എന്നാലുമെന്റെ മോദീജീ, ബല്ലാത്ത ചെയ്ത്തായിപ്പോയി പഹയാ: വാക്‌സിൻ ചലഞ്ചിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

 

രാജ്യത്തെ കോവിഡ് വാക്സിന്‍ നയം പരിഷ്‌കരിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി നടന്ന വാക്സിൻ ചലഞ്ചിനെ പരിഹസിച്ച് ശ്രീജിത്ത് വാര്യർ. തന്റെ ഫേയ്സ്ബുക്ക് പേജിലൂടെയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പരിഹാസവുമായി എത്തിയത്.

പതിനെട്ട് വയസിന് മുകളിലുള്ളവർക്കും സംസ്ഥാനങ്ങൾക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് ഇന്ന് വൈകിട്ട് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോവിഡ് വാക്സിനുവേണ്ടി പണം സമാഹരിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള വാക്സിൻ ചലഞ്ചിനെ പരിഹസിക്കുന്ന തരത്തിൽ ശ്രീജിത്ത് രംഗത്തെത്തിയത്.

തന്റെ ഉപജീവനമാർഗമായിരുന്ന ആടുകളെ വിറ്റുകൊണ്ട് വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 61കാരിയായ കൊല്ലം സ്വദേശിനി സുബൈദ ഉമ്മ പണം നൽകിയ കാര്യം വാർത്തയായിരുന്നു. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ക്ഷണം സ്വീകരിച്ച്‌ സുബൈദ ഉമ്മ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

സുബൈദ ഉമ്മ ആടിനെ വിറ്റ് പണം നൽകിയ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശ്രീജിത്തിന്റെ പരിഹാസം. ഒരു ആടിന്റെ ചിത്രവും ‘ആട് ഒരു ഭീകരജീവിയാണ്’ എന്നുള്ള വാചകവും ഉൾപ്പെട്ട കാർഡാണ് കുറിപ്പിനോടൊപ്പം ശ്രീജിത്ത് തന്റെ ഫേയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

വാക്‌സിൻ സൗജന്യമായി ലഭ്യമാക്കാൻ വേണ്ടി ഉള്ളതൊക്കെ വിറ്റ് സംസ്ഥാന സർക്കാരിനു പണം കൊടുത്ത പാവങ്ങൾക്ക് ആ പണം തിരിച്ചുകൊടുക്കാനുള്ള നല്ല മനസ്സ് സർക്കാർ കാണിക്കണമെന്നും ശ്രീജിത് പണിക്കർ തന്റെ പോസ്റ്റിൽ പറയുന്നു.

സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകണമെന്നത് കേരളം ഏറെ നാളായി ഉന്നയിച്ചു വരുന്ന ആവശ്യമാണെന്നും ജൂൺ 21 മുതൽ സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉചിതമായ തീരുമാനത്തിന് ഹൃദയപൂർവം നന്ദി പറയുന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ മറ്റൊരു പരിഹാസ പോസ്റ്റും ശ്രീജിത്ത് പണിക്കർ ഫേയ്സ്ബുക്കിൽ പങ്കുവച്ചു. ജാലിയൻ കണാരൻ എന്ന ഏറെ പ്രശസ്തമായ ടെലിവിഷൻ സ്കിറ്റ് കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു രണ്ടാമത്തെ പരിഹാസം. “മര്യാദയ്ക്ക് ഓസിന് വാക്സിൻ താടോ താടീ എന്നും പറഞ്ഞ് ഞാൻ ഒരൊറ്റ കത്ത് അങ്ങെഴുതി…” എന്നും പോസ്റ്റിൽ കുറിച്ചിരുന്നു.