സോന ഇനി ആബിദ്, 'ഉസ്താദുമാരുടെ' ആശീര്‍വാദത്തോടെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് ഒരുങ്ങി ഇസ്ലാമിയ കോളജ് വിദ്യാര്‍ത്ഥിനി

ലിംഗമാറ്റ ശസ്ത്രക്രിയക്ക് ഒരുങ്ങുകയാണ് മലപ്പുറം സ്വദേശിയായ ആബിദ് അമീന്‍ (സോന) എന്ന “പെണ്‍കുട്ടി”. താന്‍ പഠിക്കുന്ന ഇസ്ലാമിയ കോളജിന്റെ പിന്തുണയോടെയാണ് അബിദ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് തയ്യാറാകുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ അബിദ് താന്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയാകുകയാണെന്ന് അറിയിച്ചത്.

ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുളള ശാന്തപുരം അല്‍ജാമി അല്‍ ഇസ്ലാമിയ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആബിദ്. ഏറെ നാളായി താന്‍ അനുഭവിച്ച മാനസിക സങ്കര്‍ഷങ്ങള്‍ കോളജിലെ അധ്യാപകരോട് തുറന്നെഴുതിയെന്നും അവര്‍ നല്‍കിയ ഇസ്ലാമിക വിധിയുടെ അടിസ്ഥാനത്തിലാണ് താന്‍ പൂര്‍ണ സംതൃപ്തിയോടെ ലിംഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയയാകുന്നതെന്നും ആബിദ് പറയുന്നു.

“മനസ്സുള്ള ഇടത്തേക്ക് ശരീരത്തെ എത്തിക്കാന്‍ ഇന്നത്തെ മെഡിക്കല്‍ ഫെസിലിറ്റീസ് ഉപയോഗിച്ച ചെയ്യാന്‍ കഴിയുന്ന ട്രീറ്റ്‌മെന്റുകള്‍ സ്വീകരിക്കുക” എന്നുള്ളതായിരുന്നു ശാന്തപുരത്തെ അധ്യാപകര്‍ ആബിദിന് നല്‍കിയ ഇസ്ലാമിക വിധി. ഇതോടെ ശസ്ത്രക്രിയക്കായുളള മുന്നൊരുക്കത്തിലാണ് ആബിദിപ്പോള്‍. വീട്ടുകാരുടേയും അടുത്ത സുഹൃത്തുക്കളുടെ പിന്തുണയോടേയുമാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് ഒരുങ്ങുന്നതെന്നും ആബിദ് കൂട്ടിചേര്‍ത്തു.

ആബിദ് അമീന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

എല്ലാ ഊഹങ്ങൾക്കും, മുൻവിധികൾക്കും, കുറ്റപ്പെടുത്തലുകൾക്കും ഒരു അന്ത്യം ഉണ്ടാകട്ടെ എന്നാഗ്രഹിച്ചുകൊണ്ടാണ് ഞാൻ ഈ എഴുത്ത് എഴുതുന്നത്.
പലർക്കും സംശയം തോന്നിയിട്ടുണ്ടാവണം ഞാൻ ആരാണ് എന്ന് .അത് കൊണ്ട് തന്നെ എന്നെ അടുത്തറിയുന്നവരോട് പലരും എന്നെ കുറിച്ച് ചോദിച്ചിട്ടുമുണ്ട്.
അധികം നീട്ടി വലിക്കുന്നില്ല. ഞാൻ എന്നെ കുറിച്ച് പറയാം.
എല്ലാവരുടെയും പോലെ വളരെ സുന്ദരമായൊരു ബാല്യമായിരുന്നു എന്റേതും.നാല് ഇത്തമാരുടെ കുഞ്ഞനിയത്തി “സോന”.
