചോദിക്കുന്നതിനു സമാധാനം പറയൂ. കേരളത്തിലെ ഓക്സിജൻ മിച്ചമായത് പിണറായിയുടെ മിടുക്കാണെങ്കിൽ ഡൽഹിയിലെ ഓക്സിജൻ കുറഞ്ഞുപോയത് കെജ്‌രിവാളിന്റെ കുഴപ്പം ആയിരിക്കുമല്ലോ അല്ലേ? ഇനി അഥവാ മോദിയാണ് കാരണമെങ്കിൽ, ഡൽഹിയിലെ ഓക്സിജൻ കുറഞ്ഞതിനും കേരളത്തിലെ ഓക്സിജൻ മിച്ചമായതിനും കാരണം മോദി. ഇതിൽ ഏതാണ് തനകൾ അംഗീകരിക്കുന്നത്? ഇംഗ്ലീഷ് ചർച്ചകളിൽ പങ്കെടുക്കാൻ പോയി അവതാരകന്റെ മുന്നിൽ ബേ ബേ ബേ എന്നു കരഞ്ഞിട്ട് വീട്ടിലെത്തി ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്നവരെ നമുക്ക് നാണമുക്തർ എന്നു വിളിക്കാം.

[12] //യുപിയിൽ കേന്ദ്രം അനുവദിച്ചു എന്നു പറയുന്ന 14 ഓക്സിജൻ പ്ലാൻറിൽ ഒന്നു പോലും ആറു മാസമായിട്ടും തുടങ്ങാത്തതിൻ്റെ ഉത്തരവാദി യോഗിയോ മോദിയോ എന്ന സ്ട്രെയിറ്റ് ക്വസ്റ്റ്യന് വായിൽ കോലിട്ട് കുത്തിയാലും ചിറിയിൽ തോണ്ടിയാലും മറുപടി പറയില്ലെന്ന് ശപഥമെടുത്ത നിർഗുണനെ നിഷ്പക്ഷനെന്ന് വിളിക്കണോ?//

വീണ്ടും സ്ട്രോമാൻ വാദം! എന്റെ വായിൽ തിരുകുന്ന ഈ ആരോപണം ഞാൻ പറഞ്ഞിട്ടില്ല. താങ്കൾ പറയുന്നത് കേട്ടാൽ യുപി ഇന്ത്യയുടെ ഭാഗമല്ലെന്നും എനിക്ക് സ്ത്രീധനം കിട്ടിയതാണെന്നും തോന്നുമല്ലോ. യുപിയെ ഞാൻ ന്യായീകരിച്ചിട്ടില്ല. അവിടെ അനുവദിക്കപ്പെട്ട പ്ലാന്റുകൾ അവർ പൂർത്തിയാക്കിയില്ല. അതുപോലെ ഡൽഹിയിലും മഹാരാഷ്ട്രയിലും കേരളത്തിലും ഒന്നും പ്ലാന്റുകൾ പൂർത്തിയാക്കിയില്ല. കേരളത്തിലെ പ്ലാന്റുകളുടെ വൈദ്യുതീകരണം, പൈപ്പ്ലൈൻ നിർമ്മാണം എന്നിവ പൂർത്തിയാകാത്തത് എന്തേയെന്ന എന്റെ ചോദ്യത്തിന് താങ്കൾ മറുപടി പറഞ്ഞില്ല.

[13] //കേരളത്തിലെ ഓക്സിജൻ മിച്ചം സ്വകാര്യ മേഖലയുള്ളതുകൊണ്ടാണെന്ന മഹാ കണ്ടു പിടുത്തം നടത്തിയ ഗവേഷണ പടുമരം യുപിയിലും ഗുജറാത്തിലും മോദിയുടെ ഇന്ത്യയിലുമൊന്നും സ്വകാര്യ മേഖലയെ കണ്ടെത്തിയില്ലേ? ങേ? ഗുജറാത്തിലെ IMA ഇന്നലെ മുഖ്യമന്ത്രിയോട് പറഞ്ഞത് ഉടൻ ഓക്സിജൻ ലഭ്യമാക്കിയില്ലെങ്കിൽ 4000 രോഗികളുടെ ജീവൻ അപകടത്തിലാവുമെന്നാണ്.(The Hindu, 27.4) എന്നേക്കാളും വലിയ IMA യോ എന്നായിരിക്കും നിരീക്ഷകഭാവം.//

വീണ്ടും സ്ട്രോമാൻ വാദം! എന്റെ വായിൽ തിരുകുന്ന ഈ ആരോപണം ഞാൻ പറഞ്ഞിട്ടില്ല. താങ്കൾ ധരിച്ചിരിക്കുന്നത് അതാത് സംസ്ഥാനങ്ങളിലെ ഓക്സിജൻ ഉല്പാദനം സംസ്ഥാനങ്ങളുടെ വിഷയം ആണെന്നാണോ? അങ്ങനെയല്ല. ഒക്കെയും നിയന്ത്രിക്കുന്നത് കേന്ദ്രസർക്കാരിന്റെ ഇജി-2 ഗ്രൂപ്പും പെസോ നോഡൽ ഓഫീസർമാരുമാണ്. അതാത് സ്ഥലങ്ങളിലെ ഓക്സിജന്റെ ആവശ്യം റിപ്പോർട്ട് ചെയ്യുന്നത് ആശുപതികളിലെ ഓക്സിജന്റെ ആവശ്യം ശേഖരിച്ച ശേഷമാണ്. ഡൽഹിയിൽ ക്ഷാമം ഉണ്ടെന്ന വാർത്ത വന്നപ്പോൾ അവിടത്തെ ആവശ്യം എത്രയെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന കണക്ക് ഞാൻ കഴിഞ്ഞൊരു പോസ്റ്റിൽ താങ്കളോട് ചോദിച്ചിരുന്നു. ഇതുവരെ താങ്കൾ ഒരക്ഷരം ഉരിയാടിയിട്ടില്ല. എന്നെക്കാളും വലിയ IMA യോ എന്ന ഭാവം കാണിച്ചത് ഞാനാണോ? ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കണം എന്ന് IMA ആവശ്യപ്പെട്ടത് ചെവിക്കൊള്ളാതെ ആന്റിജൻ ടെസ്റ്റുമായി കാലം തള്ളിനീക്കിയ സംസ്ഥാനമല്ലേ? കോവിഡ് പ്രോട്ടോക്കോൾ പിന്തുടരാതിരുന്ന മുഖ്യമന്ത്രിയല്ലേ? കോവിഡ് മാനദണ്ഡം പാലിക്കാതിരിക്കുക വഴി ഒരു യുവതിയെ ആംബുലൻസിൽ ഇൻസ്റ്റിറ്റ്യൂഷണൽ റേപ്പ് നടത്താൻ അവസരമുണ്ടാക്കിയ ആരോഗ്യവകുപ്പല്ലേ?

[14] //മരിച്ചു വീഴുന്ന മനുഷ്യരുടെ ശ്വാസത്തിന് കുഴപ്പമില്ലെന്ന നിരീക്ഷണവും പ്രജാപതിയുടെ അധോവായുവിനെന്ത് സുഗന്ധം എന്ന പ്രകീർത്തനവും ഒരേ സമയം നടത്തുന്ന തൊമ്മിക്കെന്ത് മറുപടി?//

വാളയാറിലെ കുഞ്ഞുങ്ങളുടെ ശ്വാസവും, പാതിരാത്രി ഊരപ്പെട്ട പ്രതികളുടെ മറ്റേതിന്റെ സുഗന്ധവും ആണോ ഉദ്ദേശിച്ചത്? ആ വിഷയം എന്തിനാണ് ഇടക്കിടെ പറയുന്നത്?

[15] //ഗുജറാത്താണല്ലോ മനോരാജ്യത്തിലെ മാതൃക. ഇന്നത്തെ ദി ഹിന്ദു (27.04.2021)പ്രസിദ്ധീകരിച്ച കണക്കു നോക്കുക. ഞായറാഴ്ച (25.04.2021) ഗുജറാത്ത് സർക്കാരിൻ്റെ കണക്കിൽ സംസ്ഥാനത്താകെ കോവിഡ് ബാധിച്ച് മരിച്ചത് 157 പേർ മാത്രം. എന്നാൽ അഹമ്മദാബാദിലേയും സൂറത്തിലേയും മൂന്ന് കോവിഡ് ആശുപത്രികളിൽ മാത്രം അന്ന് മരിച്ചത് 226 പേർ ! സന്ദേശും ന്യൂയോർക്ക് ടൈംസുമെല്ലാം സമാനമായ കണക്കൊളിപ്പിക്കൽ നേരത്തേ തുറന്നു കാട്ടിയില്ലേ?വസ്തുതകളേയും സത്യത്തേയും ഇങ്ങനെ കുഴിച്ചുമൂടാൻ പരിശീലിച്ച ഒരു പരിവാരത്തിൽ പെട്ടവനോട് മനഃസാക്ഷിയില്ലേ, ലജ്ജയില്ലേ എന്നൊക്കെ ചോദിക്കുന്നതിൽ വല്ല അർത്ഥവുമുണ്ടോ?//