ചെറുപ്പം മുതൽ കളിച്ചതും, കളിക്കാനാശിച്ചതും, ഏറെയൊക്കെ കളിച്ചതുമെല്ലാം ആൺകുട്ടികളുടെ കൂടെയാണ്. എപ്പോഴും ഞാൻ ഇട്ടിരുന്നത് ഒരു ആണാണെന്ന് തോന്നിക്കുന്ന വിധത്തിലുള്ള വസ്ത്രങ്ങളായിരുന്നു.(ആണിന്റേതാണ് പാന്റും t-ഷർട്ടും എന്ന അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല).പിന്നീട് തുടർന്ന് പോന്നതും അതുതന്നെ.അന്ന് പഠിക്കുന്ന കാലത്ത് സ്കൂളിലേക്ക് പോവാൻ പേരിന് ആ യൂണിഫോം ഒന്ന് എടുത്ത് ഇടും. വീട്ടിലെത്തിയാൽ പിന്നെ ടി -ഷർട്ടും പാന്റും സൈക്കിളും ഒക്കെയായി എന്റെ ഒരു ലോകത്ത്.അന്നൊന്നും ഞാൻ ഒരു പെണ്ണാണ് എന്ന് ഓർത്തിട്ടു പോലുമില്ല. ശരീരം ഓർമ്മിപ്പിക്കാൻ തക്കം ആയിട്ടുമില്ല.
ഞാനൊരു പെണ്ണാണ് എന്ന് എന്റെ ശരീരം അറിയിക്കുന്നത് വരെ എനിക്ക് യാതൊരു വിധത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
എന്നാൽ “ആർത്തവം” അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് ഉണ്ടാക്കിയത്.അതെന്നെ വല്ലാതെ തളർത്തിക്കളഞ്ഞു.
ഞാനൊരു പെണ്ണാണെന്ന് ശരീരം എന്റെ മേൽ അടിച്ചേൽപ്പിച്ച പോലെ. എനിക്കാണേൽ അതുൾക്കൊള്ളാൻ പറ്റാത്തതായിരുന്നു.
ഞാൻ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാണെന്നും എന്നിൽ എന്തൊക്കെയോ വ്യത്യസ്തകൾ ഉണ്ടെന്നും ഞാൻ മനസ്സിലാക്കിയിരുന്നു. ശരീരത്തിലെ സ്ത്രൈണത കൂടി വരും തോറും എനിക്കെന്നോടുള്ള വെറുപ്പും കൂടി വന്നു.ശരീരവും മനസ്സും തമ്മിലുള്ള സംഘട്ടനം എന്നെ ഡിപ്രഷനിലേക്ക് നയിച്ചു. ഒരുപാട് ഡോക്ടർമാരെ കണ്ടു. ഒരുപാട് മരുന്നുകൾ കുടിച്ചു. ഏകദേശം 9 ആം ക്ലാസ്സ്‌ മുതൽ ഞാൻ sever clinical depression ന് മരുന്ന് കുടിക്കുന്നുണ്ട്.
സത്യം പറഞ്ഞാൽ
അക്കാലത്തൊന്നും ഞാൻ എന്നെ കണ്ടത്തിയിരുന്നില്ല. ഞാൻ ആരാണെന്ന് എന്നോട് തന്നെ നിരന്തരം ചോദ്യം ചെയ്യുമായായിരുന്നു.എന്നാൽ മൂന്ന് വർഷങ്ങൾക്കിപ്പുറമാണ് ഞാൻ എന്നെ കണ്ടെത്തിയത്.
ശരീരത്താൽ പെണ്ണും മനസ്സാൽ ആണുമാണെന്ന യാഥാർഥ്യം ഞാൻ തിരിച്ചറിഞ്ഞു.
എന്റെ പ്രശനം മറ്റുള്ളവരോട് പറയാൻ എനിക്ക് പേടിയായിരുന്നു.എന്ത് കൊണ്ടെന്നാൽ പണ്ട് നീ അങ്ങനെ നടന്നത് കൊണ്ടാണ് അല്ലേൽ അങ്ങനെ ചെയ്തത് കൊണ്ടാണ് ഇന്ന് നിനക്ക് ഈ സ്ത്രീത്വം സ്വീകരിക്കാൻ കഴിയാത്തത് എന്ന് പറഞ് എന്നിലെ വ്യത്യസ്തതയെ തള്ളിക്കളയുമോ എന്ന പേടി എനിക്കുണ്ടായിരുന്നു. എന്നാൽ ഞാൻ പണ്ടേ ആൺകുട്ടിയായിരുന്നത് കൊണ്ടാണ് അങ്ങനെ ആയിരുന്നത്.