വീണ്ടും സ്ട്രോമാൻ വാദം! ഗുജറാത്ത് ആണ് മാതൃകയെന്ന് ഞാൻ പറഞ്ഞിട്ടില്ല. ധൈര്യമുണ്ടെങ്കിൽ ഞാൻ അങ്ങനെ പറഞ്ഞെന്ന് തെളിയിക്കൂ. വസ്തുതകളെയും സത്യങ്ങളെയും മൂടിവെക്കാൻ ഇവിടെയും ശ്രമങ്ങൾ നടന്നില്ലേ? തന്റെ പാർട്ടിയിൽ പെട്ടയാളിന്റെ അസുഖവിവരം സർക്കാർ റിപ്പോർട്ട് ചെയ്തില്ലെന്ന് ഷിബു ബേബിജോൺ ആരോപിച്ചില്ലേ? കേരളം കോവിഡ് മരണത്തിന്റെ പകുതിപോലും റിപ്പോർട്ട് ചെയ്യുന്നില്ല എന്നു കണ്ടെത്തിയത് സംസ്ഥാനം തന്നെ നിയോഗിച്ച വിദഗ്ധ സമിതിയല്ലേ? ഇതാ വാർത്ത — https://theprint.in/…/kerala-not-reporting…/486368/. ആദ്യം കേരളത്തെ പ്രകീർത്തിച്ച ബിബിസി തന്നെ കേരളം മരണക്കണക്കിൽ തട്ടിപ്പ് കാണിക്കുന്നെന്ന് റിപ്പോർട്ട് ചെയ്തില്ലേ? ഇതാ വാർത്ത — https://www.bbc.com/news/world-asia-india-54985981. വസ്തുതകളേയും സത്യത്തേയും ഇങ്ങനെ കുഴിച്ചുമൂടാൻ പരിശീലിച്ച ഒരു പരിവാരത്തിൽ പെട്ടവനോട് മനഃസാക്ഷിയില്ലേ, ലജ്ജയില്ലേ എന്നൊക്കെ ചോദിക്കുന്നതിൽ ഒരു അർത്ഥവുമില്ലെന്ന് എനിക്കറിയാം.

[16] //എന്തായാലും ഒരു ഗുണമുണ്ടായി. ഞാൻ പേര് പറയാതിരുന്ന അപ്രഖ്യാപിത സംഘികളിലൊരാൾ പേരു സ്വയം വെളിപ്പെടുത്തി ! സംഘി സ്വത്വം ഇതാദ്യമായി സമ്മതിച്ചു!! നാട്ടുകാർക്ക്  പകൽ വെളിച്ചത്തിൽ തന്നെ അത് തിരിച്ചറിയാനായി.//

എന്റെ കഴിഞ്ഞ പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്: “മുൻപും ചർച്ചകളിൽ താങ്കൾ എന്നെ സംഘിയെന്ന് വിളിച്ചിട്ടുള്ളതുകൊണ്ടും, താങ്കൾ പോസ്റ്റിൽ സൂചിപ്പിച്ച പല കാര്യങ്ങളും താങ്കളോടു പറഞ്ഞത് ഞാൻ ആണെന്നതുകൊണ്ടും, താങ്കൾ ഉദ്ദേശിച്ച ഒരാൾ ഞാനാണെന്ന് മനസ്സിലായി.” അല്ലാതെ സ്വയം വെളിപ്പെടുത്തിയതോ സമ്മതിച്ചതോ അല്ല. താങ്കൾ ഉദ്ദേശിച്ചത് ആരെയാണെന്നും താങ്കളുടെ പോസ്റ്റിൽ പറഞ്ഞത് ഞാൻ പറഞ്ഞ കാര്യങ്ങൾ ആണെന്നും  മനസ്സിലാകാതിരിക്കാൻ എന്റെ പേര് എം ബി രാജേഷ് എന്നോ പോത്തേഷ് എന്നോ മഹിഷേഷ് എന്നോ അല്ലല്ലോ.

[17] //സംഘിയാണ്. വിവരക്കേടും അഹന്തയുമാണ് അലങ്കാരം.ഗൂഗിൾ മാത്രമാണശ്രയം. അതു വെച്ചുള്ള ലാട വൈദ്യം മാത്രമേ കയ്യിലിരുപ്പായിട്ടുള്ളൂ. അധികമായി ദുഷിച്ചു നീണ്ട ഒരു നാവും ചെളി തെറിപ്പിക്കാനുള്ള ജൈവിക ചോദനയുമുണ്ട്. എന്നാലോ നാട്യ പ്രമാണിയാണ്. WHO മുതൽ മുൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി വരെയുള്ളവരുടെ കണക്കുകളും വിമർശനങ്ങളുമല്ല താൻ പറയുന്നതാണ് ശരി എന്നൊക്കെയാണ് ഭാവം.//

സംഘിയല്ലാത്തതു കൊണ്ടാണ് അല്ലെന്ന് പറയുന്നത്. അല്ലാതെ അതൊരു മോശം കാര്യം ആയതുകൊണ്ടല്ല. താങ്കളെ ഒരാൾ ലോക്സഭാംഗമേ എന്നു വിളിച്ചാൽ താങ്കൾ അയാളെ തിരുത്തും. താങ്കൾ ലോക്സഭാംഗം അല്ലെന്ന് പറയും. അത് താങ്കൾ തോറ്റതുകൊണ്ട് അല്ലേ? അല്ലാതെ ലോക്സഭാംഗം എന്ന വിളി മോശമായതു കൊണ്ടല്ലല്ലോ. വിവരക്കേട് ഇതല്ല രാജേഷ്. ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്നതാണ് വിവരക്കേട്. ഞാൻ ചോദിച്ച ഒരു ചോദ്യത്തിനും ഉത്തരം നൽകാതെ താങ്കൾ ഒഴിഞ്ഞുമാറി. എന്നാൽ താങ്കൾ ചോദിച്ച എല്ലാ കാര്യങ്ങൾക്കും ഞാൻ മറുപടി നൽകി. സ്വന്തം നേതാവിന്റെ വികലമായ സാമ്പത്തികാസൂത്രണത്തെ ചോദ്യം ചെയ്യാത്ത, നേതാവിന്റെ കോവിഡ് മാനദണ്ഡലംഘനത്തെ ചോദ്യം ചെയ്യാത്ത അടിമകൾക്ക് ചോദ്യം ചോദിക്കുന്നവരോട് വിരോധമുണ്ടാകുന്നത് സ്വാഭാവികം. പുരോഗമന പ്രസ്ഥാനത്തിലെ അംഗമെന്ന് സ്വയം വിശേഷിപ്പിക്കുന്ന താങ്കൾ എന്നെ എന്തെല്ലാമാണ് പറഞ്ഞത്. ബോഡി ഷെയിമിങ് ഉൾപ്പടെ നടത്തി. WHO മുതൽ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കണക്കുകളാണ് ഞാൻ പറഞ്ഞത്. ഒക്കെയും ഗൂഗിളിൽ നിന്നാണ് എടുത്തതും. ലോകത്തിലെ അറിവിന്റെ ഏറ്റവും വലിയ വാതായനമാണ് ഗൂഗിൾ. നാട്ടുകാർ ഗൂഗിൾ ഉപയോഗിച്ചാൽ സ്വന്തം ബുദ്ധിജീവി മൂടുപടം തകർന്ന് തരിപ്പണമാകുമെന്ന് ബോധ്യമുള്ളവർക്ക് ഗൂഗിളൊക്കെ അലർജിയാവും. വിവരം സമ്പാദിക്കാത്ത പൊട്ടക്കിണറ്റിലെ മാക്രികളോടാവും അവർക്ക് താല്പര്യം. മിനി കൂപ്പർ ആഡംബര വാഹനം അല്ലെന്നൊക്കെ അവർ പറയും. എന്തായാലും പാലക്കാട്ടുകാർക്ക് ബോധമുണ്ടെന്ന് അവർ തെളിയിച്ചതാണല്ലോ.