ഞാൻ ഒരു പെണ്ണാണ് എന്ന് ഒരുപാട് പറഞ് നോക്കി, പെണ്ണ് എന്നതിലേക്ക് ഒതുക്കാൻ ഒരുപാട് ശ്രമിക്കുകയും ചെയ്തു. എന്നാൽ പരാജയമായിരുന്നു ഫലം .
ഒരു ലോങ്ങ്‌ ടോപ്പോ ചുരിദാറൊ ഇടുമ്പോൾ എന്റെ മനസ്സ് പറയും ഇതല്ല നീ ധരിക്കേണ്ടത് ഇങ്ങനെ അല്ല നീ നടക്കേണ്ടത്. ഈ വിധ ചിന്തകൾ എന്നിൽ ഒരുപാട് സംഘർഷങ്ങൾ സൃഷ്ടിച്ചു.എങ്കിലും കണ്ട ഭാവം നടിച്ചില്ല.
“പെണ്ണാണ്.. പെണ്ണാണ്… പെണ്ണാണ്” മനസ്സിനെ ബോദ്ധ്യപ്പെടുത്തി.
ഒമ്പതിലും പത്തിലും ഒക്കെ പഠിക്കുമ്പോഴെല്ലാം വല്ലാത്ത ഒരു ഒറ്റപ്പെടലായിരുന്നു.
അതെല്ലാം തരണം ചെയ്ത് പിന്നീടുള്ള പഠനത്തിനായ് ശാന്തപുരം അൽ ജാമിഅയിൽ ചേർന്നു. സത്യം പറഞ്ഞാൽ അവിടെ നിന്നാണ് ഞാൻ എന്നെ കണ്ടെത്തിയത്. ആദ്യമൊക്കെ അവരെ പോലെ തന്നെ വസ്ത്രം ധരിക്കുമായിരുന്നെങ്കിലും പിന്നീടെനിക്കത് തീരെ താങ്ങാൻ പറ്റാണ്ടായി. മുടിയുടെ നീളം പൂർണ്ണമായും മുറിച്ചു കളഞ്ഞു. എനിക്കിഷ്ടപ്പെട്ട വസ്ത്രം മാത്രം ഹോസ്റ്റലിൽ ധരിച്ചു. പണ്ടത്തെ പോലെ അവിടെ നിന്നും ഓർത്തെടുക്കാനാവുന്നതും ആവാത്തതുമായ ഒരുപാട് കളിയാക്കലുകൾ നേരിട്ടു ഒരുപാട് തിരുത്തിത്തരലുകൾ
“സോനാ ഇയ് ആണ്കുട്ടിയായി ജനിക്കേണ്ടതായ്നു”
“പിന്നിൽ നിന്നൊക്കെ നോക്കിയാൽ ഒരു ആണെന്നെ” “ദേ നോക്കിക്കേ നമ്മുടെ ആൺകുട്ടി” “ഗേൾസ് ഹോസ്റ്റലിൽ ഏതാ ഒരു ആണ്കുട്ടി” അങ്ങനെയങ്ങനെ.
ഞാൻ ഏറ്റവും കൂടുതൽ തളർന്നത് ജാമിഅ യിലെ ആൺകുട്ടികളെ കാണുമ്പോഴായിരുന്നു. ഓരോ തവണ ആൺകുട്ടികളുടെ കൂട്ടത്തെ ജാമിഅയുടെ വഴികളിൽ കാണുമ്പോൾ അതിലൊരാളായെങ്കിൽ എന്ന് തോന്നുമായിരുന്നു. അവരെ പോലെ വസ്ത്രം ഇടാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നും അവരുടെ ക്ലാസ്സിൽ ഇരുന്നെങ്കിൽ എന്നും അങ്ങനെ അങ്ങനെ
പ്ലസ്ടു സമയത്താണ് ബാംഗ്ലൂരിലെ നിമ്ഹാനസിൽ പോയത്. അവിടെ പല ഡോക്ടർമാരുമായി തുറന്ന് സംസാരിച്ചു. അങ്ങനെ ഉറപ്പായി എനിക്ക് “gender dysphoria”ആണ് എന്ന്. അതെ എന്റെ ഉള്ളിൽ ഒരു ആണ് തന്നെയാണ്.