[18] //ഭജന സംഘത്തിൻ്റെ വാഴ്ത്തു പാട്ടിലും പിന്നെ സ്വയം അഭിനന്ദിക്കുന്നതിലുമാണ് ആത്മഹർഷം.//

ഭജനസംഘം ഉണ്ടാവുകയും ആരെയെങ്കിലും വാഴ്ത്തുകയും ചെയ്താൽ അസൂയപ്പെട്ടിട്ട് കാര്യമില്ല. ജനം അങ്ങനെയാണ്. ആളിനു ഗുണമുണ്ടെന്ന് തോന്നിയാൽ കൂടെനിൽക്കും. അല്ലെങ്കിൽ നിഷ്കരുണം തഴയും. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ അനുഭവിച്ചതല്ലേ? ഒരെമ്പി തോറ്റെമ്പിയാകാൻ ജനം വിചാരിച്ചാൽ മതി. സ്വയം അഭിനന്ദിക്കുന്നവർ സ്വന്തമായി പൊട്ടുന്ന തിരഞ്ഞെടുപ്പിൽ ജയഭേരി മുഴക്കും, ബാഹാ കുലുക്കി നാട് പിടിച്ചടക്കുന്ന പാട്ടുകൾ ഉണ്ടാക്കും. വലിയവായിൽ മോങ്ങും.

[19] //മാനായും മാരീചനായും (രാക്ഷസൻ ) പ്രത്യക്ഷപ്പെട്ട് കബളിപ്പിക്കുന്നവനെന്ന് കളിയാക്കിയാൽ അതുമെൻ്റെ കഴിവാണെന്ന് ഊറ്റം കൊള്ളുന്നവനാണ്. മുറി മൂക്കൻ രാജാവെന്ന് പരിഹസിച്ചാൽ അവിടേയും രാജാവാണല്ലോ എന്ന് അഭിമാനിച്ചു കളയും. എവിടെ മുളച്ച ആലാണെങ്കിലും അതിൽ ഊഞ്ഞാലുകെട്ടിയാടുന്നവനാണ്.//

മാനായും മാരീചനായും വരാൻ സിദ്ധർക്കേ കഴിയൂ. കണ്ട പോത്തുകൾക്ക് കഴിയില്ല. മാരീചൻ തികഞ്ഞ വിഷ്ണുഭക്തനായിരുന്നു. അതായിരുന്നു അയാളുടെ സിദ്ധിയുടെ കാരണം. അയാൾ വധിക്കപ്പെട്ടതു പോലും രാമബാണമേറ്റാണ്. അല്ലാതെ പാലക്കാടൻ പോത്ത് കുത്തിയല്ല. മാരീചനെ കൊല്ലാൻ പാലക്കാടൻ പോത്തിന് എത്ര മുക്രയിട്ടാലും കഴിയില്ലെന്ന് മനസ്സിലാക്കുക. മൂറിമൂക്കൻ രാജാവാകുന്നത് മൂക്കില്ലാത്തവരുടെ കൂട്ടത്തിലാണ്. അത് കുറവല്ല. റോഡ് സൈഡിലെ ടാപ്പിന്റെ മുകളിൽ വിരൽ കറക്കി ഉഡായിപ്പ് കാണിച്ച ഒരു വടുവൻ ഉണ്ട്. അവനെ നമുക്ക് ടാപ്പേഷ് എന്നുവിളിക്കാം. ടാപ്പേഷിനെ കണ്ടപ്പോൾ, ലവിടെ മുളച്ച ആലിൽ ഊഞ്ഞാൽ കെട്ടുക മാത്രമല്ല, ആൽത്തറയും കെട്ടി ഓട്ടൻതുള്ളൽ കളിക്കുന്നവനാണെന്നാണ് മനസ്സിലായത്.

[20] //ശ്രദ്ധ പിടിച്ചുപറ്റാൻ അടങ്ങാത്ത അഭിവാഞ്ഛയാണ്.  പബ്ലിസിറ്റി  നെഗറ്റീവായാലും സന്തോഷമേയുള്ളു. അതിനുള്ള വാനരക്രിയകളിലാണ് താൽപര്യമെപ്പോഴും.//