എല്ലാവരുടെയും പോലെ ഞാനും കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു ട്രാന്സ്ജെന്ഡേഴ്സിനെ കുറിച്ച്.പിന്നെ മനസ്സിലായി അതിൽ ഉൾപ്പെടാൻ പോവുന്നെന്ന്. ഉൾകൊള്ളാൻ പ്രയാസമുണ്ടായിരുന്നു.പിന്നീട് ഞാൻ എന്നോട് തന്നെ ചോദിക്കാൻ തുടങ്ങി “ഞാൻ എന്തിന് യാഥാർഥ്യത്തെ മറച്ചുവെക്കണം”എന്നിലെ വ്യത്യസ്തത അതാണെന്ന് മനസ്സിലായി.
എന്നാൽ ഇതിന്റെ ഇസ്ലാമിക വിധി ആലോചിച്ചു ഞാൻ വീണ്ടും തളർന്നു. അടുത്തറിയുന്ന ഉസ്താദ്മാരോടും ദീനിൽ അവഗാഹമുള്ളവരോടുമെല്ലാം വിഷയത്തെ കുറിച്ച് ചോദിച്ചു. ഇതെല്ലാം ചിന്തയുടെയും തോന്നലുകളുടെയും പ്രശ്നമാണ് എന്ന് പറഞ് കൃത്യമായ മറുപടി തരാതെ എന്നെ മടക്കിയയച്ചു . ഞാൻ എന്നാലാവുന്ന വിധം അന്വേഷിച്ചു.
ഒടുവിൽ ജാമിഅയിലെ ഉസ്താദുമാർ തന്നെ വിഷയത്തെ കുറിച്ച് സംസാരിക്കുന്നുണ്ടെന്നും സംശയങ്ങൾ ഉന്നയിക്കാമെന്നുമുള്ള ഒരു വാർത്ത കേട്ടു. ഒന്നുമാലോചിച്ചില്ല
അവർക്ക് മനസ്സ് തുറന്നൊരു എഴുത് എഴുതി.
വിഷയത്തിന്റെ ഇസ്ലാമിക വിധി ലഭിച്ചു. “മനസ്സുള്ള ഇടത്തേക്ക് ശരീരത്തെ എത്തിക്കാൻ ഇന്നത്തെ മെഡിക്കൽ ഫെസിലിറ്റീസ് ഉപയോഗിച്ച ചെയ്യാൻ കഴിയുന്ന ട്രീറ്റ്മെന്റുകൾ സ്വീകരിക്കുക” എന്നുള്ളതായിരുന്നു മറുപടി.
നാഥന് സർവ്വ സ്തുതിയും.
അങ്ങനെ നീണ്ടകാലത്തെ അന്വേഷണങ്ങൾക്കും പ്രയാസങ്ങൾക്കും അന്ത്യമുണ്ട് എന്ന് മനസ്സിലാക്കി ഇപ്പോൾ വീട്ടുകാരുടെയും വളരെ അടുത്ത ആളുകളുടെയും സപ്പോർട്ടോട് കൂടി നാഥനിൽ തവക്കുൽ ചെയ്ത് മുന്നോട്ട് പോവുന്നു.
സർജറിക്ക് മുൻപുള്ള മുന്നൊരുക്കങ്ങൾ നടത്താൻ ഇടക്ക് ഡോക്ടറെ കാണുന്നുണ്ട്. എല്ലാം ഖൈറാവും. ഇൻ ഷാ അല്ലാഹ്?
അപ്പോൾ ഇതാണ് എന്നിലെ നിഗൂഢത.
പലരും അറിയാൻ ശ്രമിച്ച, പലരും ഒതുക്കാൻ ശ്രമിച്ച എന്നിലെ ഞാൻ