സത്യം! ചിലർ അങ്ങനെയാണ്. ഞാൻ സൂചിപ്പിച്ച വിവരം കെട്ടവന്റെ ടാപ്പേഷിന്റെ ഷോ അങ്ങനെ ആയിരുന്നല്ലോ. വെറും പാർട്ടി അംഗമായി ചുരുങ്ങി പോകുന്ന ചിലർക്ക് ഉണ്ടാകുന്ന അരക്ഷിതാവസ്ഥയാണ് അതിനു കാരണം. പബ്ലിസിറ്റി നെഗറ്റീവായാലും സന്തോഷമുള്ള ചിലരുണ്ടെന്നതും സത്യം. അതിനുള്ള വാനരക്രിയകളിൽ ഒന്നാണ് ഭാര്യയെ പിൻവാതിൽ വഴി കുത്തിക്കയറ്റുന്നത്. അത്തരക്കാരെ കുറ്റം പറയാൻ കഴിയില്ല. സ്വന്തം ജില്ലയിൽ മൂന്നാമൻ പോലുമല്ല. പെൻഷൻ മാത്രമാണ് വരുമാനം. ഗൂഗിൾ വന്നതോടെ ആളെ പറ്റിച്ച് ജീവിക്കാൻ വയ്യാതെയായി. രാത്രി മിനുങ്ങാൻ ഇത്തിരി ദമ്പിടി വേണം. ഭരിക്കുന്നവർക്ക് നക്കിക്കൊടുക്കും. ഗുണം ഭാര്യക്ക് ജോലിരൂപത്തിൽ കിട്ടും. എന്താ ചെയ്ക. തനി പോത്തുജീവിതം. അത്തരക്കാരോട് എനിക്കും സഹതാപമാണ് രാജേഷ്.

[21] //അല്ലാതെ അർത്ഥപൂർണ്ണമായ സംവാദങ്ങൾക്കൊന്നും ഉതകുന്ന അറിവിൻ്റെയോ മര്യാദയുടേയോ സഹിഷ്ണുതയുടേയോ സംസ്കാരത്തിൻ്റെയോ ഭാഷയുടേയോ മൂലധനമൊന്നുമില്ലാത്ത വെറും വാചാടോപക്കാരൻ. അത്തരക്കാർക്ക് പറ്റിയ ഭാഷയും ശൈലിയും തൽക്കാലം സ്വീകരിക്കേണ്ടി വന്നു.//

അർത്ഥപൂർണ്ണമായ സംവാദങ്ങൾക്ക് ഉതകുന്നവരെ ചാനലുകാർ വിളിക്കാറുണ്ട്. ചില ടാപ്പേഷുമാർക്ക് അവരോടൊപ്പം പങ്കെടുക്കാൻ ആവില്ല. കാരണം ടാപ്പ് ഊരി ഓക്സിജൻ മൊത്തം അവർ പുറത്തുവിടും. അതുകൊണ്ട് അവരെ ബഹിഷ്കരിക്കും. ലവൻ ഉണ്ടെങ്കിൽ ഞാൻ വരില്ലെന്ന് പറയും. ലവൻ ഇല്ലെന്ന് ഉറപ്പുവരുമ്പോൾ പുതിയ ഫാബ് ഇന്ത്യ ഷർട്ടിന്റെയും കുർത്തയുടെയും ഫോട്ടം മാധ്യമച്ചേച്ചിമാർക്ക് അയച്ചുകൊടുക്കും. അവർ ഓക്കെ പറഞ്ഞാൽ അത് ഇട്ടോണ്ടുവന്നിരിക്കും.

[22] //വിവേകമതികൾ ഇത്തവണത്തേക്ക് കൂടി ക്ഷമിക്കുമല്ലോ. ചെളിയിൽ പുളക്കാൻ ഇഷ്ടപ്പെടുന്നവരുമായുള്ള മൽപ്പിടുത്തം നിർത്തി. മനുഷ്യർ ഈയാംപാറ്റകളെപ്പോലെ മരിച്ചു വീഴുന്ന ഒരു മഹാദുരന്തത്തിൻ്റെ കാലത്ത് പറയാനും ചെയ്യാനും വേറെ ഒരു പാട് കാര്യങ്ങളുണ്ടല്ലോ.//

വിവേകമതികളായ പാലക്കാട്ടുകാർ രണ്ടുതവണ ക്ഷമിച്ചതാണ്. ചെളിയിൽ പുളക്കാൻ ഇഷ്ടപ്പെടുന്ന ജീവികളോടുള്ള മൽപ്പിടുത്തം എനിക്കിഷ്ടമാണ്. ഈയാംപാറ്റകളെപ്പോലെ മനുഷ്യർ മരിച്ചു വീഴുന്ന മഹാദുരന്തകാലത്തും ഒരല്പം ജല്ലിക്കെട്ടിന്റെ ആവേശം ജനങ്ങൾക്ക് സമ്മാനിച്ച അങ്ങേയ്ക്ക് നന്ദി. ഇത്തിരി പൊറോട്ടയും ബീഫ് ഫ്രൈയും കഴിച്ച് വഴുക്കലില്ലാതെ വാഴ്ക.

നൻട്രി

പണിക്കർ

ഡിജിറ്റലൊപ്പ്